കോഴിക്കോട്: അധികാരം ലഭിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവില്‍ സകല ശക്തിയും സംഭരിച്ചാണ് യു.ഡി.എഫ്. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പിണറായി വിജയന്‍ തൊടുത്തുവിട്ട  അസ്ത്രങ്ങള്‍ക്ക് മുന്നില്‍ ഒന്നു പൊരുതാന്‍പോലുമാവാതെ മുട്ടുകുത്തി വീണിരിക്കുകയാണ് യു.ഡി.എഫ്. 2016-ലേതിനേക്കാള്‍ ദയനീയ തോല്‍വി. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത കോണ്‍ഗ്രസിന്റേയും യു.ഡി.എഫ്. മുന്നണിയുടെ തന്നെയും ഭാവി തന്നെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫിന്റെ മുന്നേറ്റം.

താത്കാലികമായി അടക്കിപിടിച്ച പരിഭവങ്ങളും പരാതികളും ഇനി വലിയൊരു പൊട്ടിത്തെറിയിലേക്ക് വഴിമാറുമെന്നുറപ്പാണ്. നേതൃത്വത്തെ ഒന്നടങ്കം ചോദ്യം ചെയ്യപ്പടും. മറ്റുപാര്‍ട്ടികളിലേക്കുള്ള അണികളുടെ ഒഴുക്ക് തടയാന്‍ നേതൃത്വം പാടുപെടും. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് ദയനീയ പരാജമാണ് നേരിടേണ്ടി വന്നത്. 2016-ലേതിന് സമാനമായി മുന്നണി തകര്‍ന്നടിഞ്ഞപ്പോഴും മുസ്ലിംലീഗിന് തങ്ങളുടെ കോട്ടകള്‍ വലിയ പോറലേല്‍ക്കാതെ സംരക്ഷിക്കാനായി. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി തന്ന ശബരിമല വിഷയും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ഇത്തവണയും യു.ഡി.എഫിന്റെ മുഖ്യപ്രചരാണയുധമായിരുന്നു. രണ്ടും കേരള ജനത തള്ളുന്ന കാഴ്ചയാണ് കണ്ടത്. 

തിരഞ്ഞെടുപ്പ് ദിവസത്തില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുന്നതില്‍ യു.ഡി.എഫ്. വിജയിച്ചെങ്കിലും ജനത്തിന് വോട്ട് ചെയ്യാന്‍ അതൊരു വിഷയമല്ലാതായി മാറിയെന്നതാണ് ശ്രദ്ധേയം. 2016-ല്‍ യുഡിഎഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സോളാര്‍ ആരോപണത്തിന് സമാനമായി യുഡിഎഫിന് കിട്ടിയ ആയുധമായിരുന്നു സ്വര്‍ണക്കടത്ത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഈ ആരോപണത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ട് പോലും യുഡിഎഫിന് അത് വോട്ടാക്കാന്‍ പറ്റിയില്ല. 

സര്‍ക്കാരിനെതിരായ കാമ്പുള്ള നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊണ്ടുവരാനായെങ്കിലും അത് ഏറ്റെടുക്കുന്നതില്‍ യുഡിഎഫും അവതരിപ്പിക്കുന്നതില്‍ ചെന്നിത്തല തന്നേയും പരാജയപ്പെട്ടു. സര്‍ക്കാരിനെതിരെ ജനകീയ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശേഷികുറവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 

ജനങ്ങളോടൊപ്പമുണ്ടെന്ന് തോന്നിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് കെ.സുധാകരന്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞത് അക്ഷാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായി. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ അത് ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടാക്കുന്ന ഊര്‍ജം ചെറുതാകുമായിരുന്നില്ല. രാഹുലും പ്രിയങ്കയുമടക്കം ഒരുങ്ങിയിറങ്ങിയിട്ടും കേരളം നേടാനായില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ നേരേയും ചോദ്യങ്ങളുയര്‍ത്തും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതിന്റെ നേട്ടം മനസ്സിലാക്കി രാഹുലിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിക്കാന്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. കേരളത്തില്‍ തമ്പടിച്ച് ഒട്ടുമിക്ക മണ്ഡലങ്ങളിലും രാഹുല്‍ എത്തി. എന്നാല്‍ അതൊന്നും ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ജനകീയത കുറയ്ക്കാന്‍ തെല്ലുമായില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് മാറിയ ക്രിസ്ത്യന്‍ വോട്ടുകളെ തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അരമനകള്‍ കയറിയിറങ്ങിയെങ്കിലും യാതൊരു കാര്യവുമുണ്ടായില്ല.