ഏതാണ്ട് ആറു പതിറ്റാണ്ട് മുമ്പ് എ.കെ. ശശീന്ദ്രന്‍ കെ.എസ്.യുവിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി. ഇരുപത് വയസ്സ് തികഞ്ഞിട്ടില്ല അന്ന് പ്രായം. 1980-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരിക്കേ ഇടതുധാരയില്‍ ചേര്‍ന്നു. ആദ്യം ആന്റണിക്കൊപ്പം, പിന്നെ പവാറിനൊപ്പം. വൈകാതെ ഷണ്മുഖദാസിനൊപ്പം. ഇപ്പോള്‍ പിണറായിക്കൊപ്പം.
മുപ്പത്തിനാലാമത്തെ വയസ്സില്‍ ശശീന്ദ്രന്‍ എം.എല്‍.എയായി. 41 കൊല്ലം മുമ്പ് 1980-ല്‍. അന്നത്തെ പെരിങ്ങളം മണ്ഡലം തന്നെ ഇന്നില്ല. ഷണ്മുഖദാസ് മാറിയപ്പോള്‍ ശശീന്ദ്രന്‍ ബാലുശ്ശേരിയില്‍ വന്നു. ബാലുശ്ശേരി എലത്തൂരായി. ശശീന്ദ്രന്‍ പഴയ ശശീന്ദ്രനായി തന്നെ നിന്നു.
എഴുപത്തിയഞ്ചാം വയസ്സിലും തന്ത്രജ്ഞനാണ് പഴയ വിപ്ലവകാരി. ലക്ഷ്യം ഒറ്റ സീറ്റാണ്. കാരണം രണ്ടാമതൊരാളെ വളര്‍ത്തിയിട്ടില്ല. അല്ലെങ്കിലും നല്ല പുളിമരത്തിന് താഴെ മറ്റ് മരങ്ങള്‍ വളരില്ല.
പിളരുന്ന മുക്കൂട്ടുകവലയിലാണ് എന്‍.സി.പി. ശശീന്ദ്രന് തല്‍ക്കാലം പരമാവധി പേരെ ഒപ്പം നിര്‍ത്തണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാം. ഇനി വേണമെങ്കില്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയാകാം. എന്തായാലും ആള്‍ക്കൂട്ടമൊന്നും കൂടെയില്ല. അതാണ് പ്രതിസന്ധിയും ആശ്വാസവും.
കെ.പി. ഉണ്ണിക്കൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ തീര്‍ന്നതാണ് കോണ്‍ഗ്രസ് എസിന്റെ ദേശീയ പദവി. പവാറിനൊപ്പം നില്‍ക്കുന്നത് പവറിനാണ്. പക്ഷേ ദീര്‍ഘകാലമെടുത്ത മരണമാണ് ശശീന്ദ്രന്റെ പാര്‍ട്ടിയുടേതും. കഴിഞ്ഞ 41 കൊല്ലവും മറ്റൊരാള്‍ വളരില്ലെന്ന് ഉറപ്പാക്കി. അങ്ങനെയാണ് ഇപ്പോള്‍ ''ഞാനില്ലെങ്കില്‍ എലത്തൂരില്ല'' എന്ന അവസ്ഥ സൃഷ്ടിച്ചത്.
നാലു കാലില്‍ വീഴാന്‍ ഏത് പൂച്ചയ്ക്കും പറ്റും. എന്നാല്‍ നാലു കാലില്‍ ഗസ്റ്റ് ഹൗസ് മുറിയില്‍ വീഴാന്‍ മന്ത്രിപ്പൂച്ചയ്‌ക്കേ പറ്റൂ. എ.കെ. ശശീന്ദ്രന് ഗസ്റ്റ് ഹൗസും പീതാംബരന്‍ മാസ്റ്റര്‍ക്ക് കേരള ഹൗസും എന്നതാണ് എന്‍.സി.പി. കേരള ഘടകത്തിന്റെ മിനിമം ഡിമാന്‍ഡ്. അതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ മാത്രമേ ആ പാര്‍ട്ടി നടത്താറുള്ളൂ.
കാപ്പന് വേണ്ടി പാലാ പൂക്കില്ലെന്ന് മറ്റാരേക്കാള്‍ ശശീന്ദ്രന് അറിയാം. അത് പക്ഷേ കാപ്പനോട് പറഞ്ഞില്ല മാഷും മന്ത്രിയും. ആ വിഷമം തീര്‍ക്കാനാണ് കാപ്പന്‍ കോണ്‍ഗ്രസിനോട് ചിയേഴ്‌സ് അടിച്ചത്. മുന്നണിയൊന്നും കാപ്പന് പ്രശ്‌നമല്ല. കുട്ടനാടല്ല, പാലയാണ് ആവശ്യം. കെ.എം. മാണി വന്നാലും തോല്‍പിക്കാന്‍ പാകത്തിനുള്ള ബന്ധമുണ്ടെന്നാണ് ചങ്കൂറ്റം.
അതല്ല മന്ത്രിയുടെ കാര്യം. ഇടത് വോട്ടു കൊണ്ട് പാലം കടക്കാമന്ന് നന്നായി ഉറപ്പിക്കാവുന്ന ഏക കോഴിക്കോടന്‍ മണ്ണാണ് എലത്തൂര്‍. മൂന്നു നാലു പതിറ്റാണ്ടായി ഇടതുധാരയിലാണ് പ്രവര്‍ത്തകര്‍. ശശീന്ദ്രന്‍ നയിക്കും എന്ന് കരുതിയിട്ടൊന്നുമല്ല. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ പോകാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
കഴിഞ്ഞ തവണ തന്നെ അരിവാളിന് വോട്ടു ചെയ്യണമെന്ന് നേതാക്കളോട് വാശി പിടിച്ചതാണ് എലത്തൂരിലെ പ്രവര്‍ത്തകര്‍. ഇനി ശശീന്ദ്രന് വേണ്ടി ചുമരെഴുതാനില്ലെന്ന് പറഞ്ഞവരാണ് പലരും. പി. മോഹനനോ മുഹമ്മദ് റിയാസോ ഇത്തവണ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് അഭ്യൂഹം ശക്തമായി. അന്നേരമാണ് വേലിപ്പടക്കത്തിന്റെ പൊട്ടിത്തെറി.
കാപ്പന്‍ പോയാല്‍ ശശീന്ദ്രന്‍ പക്ഷം ഉറച്ച് നില്‍ക്കും. ഞാനും അപ്ഫനും സുഭദ്രയും അടങ്ങുന്നതാണ് കമ്മറ്റി. എലത്തൂര്‍ എന്‍.സി.പിയില്‍നിന്ന് പിടിച്ചെടുക്കാന്‍ ഇത്തവണയും സി.പി.എമ്മിന് പറ്റില്ല. വെല്ലുവിളികളില്‍ നെഞ്ചു വിരിച്ച ശശീന്ദ്രനെ പിന്തുണച്ചേ പറ്റൂ. യെച്ചൂരി പവാറിനെ വിളിക്കും. മുന്നണിയെ ശക്തിപ്പെടുത്തും.
ഹരിശ്രീ അശോകനെ പണയം വച്ച് ചിരിച്ചു കരഞ്ഞു മടങ്ങുന്ന കൊച്ചിന്‍ ഹനീഫയെപ്പോലെ ശശീന്ദ്രനും ആത്മാര്‍ത്ഥമായി സങ്കടപ്പെടും. പിളരുംതോറും വളരുന്ന പ്രതിഭാസം മലബാറിലും നടപ്പാവും. അധ്വാന വര്‍ഗ സിദ്ധാന്തത്തിന് ഇടതു വ്യാഖ്യാനം വരും. മന്നവേന്ദ്രന്‍ ചന്ദ്രനെപ്പോലെ തന്നെ വിളങ്ങും. ഗസ്റ്റ് ഹൗസില്‍ തന്നെ പൂവു പോലെ പതിക്കും മാന്ത്രികപ്പൂച്ച.
Content Highlights: The tamarind tree in Elathur