വീട്ടില്‍ നാഗപൂജ നടത്താറുളള കമ്മ്യൂണിസ്റ്റുകാരന്‍ പാര്‍ട്ടിയില്‍തന്നെ തുടരും. തോട്ടത്തില്‍ ചെന്നെങ്കിലും പൂ പറിക്കാന്‍ യോഗമില്ലാതെ കെ. സുരേന്ദ്രന്‍ മടങ്ങി. പോയത് പൂ പറിക്കാനല്ല എന്ന വിശദീകരണവുമായി.
തിക്കോടിയനും കെ.എ. കൊടുങ്ങല്ലൂരും ഒക്കെ ഉള്‍പ്പെടുന്ന വിശാല സൗഹൃദവുമായാണ് തോട്ടത്തില്‍ രവീന്ദ്രന്‍ കടന്നെത്തുന്നത്. കോഴിക്കോടന്‍ സദസ്സുകളില്‍ ലോകം നിറഞ്ഞിരുന്ന കാലമായിരുന്നു അത്. ഭൂഖണ്ഡാന്തര സങ്കടങ്ങളില്‍ ഉത്ക്കണ്ഠപ്പെട്ട വിചാരസഞ്ചാരങ്ങള്‍. ദേശീയതയും വിശ്വാസവുമെല്ലാം കൂടുതല്‍ ഗൗരവതരമാര്‍ന്ന കാര്യങ്ങളാല്‍ ലോകമെമ്പാടും മാറ്റിവയ്ക്കപ്പെട്ടിരുന്ന ഘട്ടം.
അരികുപറ്റി കടന്നിരുന്നതാണ് തോട്ടത്തില്‍ രവീന്ദ്രന്‍. അന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നില്ല താനും. എന്നാല്‍, ബിലാത്തിക്കുളം മേഖലയിലെ സവര്‍ണ കടുംബങ്ങളിലേക്ക് കടന്നെത്താന്‍ സി.പി.എമ്മിന് സാധിച്ചിരുന്നില്ല. അതിനായി വളര്‍ത്തിയെടുത്ത പോരാളിയായി തോട്ടത്തിലിനെ അവതരിപ്പിക്കുകയായിരുന്നു ഇടതുപക്ഷം. അന്നേരമാണ് ആദ്യം പറഞ്ഞ നാഗപൂജാ വിമര്‍ശനം തോട്ടത്തില്‍ രവീന്ദ്രനെതിരേ പാര്‍ട്ടി രഹസ്യമായി ഉയര്‍ന്നുവന്നത്.
അമ്പലങ്ങളില്‍ ആത്മീയ പ്രഭാഷണം നടത്തി വന്ന തോട്ടത്തില്‍ രവീന്ദ്രന്‍ മെല്ലേ പാര്‍ട്ടി വേദിയിലെത്തി. ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കടന്നു വന്നു. അന്നോളം അകന്നു നിന്ന വിഭാഗങ്ങളെ അരികിലെത്തിച്ച് തോട്ടത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് കടന്നെത്തി. പിറ്റേത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ പോരടിച്ചു ജയിച്ചു.
അങ്ങനെ ആകെ മൊത്തം ടോട്ടല്‍ ഒമ്പതരക്കൊല്ലം മേയറായി. അഞ്ചരക്കൊല്ലം ഡപ്യൂട്ടി മേയറായി. വിശ്വാസം സംരക്ഷിക്കാനായി രവീന്ദ്രന്‍ രണ്ടു വട്ടം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെയര്‍മാനായി.
തോട്ടത്തില്‍ നിന്നില്ലെങ്കില്‍ ഡിവിഷന്‍ തോല്‍ക്കുമെന്ന് അഞ്ചാണ്ട് മുമ്പ് തന്നെ തിരിച്ചറിഞ്ഞാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞ രവീന്ദ്രനെ സി.പി.എം. വീണ്ടും പോരിനിറക്കിയത്. വി.കെ.സി. എം.എല്‍.എ. ആയപ്പോള്‍ മേയറുമാക്കി. അതേ ആന്തരിക പ്രതിസന്ധി തന്നെയാണ് കോഴിക്കോട്ട് സി.പി.എം. നേരിടുന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ അഭിമുഖീകരിച്ച മേഖലകളേയും വീടുകളേയും ഒപ്പം നിര്‍ത്താന്‍ മറ്റൊരാളില്ലെന്നതാണ് ആ വിഷമഘട്ടം.
തോട്ടത്തില്‍ മാറിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡും സമീപവാര്‍ഡുകളും ബി.ജെ.പി. പിടിച്ചെടുത്തിടത്താണ് സി.പി.എം. ആശങ്ക. വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ആളു വേണമെന്ന് അവര്‍ മനസ്സിലാക്കുന്നു. വിശ്വാസിയുടെ മനസ്സ് തേടി ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പത്തൊമ്പതാമത്തെ പടി കടക്കുന്നതും ഇതേ പ്രതിസന്ധിയിലാണ്.
കേരളത്തില്‍ ഒന്നാന്തരം ഹിന്ദു പാര്‍ട്ടിയായ സി.പി.എം. നിലനില്‍ക്കുന്നിടത്തോളം ബി.ജെ.പി. ക്ലച്ച് പിടിക്കില്ലെന്ന് വിശകലനം ചെയ്തത് പണ്ട് അരുണ്‍ ജയ്റ്റിലിയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിട്ട് പാലാഴിമഥനം നടത്തിയിട്ടും വലിയ മെച്ചമൊന്നും ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. വിശ്വാസിയായ കമ്മ്യൂണിസ്റ്റുകളെ കൂടെ കൂട്ടുന്നതിന്റെ രാഷ്ട്രീയം ഇതാണ്.
തോട്ടത്തില്‍ രവീന്ദ്രന്‍ ഒരേ സമയം സി.പി.എമ്മിനും ബി.ജെ.പിക്കും പ്രിയപ്പെട്ടവനാകുന്നതും ഇതുകൊണ്ടു തന്നെയാണ്. കാവിപ്പടയില്‍ നിന്നാല്‍ ചുവപ്പ് നരച്ച് കാവിയായതിന്റെ സന്തോഷം. ചെമ്പടയില്‍ ഉറച്ച് നിന്നാല്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റിനും ഇടമുണ്ടെന്ന് പറയാനുള്ള അഭിമാനം.
ഏതു മതത്തിലേക്കായാലും പുതുതായി മാര്‍ഗ്ഗം കൂടിയവന് ആവേശം കൂടും. കമ്മ്യൂണിസത്തിലേക്കായാലും ബി.ജെ.പിയിലേക്കായാലും പുതുതായി ചേരുകയാണ് തോട്ടത്തില്‍ രവീന്ദ്രന്‍. പുതിയ കാലത്ത് പഴയ കൊടി പുതുതായി പിടിച്ചാലും പുതിയ കുട്ടികള്‍ക്ക് അത് പുതിയതായി തോന്നും. രണ്ടു കൊടികളും പഴയതാണെന്ന് തിരിച്ചറിയുന്നത് പിടിക്കുന്ന ആള്‍ മാത്രമാണ്.
തോട്ടത്തില്‍ രവീന്ദ്രന്‍ ഭാഗ്യവാനാകുന്നത് കേരളത്തിലായതു കൊണ്ടാണ്. മധ്യപ്രദേശില്‍ ആയിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നാകുമായിരുന്നു സി.പി.എമ്മിന്റെ വിമര്‍ശനം. കോണ്‍ഗ്രസുകാരുമായുള്ള ബി.ജെ.പിയുടെ പുതുച്ചേരി മോഡല്‍ ചര്‍ച്ചയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ജനാധിപത്യത്തെ വില്‍പപനയ്ക്ക് വച്ചവരും വാങ്ങാന്‍ തയ്യാറായാവരും തമ്മിലുള്ള കച്ചവടമെന്നാണ്.
വിശ്വാസികള്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അഭിമാനിക്കുമ്പോള്‍ വംഗദേശത്തേക്കുള്ള ഭദ്രാലോകിന്റെ വഴികളില്‍ പൂ വിരിക്കപ്പെടുകയാണ്. പൂവിനുള്ളിലെ പുഴുക്കള്‍ക്ക് എക്കാലവും ഞെരിഞ്ഞമരാനാണ് യോഗം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് മുന്നിലായാലും എ.കെ.ജി. സെന്ററിന് പിന്നിലായാലും.
Content Highlights: K Surendran invited me to join BJP, says Thottathil Raveendran | Pakida 03