കൊച്ചി : കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി സീറോ മലബാർ സഭ മേജര്‍ ആർച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.

 കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് അശ്വന്ത് നാരായണന്‍ പറഞ്ഞു. 

"ക്രൈസ്തവ സമൂഹവുമായി ചില ആശയക്കുഴപ്പങ്ങളുണ്ട്. ആശവിനിമയത്തിലൂടെ ആ തെറ്റിദ്ധാരണ മാറ്റുകയാണ് ലക്ഷ്യമിടുന്നത്". ബി.ജെ.പിക്ക് ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും ആ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അശ്വന്ത് നാരായണന്‍ പറഞ്ഞു. എന്തെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും ആ വ്യത്യാസങ്ങള്‍ തുടച്ചു നീക്കി മുന്നോട്ടു പോവാനാണ് ബിജെപി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് കെ.സുരേന്ദ്രൻ പ്രതികരിച്ചില്ല. പ്രാതൽ കഴിക്കാനാണ് എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല', എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.

ഇന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് യാത്ര എറണകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്.

വരുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ സുരേന്ദ്രന്‍ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

content highlights: CN Aswanth narayan at KCBC