തൃശൂര്‍: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരേ തുറന്നടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്നും പിണറായി ആരോപിച്ചു. കമ്മ്യൂണിറ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലത്ത് അതിക്രമിച്ച് കയറി പുഷ്പാര്‍ച്ചന നടത്തി മുദ്രാവാക്യം വിളിച്ചത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ സംയമനത്തോടെയാണ് അവിടെയുള്ളവര്‍ പെരുമാറിയതെന്നും പിണറായി തൃശൂരില്‍ പറഞ്ഞു. 

ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച മാതൃഭൂമി-സീ-വോട്ടര്‍ സര്‍വേ നാട്ടിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാര്‍ട്ടുകളുടേത് പോലെ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതല്ലെന്നും പറയുന്ന കാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എല്‍ഡിഎഫിന്റെത്. കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

content highlights: CM Pinarayi Vijayan supports Kanam Rajendran statement on sabarimala issue