ധര്‍മ്മടം: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഭരണത്തില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും മുഖ്യമന്ത്രി റോഡ് ഷോയില്‍ പറഞ്ഞു.

നമ്മുടെ നാട് ഒരു നല്ല നാളെ പടുത്തുയര്‍ത്തുന്നതിലുള്ള തയ്യാറെടുപ്പിലാണ്. എല്ലാ വിഭാഗം ജനങ്ങളും നമ്മോടൊപ്പമാണ് എന്നാണ് ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ ഒരു ജനാഭിപ്രായത്തെ അട്ടിമറിക്കാന്‍ വേണ്ടി ഒരുപാട് കുതന്ത്രങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും ഏശിയില്ല എന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്. നമ്മുടെ നാടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തലാണ് എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഈ അടുത്ത അഞ്ചുവര്‍ഷ കാലം കൊണ്ട് തന്നെ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കമാണ് നടത്തുന്നത്.

ജനങ്ങളുടെ അനുഭവമാണ് ഈ പിന്തുണയ്ക്ക് കാരണം. ജനങ്ങളുടെ അനുഭവങ്ങളെ നുണകള്‍ കൊണ്ട് തകര്‍ക്കാനാവില്ല. കേരളം മതനിരപേക്ഷമായി നില്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്നത്. അതിന് എല്‍.ഡി.എഫിന് മാത്രമേ കഴിയുവെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതി രഹിതമായ കേരളം പടുത്തുയര്‍ത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഇന്ത്യയിലെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി തീരെയില്ലാത്ത സംസ്ഥാനം എന്നതാണ് അടുത്ത ലക്ഷ്യം. അതും എല്‍.ഡി.എഫിന് മാത്രമേ കഴിയു എന്ന് ജനങ്ങള്‍ക്ക് അറിയാം.

വികസിത കേരളവും വിശപ്പ് രഹിത കേരളവുമാണ് നമ്മുടെ ലക്ഷ്യം. അടുത്ത ഭരണത്തില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും എല്‍.ഡി.എഫ് പ്രഖ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ നാടിന്റെയും നാട്ടുകാരുടെ പിന്തുണ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു. സിനിമ താരങ്ങളായ ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും റോഡ് ഷോയില്‍ സംസാരിച്ചു.

Content Highlights: CM Pinarayi Vijayan Roadshow Dharmadom