അരീക്കോട്: സ്വയം വില്പനയ്ക്ക് വെച്ച ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിന്റെ ഭാഗമായി വന്നിട്ടുളള അപചയത്തെ കുറിച്ച് ഗൗരവമായ സ്വയം വിമര്‍ശന പരിശോധന കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മധ്യപ്രദേശ്, കര്‍ണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് അരീക്കോട് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

'കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ശോഷിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അതിര്‍വരമ്പ് വളരെ നേര്‍ത്തുവരുന്നത് നമുക്ക് കാണാന്‍ കഴിയും. ബിജെപിയുടെ വര്‍ഗീയ നിലപാടിനെ ശക്തമായി എതിര്‍ക്കുന്ന സമീപനം ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. വര്‍ഗീയ താല്പര്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഓരോഘട്ടത്തിലും ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന, സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നങ്ങളുടെ ഭാഗമായി മാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ആളുകള്‍ക്ക് മടിയുണ്ടാകുന്നില്ല.ചില കാര്യങ്ങളില്‍ നമ്മുടെ സംസ്ഥാനത്തും അത് വ്യാപിച്ചതായി കാണാം.' മുഖ്യമന്ത്രി പറഞ്ഞു. 

'കോണ്‍ഗ്രസ് പരാജയപ്പെട്ടാന്‍ ബിജെപി വരുമെന്നാണ് കേരളത്തില്‍ ഉയര്‍ന്ന പ്രചാരണം. യഥാര്‍ഥത്തില്‍ ആ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ജമാഅത്ത് ഇസ്ലാമിയാണ്. അവര്‍ അഴിച്ചുവിട്ട പ്രചാരണം എന്തോ തങ്ങള്‍ക്ക് സഹായകരമാണെന്ന് കണ്ട് യുഡിഎഫ് അവരുമായി കൂട്ടുകൂടാന്‍ തയ്യാറായി അതേറ്റെടുക്കുകയായിരുന്നു. കേരള നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാന്‍ സാഹചര്യം സൃഷ്ടിച്ചത് യുഡിഎഫാണ്. നേമം മണ്ഡലത്തില്‍ സാധാരണനിലയ്ക്ക് ബിജെപി ജയിച്ചുവരേണ്ടതല്ല. ബിജെപിക്ക് ജയിച്ചുവരാനുളള സാഹചര്യം ഒരുക്കിയത് കോണ്‍ഗ്രസായിരുന്നു. കാരണം തൊട്ടടുത്ത മണ്ഡലത്തില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് ബിജെപിയുടെ സഹായം വേണമായിരുന്നു. നേമം മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വോട്ട് ആവിയായിപ്പോയി. 

നമ്മുടെ സംസ്ഥാനത്ത് ഏതൊക്ക തരത്തില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായ ഒ.രാജഗോപാല്‍ തന്നെ പരസ്യമായി ഒരു മാധ്യമത്തോട് സംവദിക്കുന്ന നില വന്നിരിക്കുന്നു. വോട്ട് കച്ചവടം ഉണ്ടായിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പരസ്യമായാണ് പറയുന്നത്. പ്രദേശികതലത്തിലുണ്ടായ ഈ ധാരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ബിജെപിക്ക് നേട്ടമുണ്ടാക്കിയെന്നും പറയുന്നു. അദ്ദേഹം പറയുന്നത് ഇത്തരം അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും എന്നാണ് അത് നേതൃത്വത്തില്‍ അറിഞ്ഞാല്‍ മതിയെന്നാണ്. പാര്‍ട്ടിക്ക് നഷ്ടമല്ലാത്ത രീതിയില്‍ അഡ്ജസ്റ്റ്‌മെന്റ് ഇപ്പോഴുമാകാം. അതായത്  ബിജെപി തയ്യാറാണെന്ന് ബിജെപി പറഞ്ഞുകഴിഞ്ഞു കോണ്‍ഗ്രസും ലീഗും പരസ്യമായി സമ്മതിക്കില്ല. പക്ഷേ അവര്‍ സ്വീകരിക്കുന്ന സമീപനം എല്ലാവര്‍ക്കും അറിയാം. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഇത്തരം ധാരണകള്‍ ഉണ്ടാക്കാനുളള അണിയറ നീക്കം നടക്കുകയാണ്.'- മുഖ്യമന്ത്രി ആരോപിച്ചു 

Content Highlihts: CM Pinarayi Vijayan criticises Congress and BJP