തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ ഈ കച്ചടവമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി വോട്ട് ചോര്‍ച്ച അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായി യുഡിഎഫിന് ജയിക്കാനായി. അതില്ലായിരുന്നുവെങ്കില്‍ യുഡിഎഫിന്റെ പതനം ഇതിനേക്കാളും വലുതാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാള്‍ക്കും നാടിന്റെ അനുഭവം അറിയുന്നവര്‍ക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അട്ടിമറിക്കാന്‍ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോള്‍ വിപുലപ്പെട്ടു.

എല്ലാം പുറത്തുവന്നിട്ടില്ലെങ്കും കുറേ കാര്യങ്ങള്‍ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. ബിജെപി വോട്ടുകള്‍ നല്ല രീതിയില്‍ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായതാണ് ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകമായി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അടിവെച്ച് അടിവെച്ച് കയറ്റമാണ് തങ്ങള്‍ക്ക് കേരളത്തലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിന് വേണ്ട സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്. ദേശീയ നേതാക്കളും പണവും ഉപയോഗിച്ച് പ്രചാരണം നടത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുകുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ഇത്രഭീമമായ രീതിയില്‍ എങ്ങനെ വോട്ട് കുറയാന്‍ ഇടയായി എന്ന് പറയണം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം പുതിയ വോട്ടര്‍മാര്‍ വന്നു. സ്വാഭാവികമായി അതിന്റെ വര്‍ധനവ് ഓരോ പാര്‍ട്ടിക്കും ലഭിക്കേണ്ടതാണ്. എന്തേ ഇത്രമാത്രം പ്രവര്‍ത്തനം നടത്തിയിട്ടും ബിജെപിക്ക് അത് ലഭിക്കാതെ പോയി. നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇത്രവലിയ ചോര്‍ച്ച മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് ഉയര്‍ന്നുവന്ന കണക്കുകള്‍. പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജനങ്ങള്‍ ബിജെപിയെ കൈ ഒഴിയുന്നു എന്ന സൂചനയും ഫലം കാണിക്കുന്നുണ്ട്' മുഖ്യമന്ത്രി പിണറായി പറഞ്ഞു.

കാസര്‍കോട്-2, കണ്ണൂര്‍-5, വയനാട്-2, കോഴിക്കോട്-9, മലപ്പുറം-9,പാലക്കാട്-5, തൃശൂര്‍-6, എറണാകുളം-12, ഇടുക്കി-5, ആലപ്പുഴ-6, കോട്ടയം-9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വോട്ടു കുറഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.