കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. പോളിങ് ഉദ്യോഗസ്ഥര്‍ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാര്‍ഥി വി.പി.അബ്ദുള്‍ റഷീദ് പരാതിപ്പെട്ടു.

സ്ഥാനാര്‍ഥി ബൂത്തില്‍ നേരിട്ടെത്തി ഇടപെടുന്നത് ശരിയല്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സിപിഎം-ലീഗ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും മാറ്റിനിര്‍ത്തുകയായിരുന്നു. 

തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. മറ്റൊരു വാഹനം തകര്‍ത്തു.

രാവിലെ തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.