തിരുവനന്തപുരം: പുരോഗമന പ്രസ്ഥാനമാണെങ്കിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിരിഞ്ഞതിന് ശേഷം കേരള നിയമസഭാ ചരിത്രത്തില്‍ സി.പി.ഐക്ക് ഇതുവരെ വനിതയെ മന്ത്രിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാലിത്തവണ ജെ. ചിഞ്ചുറാണിയിലൂടെ സി.പി.ഐ. ആ ചരിത്രം തിരുത്തുകയാണ്. സി.പി.ഐക്ക് ലഭിച്ച നാല് മന്ത്രിമാരില്‍ ഒരാളായിട്ടാണ് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമായ ചിഞ്ചുറാണി എത്തുന്നത്.

ചടയമംഗലം കമ്മ്യൂണിസ്റ്റ് കോട്ടയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് 13,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്നും ചിഞ്ചുറാണി വിജയിച്ചത്. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലും അംഗമാണ് അവര്‍. നിയമസഭയിലേക്ക് ആദ്യമായിട്ടാണ് പ്രവേശനം നേടുന്നത്.

വിഭാഗീയതയകള്‍ക്കിടെയാണ് ചടയമംഗലത്ത് നിന്ന് ചിഞ്ചുറാണി ജയിച്ചു കയറിയത്. പ്രാദേശിക നേതാവ് എ.മുസ്തഫയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെയാണ് വിമതനീക്കത്തിന് തടയിട്ടത്.

 കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, സി.അച്യുത മേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബാലവേദിയിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. ആദ്യകാല കമ്യൂണിസ്റ്റും കശുവണ്ടിത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന മുണ്ടയ്ക്കല്‍ ഭരണിക്കാവ് തെക്കേവിളയില്‍ വെളിയില്‍ വടക്കതില്‍ എന്‍.ശ്രീധരന്റെയും ജഗദമ്മയുടെയും മകളാണ്.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കലാകായിക രംഗങ്ങളില്‍ മികവുപുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് എ.ഐ .എസ്.എഫ്. പ്രവര്‍ത്തകയായിരുന്നു. ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെമ്പറായി. കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ജില്ലാപഞ്ചായത്ത് അംഗം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: ഡി.സുകേശന്‍ സി.പി.ഐ. അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. മക്കള്‍: നന്ദു സുകേശന്‍ (ഇന്റീരിയര്‍ ഡിസൈനര്‍, നന്ദന റാണി (പ്ലസ്ടു വിദ്യാര്‍ഥിനി).

ഭാര്‍ഗവി തങ്കപ്പനെ ഡെപ്യൂട്ടി സ്പീക്കറാക്കിയതല്ലാതെ സി.പി.ഐ. ഇതുവരെ ഒരു വനിതയെ മന്ത്രിസ്ഥാനത്തേക്ക് അവരോധിച്ചിരുന്നില്ല. 

Content Highlights: chinchu rani cpi becomes a minister; CPI corrects history