കണ്ണൂര്‍: ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ്. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി. വിഭാഗീയതയുടെ ഒരു തുറന്ന് പറച്ചില്‍കൂടിയായിരുന്നു അതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

മാധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നെഞ്ചത്തടിച്ച് നിലവിളിച്ചു. ഈ പട്ടിണി പാവങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. കോവിഡ് പ്രതിരോധത്തിനിടയിലും ലോകത്തിന് മുന്നില്‍ കേരളത്തെ അപമാനിച്ചുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോള്‍ പിണറായി. ക്യാപ്റ്റന്‍ വിളി അണികളില്‍ നിന്ന് ആവേശത്തില്‍ ഉയര്‍ന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പി.ആര്‍. ഏജന്‍സികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളില്‍ ഇത്തരത്തില്‍ പി.ആര്‍. ഏജന്‍സികള്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റന്‍ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവര്‍ത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും. അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: Chief Minister made a farewell speech today and this time we will score a century- Mullappally