കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്നത് നിര്‍ദേശം മാത്രമാണെന്നും അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കായി കാസര്‍കോട് എത്തിയതായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. നേമത്ത് ഇത്തവണ മികച്ച സ്ഥാനാര്‍ഥിയെയായിരിക്കും യുഡിഎഫ് നിര്‍ത്തുക. ആരായിരിക്കും എന്ന കാര്യം പിന്നീട് തീരുമാനിക്കും. കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. എല്ലാ വിഷയങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് കുമ്പളയില്‍നിന്നാണ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. വൈകുന്നേരം മൂന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയില്‍നിന്നും രക്ഷിച്ച് സമ്പല്‍സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.
Content Highlights: Chennithala responds on seat sharing in UDF