തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരായ ജനവികാരം അട്ടിമറിക്കാൻ ബോധപൂർവവും സംഘടിതവുമായ ശ്രമത്തിന്റെ ഭാഗമാണ് അഭിപ്രായ സർവേകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

യു.ഡി.എഫ്. മുന്നേറ്റം തടയാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള മനഃപൂർവമായ ശ്രമങ്ങളാണു നടക്കുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടംപോലും നൽകാതെ ഭരണകക്ഷിക്കുവേണ്ടി കുഴലൂത്ത് നടത്തുകയാണ്. പിണറായി സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷനേതാവിനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങളെന്നും ചെന്നിത്തല ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില ഏജൻസികൾ ഇടതുമുന്നണിക്കു വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അന്നത് പാളിപ്പോയത് എല്ലാവരും കണ്ടതാണ്. മോദിസർക്കാർ ചെയ്യുന്നതു പോലെ വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.

കേരളത്തിന്റെ വോട്ടർമാരിൽ ഒരുശതമാനംപോലും പങ്കെടുക്കാത്ത സർവേകളാണിവ. സർക്കാർ ഓരോ പ്രതിസന്ധിയിൽപ്പെടുമ്പോഴും കരകയറ്റാൻ സർവേക്കാർ വരുന്നു.

സർവേ നടത്തി യു.ഡി.എഫിനെ തകർക്കാമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുശതമാനം സ്വീകാര്യതയാണ് സർവേക്കാർ നൽകിയത്. അദ്ദേഹം മുഖ്യമന്ത്രിയായില്ലേ. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജൻഡ നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സർവേയിൽ ചോദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: chennithala against opinion poll