തൊടുപുഴ: ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം യുഡിഎഫിനെ ബാധിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫ്. ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കണമെന്ന് ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ധാരണയായ സീറ്റാണ് ഏറ്റുമാനൂര്‍ എന്നും പിജെ ജോസഫ് പ്രതികരിച്ചു. 

 ചോദിച്ചത്രയും സീറ്റ് കിട്ടിയിട്ടില്ല. എന്നാല്‍ കിട്ടിയ 10 സീറ്റുകളില്‍ ഒമ്പത് സീറ്റിലും തീര്‍ച്ചയായും ജയിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായി. 

ശുഭപ്രതീക്ഷയോടെയാണ് തൊടുപുഴയില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുന്നത്. ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടും. പിന്‍വാതില്‍ നിയമനം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ അഴിമതികള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാവും. മികവുറ്റ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Candidate pick conflicts in Ettumanoor won't affect UDF says PJ Joseph