കണ്ണൂര്‍: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കള്ളവോട്ട് പരാതിക്ക് പഞ്ഞമില്ല. പ്രത്യേകിച്ചും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തില്നടന്ന കള്ളവോട്ട് വെബ് ക്യാമറയിലൂടെ പുറംലോകമറിഞ്ഞത് വന്‍വിവാദമായിരുന്നു. റീപോളിങ് വരെ വേണ്ടിവന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും ബൂത്തിലെ ക്യാമറകളില്‍ കള്ളവോട്ടുകള്‍ കണ്ടുപിടിച്ചു.
കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് പലപ്പോഴും വാര്‍ത്തയേയല്ല. ചില പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ആസൂത്രിത കള്ളവോട്ടാണ് നടക്കുന്നത്. പലബൂത്തുകളിലും നിശ്ശബ്ദമായി ഇരട്ടവോട്ടുകളും ചെയ്യപ്പെടുന്നു.
98 ശതമാനം വോട്ടുവരെ
പലതരത്തിലുള്ള കള്ളവോട്ടുകള്വഴി പോളിങ് കുത്തനെ ഉയരും. 98 ശതമാനംവരെ ഉയര്‍ന്ന സ്ഥലങ്ങളുണ്ട്. ഈ സംഘടിതശക്തിക്കുമുന്നില്‍ പ്രിസൈഡിങ് ഓഫീസര്‍ നിസ്സഹായരാകും.
ഇറക്കുമതി വോട്ട്
ഒരുമണ്ഡലത്തില്‍ ഒരു പാര്‍ട്ടിക്ക് വോട്ടുകുറവുണ്ടെങ്കില് അവിടേക്ക് വ്യാപകമായി വോട്ടുചേര്ത്തുകൊണ്ട് വിജയിക്കാനുള്ള ശ്രമവും നടക്കും. മുന്‍പ് കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 'ഇറക്കുമതി വോട്ട്' എന്നപേരിലുള്ള വോട്ടുചേര്‍ക്കല്‍ വിവാദമായിരുന്നു.
ആധാറുമായി ലിങ്ക് ചെയ്താല്‍ തടയാം
വോട്ടര്‍പട്ടികയുടെ കൃത്യമായ ശുദ്ധീകരണമാണ് കള്ളവോട്ട് തടയാനുള്ള പ്രധാനമാര്‍ഗം. വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുകയാണ് മറ്റൊരു പോംവഴി. ഇങ്ങനെവന്നാല്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുചെയ്യാന്‍ കഴിയില്ല.
ഇതിനുള്ള ശ്രമം 2015-ല്‍ത്തന്നെ തുടങ്ങിയെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിനോട് കാര്യമായ താത്പര്യം കാണിച്ചില്ല.
നിയമത്തിനുമുന്നില്‍
കള്ളവോട്ടിനെതിരേ അതിശക്തമായ നിയമനടപടി ഉണ്ടായത് 1991-ലെ നിയമസഭാതിരഞ്ഞെടുപ്പിലാണ്. എടക്കാട് മണ്ഡലത്തില്‍ സി.പി.എമ്മിലെ ഒ. ഭരതനോട് 249 വോട്ടിന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് തോറ്റു. ആയിരക്കണക്കിന് ഇരട്ടവോട്ടുകള്‍ ഒ. ഭരതനുവേണ്ടി പോള്‍ ചെയ്യപ്പെട്ടെന്നു കാണിച്ച് സുധാകരന് തെളിവുസഹിതം കോടതിയിലെത്തി. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. പിന്നീട് സുപ്രീംകോടതി ആ വിധി റദ്ദുചെയ്തു.
കള്ളവോട്ടുകള്‍ പലതരം
വോട്ടര്‍പട്ടികയില്‍ പേരുള്ള മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ വോട്ടുകള്‍ ചെയ്യും.
ഒരാള്‍തന്നെ ഒന്നിലധികം വോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ചെയ്യുന്നത്.
വിവാഹം കഴിച്ചുകൊണ്ടുവന്ന സ്ത്രീകള്‍ സ്വന്തം മണ്ഡലത്തിലും ഭര്‍ത്താവിന്റെ വീടിരിക്കുന്നിടത്തും വോട്ടുചെയ്യുന്നത്.
ആള്‍മാറാട്ടം നടത്തി ചെയ്യുന്ന വോട്ട്. യഥാര്‍ഥ വോട്ടര്‍ വരുമ്പോഴേക്കും മറ്റൊരാള്‍ ചെയ്തിരിക്കും.
ഓപ്പണ്വോട്ടിന്റെ മറവില്‍ ചെയ്യുന്നത്. വോട്ടര്‍ക്ക് ശാരീരികവിഷമതകളില്ലെങ്കിലും ഉണ്ടെന്നുകാണിച്ച് വ്യാപകമായ ഓപ്പണ്‍ വോട്ടുചെയ്യും. പലബൂത്തുകളിലും നൂറുകണക്കിന് ഓപ്പണ്‍വോട്ടുകള്‍ ചെയ്തിട്ടുണ്ട്.
വോട്ടുചെയ്തവര്തന്നെ വോട്ടിങ് സമയം കഴിയുന്നതിന് തൊട്ടുമുന്‍പ് സംഘടിതമായി ബൂത്തിലെത്തി ഭീഷണിപ്പെടുത്തി വീണ്ടും വോട്ടുചെയ്യുന്ന രീതി.
തലേന്ന് സംഘര്‍ഷമുണ്ടാക്കി ഭയപ്പെടുത്തി പോളിങ് കുറയ്ക്കുന്ന രീതിയുമുണ്ട്. ചെയ്യാത്ത വോട്ടുകള്‍ പിന്നീട് കള്ളവോട്ടായി ചെയ്യും.