തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് കമ്മറ്റി വിലയിരുത്തി. ബി.ഡി.ജെ.എസ്. മുന്നേറ്റം ഉണ്ടാക്കാത്തതിലും യോഗത്തില്‍ വിമര്‍ശനമുണ്ടായി. 

ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബി.ജെ.പി. അടിയന്തരമായി കോര്‍ കമ്മറ്റി യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നത്. ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനാണ് യോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. 

ഉരുക്കുകോട്ടയായി പരിഗണിച്ചിരുന്ന നേമം നഷ്ടപ്പെട്ടത് ബി.ജെ.പി. നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതില്‍ ഒരു മണ്ഡലമായ ചാത്തന്നൂരില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുപ്പതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ വെറും ഒമ്പതിടത്തു മാത്രമാണ് രണ്ടാമത് എത്താന്‍ സാധിച്ചത്. 

11.3 ശതമാനം മാത്രമാണ് ബി.ജെ.പിയുടെ ഇത്തവണത്തെ വോട്ട് വിഹിതം. 2016-ല്‍ വോട്ട് വിഹിതം 10.6 ശതമാനം ആയിരുന്നു. 0.7 ശതമാനം മാത്രം വര്‍ധനയാണ് ഇത്തവണ വോട്ട് വിഹിതത്തിലുണ്ടാക്കാന്‍ സാധിച്ചത്. ഇത്രയും പണം ചിലവഴിച്ചുള്ള പ്രചാരണം, ദേശീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ എത്തി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണം- ഇവയ്‌ക്കൊക്കെ ശേഷവും ദയനീയ പരാജയമുണ്ടായത് എന്തുകൊണ്ടെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. 

സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016-ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. നാലായിരം വോട്ടുവരെ കുറഞ്ഞ മണ്ഡലങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബി.ജെ.പി. വിലയിരുത്തുന്നു. 2016-ല്‍ നാലുശതമാനം വോട്ട് ബി.ഡി.ജെ.എസ്. നേടിയിരുന്നു. എന്നാല്‍ ഇത്തവണ വോട്ട് വിഹിതത്തില്‍ വലിയ കുറവാണുണ്ടായത്. 

വൈകാതെ തന്നെ എന്‍.ഡി.എ. യോഗവും ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് സൂചന. 

content highlights: bjp will constitute commitee to study the setback faced by party in assembly polls