തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ തങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഡിഎ പ്രതീക്ഷിച്ച സീറ്റുകളിൽ ജയിക്കാനായില്ല എന്ന കാര്യം അംഗീകരിക്കുന്നു. ഞങ്ങള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകളില്‍ വലിയ തോതില്‍ ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നാണ് പ്രാഥമികമായി ഞങ്ങള്‍ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി ശക്തമായി മുന്നോട്ട് പോകുക എന്ന നിലപാടാകും സ്വീകരിക്കുക.

കമ്മ്യൂണിസ്റ്റ് പ്രത്യേയ ശാസ്ത്രത്തോടും അഴിമതിയോടും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പോരാട്ടം തുടരും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി തുടര്‍ന്നും മുമ്പോട്ട് പോകും.

എല്ലാ മണ്ഡലങ്ങളിലും മുസ്ലിംവോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ പതിനായിരം വോട്ടുകള്‍ അധികം നേടിയിട്ടും എഴുനൂറോളം വോട്ടുകള്‍ക്ക് തോറ്റു. പാലക്കാട് ഇ.ശ്രീധരനെ പരാജയപ്പെടുത്താന്‍ മുസ്ലിം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം ഇത് നടന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതേ പിണറായി വിജയനാണ് മാസങ്ങള്‍ക്ക് മുമ്പ് 20-ല്‍ 19 സീറ്റിലും പരാജയപ്പെട്ടത്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ ജനവിധിയാണ്. ഓരോ തിരഞ്ഞെടുപ്പിലേയും വിജയപരാജയങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍. 

പല മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം ഞങ്ങള്‍ നടത്തിയിട്ടുണ്ട്.  തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് ജയിച്ചത് കൊണ്ട് ഞങ്ങളുന്നയിച്ച വിഷയങ്ങള്‍ അപ്രസക്തമാണെന്ന് വിലയിരുത്താനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.