തിരുവനന്തപുരം: ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക അന്തിമമാക്കാന്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച പുലര്‍ച്ചെയും ചര്‍ച്ച. തിങ്കളാഴ്ച കോര്‍കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേരും. അതിനുശേഷം കേന്ദ്രഘടകത്തിന്റെ ക്ഷണം കിട്ടുന്ന മുറയ്ക്ക് പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്കുപോകും. ശനിയാഴ്ചയോടെ ആദ്യഘട്ടപട്ടിക പ്രഖ്യാപിക്കാമെന്നാണ് കരുതുന്നത്. വിജയയാത്രയുടെ സമാപനത്തിന് ശനിയാഴ്ച രാത്രി വൈകി തിരുവനന്തപുരത്തെത്തിയ അമിത്ഷായുമായി പുലര്‍ച്ചെ രണ്ടുമുതല്‍ മൂന്നുവരെ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, പ്രള്‍ഹാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. സംഘടനാകാര്യങ്ങളും തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായിരുന്നു പ്രധാന വിഷയം.

ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍തന്നെയാകും പട്ടികയിലുണ്ടാവുക. വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയാകും കേന്ദ്രത്തിന് കൈമാറുകെയന്നാണ് വിവരം. രാജ്യസഭാംഗമായി മുരളീധരന് മൂന്നുകൊല്ലംകൂടി കാലാവധിയുള്ളതിനാല്‍ മത്സരിക്കാന്‍ കേന്ദ്രഘടകത്തിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കുമോയെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. 

ജില്ലാ പ്രസിഡന്റുമാരില്‍ എല്ലാവരും മത്സരത്തിനുണ്ടാകുമെന്നുറപ്പില്ല. കോര്‍കമ്മിറ്റിയംഗങ്ങളില്‍ ഏതാനുംപേരൊഴികെയുള്ളവര്‍ മത്സരിക്കും. അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയ്ക്കുശേഷം ഭേദഗതിയോടെയുള്ള പട്ടികയാകും തിരഞ്ഞെടുപ്പ്കമ്മിറ്റി പരിഗണിക്കുക. കൂടിയാലോചനകള്‍ നടക്കുകയാണെന്നും താന്‍ മത്സരിക്കണമോയെന്നതില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

നേതാക്കളെ ക്ഷണിച്ച് കേരളം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അമിത്ഷാ, യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ്, യെദ്യൂരപ്പ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ശ്രമം.