തിരുവനന്തപുരം: അനുകൂലഘടകങ്ങളുണ്ടായിട്ടും കൈയിലുള്ള ഏകസീറ്റുപോലും സൂക്ഷിക്കാനാവാതെ വലിയ തിരിച്ചടി നേരിട്ടതിന്റെ കാരണംതേടി തലപുകയുകയാണ് ബി.ജെ.പി. 2016-ലെ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടുവിഹിതത്തിൽ നേരിയവർധന മാത്രമാണുണ്ടായത്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദുകാർഡിൽ മുന്നേറാമെന്ന ദേശീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് കേരളം വഴങ്ങില്ലെന്നു തിരഞ്ഞെടുപ്പുഫലം ബോധ്യപ്പെടുത്തി. കോൺഗ്രസിൽനിന്നുൾപ്പെടെ ബി.ജെ.പി.യിലേക്ക്‌ ചേക്കേറാൻ ചാഞ്ചാടിനിന്നവർക്ക് തിരഞ്ഞെടുപ്പുഫലം സഡൻ ബ്രേക്കിട്ടു. ശബരിമലമാത്രം പറഞ്ഞ്‌, പ്രതീക്ഷിക്കുന്നതുപോലൊരു വോട്ട് ഏകീകരണം അത്ര എളുപ്പത്തിൽ നടക്കില്ലെന്നുകൂടി തെളിയിക്കുന്നതായി പരാജയം. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ടായെന്നും പാർടി വിലയിരുത്തുന്നു.

നേതൃമാറ്റമുണ്ടാകുമോ?

നേതൃമാറ്റത്തെപ്പറ്റി അടക്കംപറച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും തത്കാലം ആരുമത് പരസ്യമായി ആവശ്യപ്പെടില്ല. പരാജയകാരണങ്ങൾ വിലയിരുത്താൻ തിങ്കളാഴ്ചതന്നെ ദേശീയനേതാക്കളുമായി കൂടിയാലോചനകൾ നേതാക്കൾ തുടങ്ങിയിട്ടുണ്ട്. നേമം കൈവിട്ടുപോയതിൽ കടുത്ത അമർഷത്തിലായ ആർ.എസ്.എസ്. വെറുതേയിരിക്കില്ല.

മോദിയുടെ രണ്ടാംവരവോടെയാണ് കേരളത്തിലേക്ക്‌ ദേശീയനേതൃത്വം നോട്ടം ശക്തമാക്കിയത്. ഉടൻ ഭരണം പിടിക്കാമെന്നു മോഹമൊന്നുമില്ലെങ്കിലും ഈ തിരഞ്ഞടുപ്പിൽ നിർണായകശക്തിയാകാമെന്നായിരുന്നു പാർട്ടി കരുതിയത്. എന്നാൽ, കോൺഗ്രസിനെ അധികാരത്തിൽ നിന്നൊഴിവാക്കാനായതുമാത്രമാണ് ബി.ജെ.പി.യുടെ ആശ്വാസം.

‘സുരേന്ദ്രൻ രണ്ടിടത്ത്‌ മത്സരിച്ചതും ശരിയായില്ല’

സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ കേന്ദ്രനേതൃത്വത്തിന്റെ യുക്തിയില്ലായ്മയും പ്രചാരണങ്ങളിലെ പാളിച്ചയുമൊക്കെ ഇപ്പോൾ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രചാരണത്തിനു ചുക്കാൻപിടിക്കേണ്ട സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രണ്ടിടത്ത് മത്സരിപ്പിച്ചതും ശരിയായില്ലെന്ന അഭിപ്രായവുമുണ്ട്. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ ഇത്തവണ ആഗ്രഹിച്ചിരുന്നതുമില്ല. ഇ. ശ്രീധരനെ സ്ഥാനാർഥിയായി കൊണ്ടുവന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല.