തിരുവനന്തപുരം : എന്‍.ഡി.എ.യിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര സമാപിക്കുന്നതോടെ അന്തിമ രൂപമാകും. ഏഴിന് യാത്രയുടെ സമാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷാ എത്തും. സ്ഥാനാര്‍ഥിനിര്‍ണയം അമിത്ഷായുടെ സാന്നിധ്യത്തില്‍ നടത്താനാണ് തീരുമാനം. എന്‍.ഡി.എ.യിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ച മൂന്നിനു നടക്കും.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നിര്‍ദേശം നാലിനകം കുമ്മനം രാജശേഖരന്, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്, എ.എന്‍. രാധാകൃഷ്ണന്, ജില്ലകളിലെ പ്രഭാരിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കേന്ദ്രഘടകത്തിനും കൈമാറും.
സുരേന്ദ്രന് മത്സരിക്കണമെന്നാവശ്യം
കേന്ദ്രമന്ത്രി വി. മുരളീധരന്, കെ. സുരേന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാലിതില്‍ തീരുമാനം കേന്ദ്രഘടകത്തിന്റേതായിരിക്കും. മുരളീധരനെ കഴക്കൂട്ടത്താണ് പരിഗണിക്കുന്നത്. മുരളീധരന് മത്സരിക്കുന്നില്ലെങ്കില്‍ സുരേന്ദ്രനാണ് സാധ്യത. കെ. സുരേന്ദ്രന് കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുണ്ട്. നേമത്ത് കുമ്മനം രാജശേഖരന്, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, കോഴിക്കോട്ട് എം.ടി. രമേശ്, മണലൂരില്‍ എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല.
സൂപ്പര്‍ സ്റ്റാറിന്റെ വരവ് പ്രതീക്ഷിച്ച്
നടന് സുരേഷ്ഗോപി സിനിമയുടെ തിരക്കിലാണെങ്കിലും മത്സരിക്കാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദമുണ്ടാകും. തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ താത്പര്യംകൂടി കണക്കിലെടുത്താകുമിത്. തിരുവനന്തപുരമോ വട്ടിയൂര്‍ക്കാവോ പരിഗണനയിലാണെങ്കിലും വട്ടിയൂര്‍ക്കാവില്‍ ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കിക്കഴിഞ്ഞു.
മുന്‍ ഡി.ജി.പി.മാര്‍ പരിഗണനയില്‍
അടുത്തിടെ പാര്‍ട്ടിയിലെത്തിയ ഇ. ശ്രീധരന് തൃപ്പൂണിത്തുറ, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലൊന്നു നല്‍കും. ഇ. ശ്രീധരന് പാലക്കാടാണ് താത്പര്യമെങ്കിലും ബി.ജെ.പി.ക്ക് ആഗ്രഹം തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ്. കൊച്ചി മെട്രോയ്ക്കു നേതൃത്വംകൊടുത്തതും പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിലെ ഇടപെടലും തൃപ്പൂണിത്തുറയില്‍ അദ്ദേഹം മത്സരിച്ചാല്‍ ഗുണമാകുമെന്നു പാര്‍ട്ടി കരുതുന്നു. മുന്‍ ഡി.ജി.പി.മാരായ ജേക്കബ് തോമസിനെ തൃശ്ശൂരിലും ടി.പി. സെന്‍കുമാറിനെ കൊടുങ്ങല്ലൂരിലേക്കുമാണ് പരിഗണിക്കുന്നത്.