വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഇങ്ങനെയാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിക്കുന്നത്. നിയമപ്രകാരം അത്രയേ പാടുള്ളുതാനും. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ അവരുടെ 'ഐഡന്റിറ്റി' വെളിവാക്കുന്ന മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228-എ വകുപ്പാണ് അതിന് കാരണം.

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പേര് പ്രസിദ്ധീകരിച്ചാൽ അവരുടെ ഐഡന്റിറ്റി വ്യക്തമാകും. മാത്രവുമല്ല, പ്രസിദ്ധീകരിക്കുന്ന മാധ്യങ്ങൾ ശിക്ഷാനടപടി നേരിടേണ്ടി വരികയും ചെയ്യും. അങ്ങനെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ ജനപ്രാധിനിത്യ നിയമം അനുസരിച്ച് പേര് പറയാതിരിക്കാനാകുമോ?. 

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയായതുകൊണ്ടു മാത്രമാകാം അവര്‍ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിന് മുന്നില്‍ അവര്‍ 'വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ'യല്ല. മറിച്ച് 25 വയസ്സ് തികഞ്ഞ, വോട്ടര്‍പട്ടികയില്‍ പേരുള്ള, ഇന്ത്യന്‍ പൗരന്‍ മാത്രമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും അവര്‍ക്കുണ്ട്. 

വാളയാര്‍ അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ വോട്ടിങ് യന്ത്രത്തിലും അവരുടെ പേര് വരുന്നതല്ലേ? ഇതിലെ കൗതുകകരമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കാം. രണ്ട് നിയമങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി.) 228-എ വകുപ്പിനെ വ്യാഖ്യാനിക്കേണ്ടിവരും.  

ഐ.പി.സി. 228 എ-യില്‍ പറയുന്നത്:

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് (ഐ.പി.സി. 376, 376 എ, 376എബി,  376 ബി, 376 സി, 376 ഡി, 376 ഡി.എ., 376 ഡി.ബി., 376 ഇ.) ഇരയാകുന്നവരുടെ പേരോ അവരുടെ ഐഡന്റിറ്റി വെളിവാക്കുന്ന മറ്റേതെങ്കിലും വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും നല്‍കാന്‍ ഐ.പി.സി. 228-എ വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സദുദ്ദേശത്തോടെ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ എഴുതി നല്‍കുകയോ പേര് നല്‍കുന്നതില്‍ വിരോധമില്ലെന്ന് ഇര തന്നെ എഴുതി നല്‍കുകയോ ചെയ്താല്‍ പേര് പ്രസിദ്ധീകരിക്കാമെന്ന് ഈ നിയമത്തില്‍ പറയുന്നു. മാത്രവുമല്ല, ഇര മരിച്ചുകഴിഞ്ഞാലോ ഇരയ്ക്ക് മാനസിക വെല്ലുവിളിയുണ്ടെങ്കിലോ ഉറ്റബന്ധുക്കളുടെ സമ്മതപത്രം വാങ്ങിക്കൊണ്ട് പേര് പ്രസിദ്ധീകരിക്കാം. എന്നാൽ ഈ വിഷയത്തിൽ കഠുവ കേസിലെ ഒരു സുപ്രീംകോടതി ഇടപെടൽ കൂടി ശ്രദ്ധയർഹിക്കുന്നുണ്ട്.

പേര് വെളിപ്പെടുത്തരുത്, മരിച്ചവര്‍ക്കും മാന്യതയുണ്ട്-  സുപ്രീംകോടതി

ബലാത്സംഗത്തിന് ഇരയായവര്‍ മരിച്ചുകഴിഞ്ഞാലും അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. മരിച്ചവര്‍ക്കും മാന്യതയുണ്ടെന്നും ബന്ധുക്കളുടെ സമ്മതത്തോടെയാണെങ്കിലും അവരുടെ പേര് പറയുകയോ അപമാനിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മുകശ്മീരിലെ കഠുവയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തിന് വാളയാര്‍ അമ്മയുടെ കാര്യത്തിലും പ്രസക്തിയുണ്ട്. കാരണം ഐ.പി.സി. 228 എ- വകുപ്പില്‍ പറയുന്ന ആനുകൂല്യം പോലും നല്‍കാനാവില്ലെന്ന നിലപാടാണ് കഠുവ കേസിൽ സുപ്രീംകോടതി സ്വീകരിച്ചത്.

മാതാപിതാക്കളുടെ സമ്മതം ലഭിച്ചു എന്ന കാരണംകൊണ്ട്, ഇരയായ കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. മാനസിക വെല്ലുവിളിയുള്ളവര്‍ക്ക് പോലും സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
അങ്ങനെയെങ്കില്‍ ഐ.പി.സി. 228-എ വകുപ്പില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഈ വിഷയത്തില്‍ അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടപ്പോള്‍ പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

പേര് നല്‍കുന്ന മാധ്യമങ്ങളെ ശിക്ഷിക്കുമോ?

ഇത്തരം കേസുകളില്‍ ഇരകളുടെ പേര് നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേ പരാതി ഉയരുകയോ വിഷയത്തില്‍ കോടതികള്‍ സ്വമേധയാ ഇടപെടുകയോ ചെയ്യുമ്പോഴാണ് ഈ ചോദ്യമുദിക്കുന്നത്. കഠുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 12 മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഖേദപ്രകടനവും നടത്തി. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ മരിച്ചുകഴിഞ്ഞാല്‍ പേരു വെളിപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് കരുതിയതെന്നാണ് ചില മാധ്യമങ്ങള്‍ അന്ന് കോടതിയില്‍ പറഞ്ഞത്.

ഈ സാഹചര്യത്തിലാണ് വാളയാർ അമ്മയുടെ വിഷയത്തിൽ മാധ്യമങ്ങൾക്കുമേൽ നിയമത്തിന്റെ കണ്ണ് പതിയുന്നത്. ജനപ്രാതിനിധ്യ നിയമത്തിന് അനുസൃതമായി സ്ഥാനാർഥിയെന്ന നിലയിൽ പേരു പറഞ്ഞ് അവരെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്താം. ആ പരിചയപ്പെടുത്തലിൽ വാളയാർ പെൺകുട്ടികളുടെ അമ്മ എന്ന് വരാതിരിക്കാൻ നോക്കണം. നിലവിൽ വാളയാർ പെൺകുട്ടികളുടെ അമ്മ എന്ന് പരിചയപ്പെടുത്തുന്ന മാധ്യമങ്ങൾ അവർ നാമനിർദേശം നൽകിയാൽ എന്തു ചെയ്യുമെന്നതാണ് ചോദ്യം. 

എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ അമ്മയുടെ പേര് പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ജനപ്രാതിനിധ്യ നിയമവും ഭരണഘടനയും പേര് പറയുന്നതിന് വഴിതെളിക്കുമ്പോള്‍ ഇവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തെ സമരസതയോടെ വ്യാഖ്യാനിക്കണമെന്നും അഭിലാഷ് പറഞ്ഞു.

നിര്‍ഭയ കേസ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കൂട്ടബലാത്സംഗ കേസുകളിലൊന്നാണ് നിര്‍ഭയയുടേത്. രാജ്യം നിര്‍ഭയ എന്നുവിളിച്ച ആ പെണ്‍കുട്ടിയുടെ പേര് പ്രസിദ്ധീകരിക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയെങ്കിലും മാധ്യമങ്ങള്‍ അതു ചെയ്യാറില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പേരുകള്‍ നല്‍കിവരാറുമുണ്ട്.

നിര്‍ഭയ സംഭവത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തിയവരെ പോലീസ് അടിച്ചൊതുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, നിര്‍ഭയ സംഭവത്തില്‍ തനിക്കും ദുഃഖമുണ്ടെന്നും തന്റെ മകളുടെ പേരാണ് ആ പെണ്‍കുട്ടിക്കെന്നും മാധ്യമങ്ങളോട് പറഞ്ഞത് ചര്‍ച്ചയായിരുന്നു

Content Highlights: when Walayar sisters' mother to contest, but Media in a dilemma on not to reveal her name