കലയും സംസ്‌കാരവും ഒത്തു ചേരുന്ന തൃശൂരിന് തിരഞ്ഞെടുപ്പ് സന്ദേശമായി വോട്ടുപാട്ടിന്റെ ഈണവും താളവും. വോട്ടിനായി അണിനിരക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്ന 'വരിക വരിക കൂട്ടരേ'  തിരഞ്ഞെടുപ്പ് ഗാനം ജില്ലാ കല്ക്ടര്‍ എസ് ഷാനവാസ് പ്രകാശനം ചെയ്തു. ഉദയശങ്കറാണ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ സംവിധായകന്‍. ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഈണമിട്ട ഗാനത്തിന്റെ വരികള്‍ രചിച്ചത് തിരഞ്ഞെടുപ്പ് വിഭാഗം മുന്‍  ഡെപ്യൂട്ടി കലക്ടര്‍ യു. ഷീജാ ബീഗമാണ്.

ജനമനസ്സുകളിലേക്ക് വോട്ടിന്റെ പ്രാധാന്യം പങ്കുവെയ്ക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ ഔസേപ്പച്ചന്റെ ചെറുമകള്‍ താഷ അരുണ്‍, കലക്ടര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അഭിനയിച്ചു. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുരോഗമിക്കുന്നത് ഒരു കുട്ടിയിലൂടെയാണ്. രാഷ്ട്രബോധമുള്ള ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമെന്ന രീതിയിലാണ് വീഡിയോയുടെ ആശയം പ്രേക്ഷരിലേക്ക് എത്തുന്നത്. വോട്ടു ചെയ്യുന്നതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതില്‍ കുട്ടി വഹിക്കുന്ന പങ്കും അവളുടെ വോട്ടു ചെയ്യാനുള്ള ആഗ്രഹവും ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നു.

സമ്മതിദാനാവകാശം ഓരോ പൗരന്റെയും കടമയാണെന്നും ജനങ്ങളെല്ലാവരും വോട്ട് ചെയ്യണമെന്നും പ്രകാശന ചടങ്ങില്‍ ഔസേപ്പച്ചന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉറപ്പ് വരുത്തുന്നതിനുമായി ജില്ലാ ഭരണകൂടവും വോട്ടര്‍ ബോധവല്‍ക്കരണ വിഭാഗമായ സ്വീപ്പും സംയുക്തമായി ഒരുക്കിയതാണ് അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ഗാനം.

തൃശൂരിലെ തനതായ പുലിക്കളി, വോട്ട് വണ്ടി, 'വോട്ട്' ഹ്രസ്വ ചിത്രം എന്നിങ്ങനെ വിവിധ തരത്തിലുള്ള വോട്ടവകാശ ബോധവത്കരണ ക്യാമ്പയിനുകളും ജില്ലയില്‍ നടന്നു വരുന്നു. സ്വീപ്പ് പ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.