കോഴിക്കോട്: കാസര്‍കോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 36, 37 പോളിങ്ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍. ഏപ്രില്‍ ആറിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ട് പല ബൂത്തുകളിലും കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭരണകകഷിയുടെ ഭീഷണികള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഗള്‍ഫില്‍ ജോലി നോക്കുന്ന പതിനൊന്ന് പേരുടെ പേരില്‍ കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ രേഖകള്‍ ഇവര്‍ മാതൃഭൂമി ഡോട്ട് കോമിന് കൈമാറി. ഗള്‍ഫിലുള്ള ഈ 11 പേര്‍ക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ടു ചെയ്തവരുടെ പേരുകള്‍ സഹിതമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

37-ാമത്തെ ബൂത്തില്‍ ഉച്ചതിരിഞ്ഞ് 12.45-നെത്തിയ ഒരു കള്ളവോട്ടുകാരനെ തങ്ങള്‍ എതിര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ വോട്ടുചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചെന്ന് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, പിന്നീട് വന്ന കള്ളവോട്ടുകാര്‍ക്കെതിരെ ഭീഷണി കാരണം തങ്ങള്‍ പ്രതികരിച്ചില്ലെന്നും സ്ഥലത്തില്ലാത്ത 11 പേരുടെ പേരിലും വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 

ഈ പതിനൊന്നു പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകള്‍ നടന്നിട്ടുള്ളതെന്നാണ് ആരോപണം. വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് കള്ളവോട്ടുകാര്‍ വന്നതെന്നും എന്നാല്‍ കാര്‍ഡിലെ ഫോട്ടോയും വോട്ടു ചെയ്യാന്‍ വന്നവരും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പറയുന്നത്. 

കള്ളവോട്ടു ചെയ്തവരെ തങ്ങളുടെ ബൂത്ത് ഏജന്റുമാര്‍ക്ക് കൃത്യമായി അറിയാമെന്നും ഇവരുടെ പേരുകള്‍ സഹിതമാണ് തങ്ങള്‍ ഈ ആരോപണം ഉന്നയിക്കുന്നതെന്നും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കൈമാറിയിട്ടുള്ള പട്ടികയില്‍ 11 പേര്‍ ഗള്‍ഫില്‍ ജോലി നോക്കുന്നവരാണ്. രണ്ടു പേര്‍ ഗോവയില്‍ താമസിക്കുന്നവരും ഒരാള്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിക്കാരനുമാണ്. ഇവരാരും തന്നെ ഏപ്രില്‍ ആറിന് നാട്ടിലുണ്ടായിരുന്നില്ലെന്നും ഇവരുടെ പേരില്‍ കള്ളവോട്ടുകള്‍ ആസൂത്രിതമായി രേഖപ്പെടുത്തുകയായിരുന്നുവെന്നുമാണ് പരാതി. പരാതി യു.ഡി.എഫിന്റെ നേതൃനിരയിലുള്ളവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രാദേശികമായി പരാതിപ്പെടാത്തത് ജീവനില്‍ കൊതിയുള്ളതുകൊണ്ടാണെന്നും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പല ബൂത്തുകളിലും ഭീഷണി കാരണം തങ്ങള്‍ക്ക് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഒരിടത്തും കള്ളവോട്ടുകള്‍ നടന്നിട്ടില്ലെന്നും പഴുതടച്ച സംവിധാനമാണ് ഇക്കുറി സജ്ജമാക്കിയിരുന്നതെന്നും കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി കളക്റ്ററും ജില്ലാ വാരണാധികാരിയുമായ സിറോഷ് പി. ജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പോളിങ് ബൂത്തുകളില്‍ സദാസമയം വെബ് ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എല്ലാ പോളിങ് ബൂത്തുകളും തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ജില്ലാ കളക്്റ്ററുടെ  ഓഫീസില്‍ തയ്യാറാക്കിയിരുന്നുവെന്നും ഒരു തരത്തിലുള്ള ക്രമക്കേടുകളും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സിറോഷ് വ്യക്തമാക്കി.

ഗള്‍ഫിലുള്ള പതിന്നൊന്ന് പേര്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നറിയാനാവില്ലേ എന്ന ചോദ്യത്തിന് വോട്ടു ചെയ്തവരുടെ എല്ലാ വിവരങ്ങളും വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം സ്ട്രോങ് റൂമുകളിലാണെന്നും അതുകൊണ്ടുതന്നെ മെയ് രണ്ടിന് വോട്ടെണ്ണല്‍ കഴിഞ്ഞേ ഇക്കാര്യത്തില്‍ ആത്യന്തികമായ പരിശോധന നടത്താനാവുകയുള്ളുവെന്നും വാരണാധികാരി ചൂണ്ടിക്കാട്ടി. 

ഗള്‍ഫിലുള്ള 11 പേരുടെ പേരില്‍ വോട്ടു ചെയ്തിട്ടുണ്ടോ എന്നറിഞ്ഞാല്‍ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് തെളിയും. പക്ഷേ, അതിന് മെയ് രണ്ടു വരെ കാത്തിരിക്കണമെന്നാണ് ജില്ലാ ഭരണാധികാരികള്‍ പറയുന്നത്. കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും മെയ് രണ്ട് കഴിഞ്ഞാല്‍ ജില്ലയിലെ വോട്ടെടുപ്പിന്റെ ചമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉത്തരം പറയേണ്ടി വരുമെന്നും യു.ഡി.എഫ്. ബൂത്ത് തല പ്രവര്‍ത്തനങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: UDF alleges 11 bogus votes polled in Kayyur Cheemeni panchayat