മുപ്പത് സീറ്റ് തരൂ, ഞങ്ങള്‍ കേരളം ഭരിക്കുന്നത് കാണിച്ചുതരാം എന്നായിരുന്നു തിരഞ്ഞെടുപ്പ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രശസ്തമായ പ്രഖ്യാപനം. എന്നാല്‍, ആളും അര്‍ഥവും വേണ്ടുവോളം വിനിയോഗിച്ചുകൊണ്ടുളള ഒരു മാസക്കാലം നീണ്ട പ്രചണ്ഢപ്രചരണത്തിനുശേഷം കൈയില്‍ ആകെയുണ്ടായിരുന്നു ഒരു സീറ്റ് പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ബി.ജെ.പി. അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും പൂജ്യര്‍. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ എ. ഐ.എ.ഡി.എം.കെയുടെ തണലിലാണെങ്കിലും മൂന്ന് ബി.ജെ.പിക്കാര്‍ ജയിച്ചുകയറിയപ്പോഴാണ് അവിടുത്തേക്കാള്‍ വലിയ വേരോട്ടമുള്ള കേരളത്തില്‍ പഴയതുപോലെ പൂജ്യരായി തലകുനിച്ചുനില്‍ക്കേണ്ടിവരുന്നത്.

കേരളത്തിലെ ഗുജറാത്ത് എന്ന് സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തന്നെ വിശേഷിപ്പിച്ച ഏക സിറ്റിങ് സീറ്റായ നേമത്തെ തോല്‍വി ബി.ജെ.പിക്ക് മറ്റെന്തിനേക്കാളും വലിയ മുറിവേല്‍പിക്കുന്നതാണ്. 2016 മുതല്‍ നടന്ന ഒരു തിരഞ്ഞെടുപ്പിലും ബി.ജെ.പി.യെ കൈവിടാത്ത മണ്ഡലമായിരുന്നു നേമം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും തേരോട്ടം നടത്തിയിട്ടും അടിയുറച്ചുതന്നെ ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലം. ഇക്കുറി കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നതു മുതല്‍ തന്നെ ചെറിയൊരു നെഞ്ചിടിപ്പുണ്ടായിരുന്നു ബി.ജെ.പിക്ക്. എങ്കിലും കുമ്മനം പോലൊരു ശക്തനിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന ഉറച്ചവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. മുരളീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേവന്നുവെങ്കിലും ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പ് നല്‍കിയത് ഹൃദയഭേദകമായ ഫലമായി. അഞ്ച് വര്‍ഷം മുന്‍പ് ഒ രാജഗോപാല്‍ 8671 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് കുമ്മനം രാജശേഖരനെ പോലെ അതിശക്തനായ നേതാവ്  5421 വോട്ടിന് തോല്‍ക്കുന്നത്. അവസാനവട്ടം വരെ മുന്നിട്ടുനിന്നാണ് കുമ്മനം സി.പി.എമ്മിന്റെ ശിവന്‍കുട്ടിയോട് തോല്‍വി വഴങ്ങിയത്.  എന്നാല്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണലില്‍ പോലും ഒരിക്കലും കുമ്മനത്തിന്റെ ലീഡ് രണ്ടായിരം കടന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരിക്കല്‍ക്കൂടി ഒരൊറ്റ അംഗം പോലുമില്ലാത്ത ഒരു നിമയസഭ. തെന്നിന്ത്യയില്‍ ബി.ജെ.പിക്ക് സാന്നിധ്യമില്ലാത്ത ഏക സംസ്ഥാന നിയമസഭയായി മാറിയിരിക്കുകയാണ് കേരള നിമയസഭ.

നേമം മാത്രമല്ല, ഇക്കുറി ബി.ജെ.പി പരസ്യമായും രഹസ്യമായും ജയം ഉറപ്പിച്ച അഞ്ചോളം മണ്ഡലങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച പത്തോളം മണ്ഡലങ്ങള്‍ വേറെയും. ശബരിമല വിശ്വാസപ്രശ്‌നവും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവുമെല്ലാം വോട്ടാക്കി ഇവിടെ അത്ഭുതം കാട്ടാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് പാര്‍ട്ടി ആളും അര്‍ഥവുമെല്ലാം വാരി വിതറിയത്. എന്നാല്‍, നേമവും പാലക്കാടും തൃശൂരും ഒഴികെയുള്ള ഒരു മണ്ഡലത്തിലും വലിയ ചലനമുണ്ടാക്കാന്‍, കഴിഞ്ഞ തവണത്തേതില്‍ നിന്ന് വലിയ പുരോഗതി ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് ദയനീയമായ യാഥാര്‍ഥ്യം. പാലക്കാട് അവസാന റൗണ്ട് വരെ മുന്നിട്ടുനിന്നശേഷമാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഷാഫി പറമ്പിലോട് തോറ്റത്. 3840 വോട്ടിന്. സുരേഷ് ഗോപി ഏറെ നേരം ലീഡ് പിടിച്ചെങ്കിലും അവസാനം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമായി രണ്ട് സ്ഥലത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടിടത്തും ഒരിക്കല്‍പ്പോലും ലീഡ് പിടിക്കാന്‍ കഴിഞ്ഞില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു പരാജയപ്പെട്ടതെങ്കില്‍ ഇക്കുറി തോല്‍വിയുടെ മാര്‍ജിന്‍ ഉയര്‍ന്നു. കോന്നിയില്‍ പഴയതുപോലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പടേണ്ടിയും വന്നു. മഞ്ചേശ്വരത്തും ഒരുവേള ചെറിയ ലീഡ് നേടിയ കാസര്‍ക്കോടും അടക്കം ഇക്കറി എട്ടിടത്താണ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്ത് എത്താനായത്. ഇതിൽ തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ മാത്രമാണ് ആദ്യമായി രണ്ടാം സ്ഥാനത്തെത്താനായത്. പട്ടികമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.സുധീർ അവിടെ മികച്ച പ്രകടനം കാഴ്ചവച്ചു.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട എന്നിവയായിരുന്നു പ്രതീക്ഷ വച്ചുപുലര്‍ത്തിയ മറ്റ് മണ്ഡലങ്ങള്‍. ശബരിമല വലിയൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന കാട്ടാക്കടയില്‍ ദേവസ്വംമന്ത്രി കടകംപള്ളി ആധികാരികമായി തന്നെയാണ് വിജയം ആവര്‍ത്തിച്ചത്. തര്‍ക്കംമൂലം വൈകി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ട ശോഭ സുരേന്ദ്രന് പ്രചരണരംഗത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അതൊന്നും വോട്ടില്‍ പ്രതിഫലിച്ചില്ല. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിലെ ക്ഷീണംമാറ്റി വി.വി.രാജേഷിന് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നൊരു ആശ്വാസമുണ്ട്. തിരുവനന്തപുരത്ത് ജയം ഉറപ്പിച്ചമട്ടിലായിരുന്ന നടന്‍ ജി.കൃഷ്ണകുമാറിന് മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന മലമ്പുഴയില്‍ ഇക്കുറിയും വിജയിക്കാനായില്ലെങ്കിലും തോല്‍വിയുടെ മാര്‍ജിന്‍ ഗണ്യമായി കുറയ്ക്കാനായത് സി.കൃഷ്ണകുമാറിന് ആശ്വാസമാണ്. പ്രതീക്ഷ പുലര്‍ത്തിയ മറ്റ് മണ്ഡലങ്ങളായ കാസര്‍ക്കോട്ട് കെ.ശ്രീകാന്ത് ഇടയ്‌ക്കൊന്ന് മുന്നില്‍ കയറിയെങ്കിലും ക്ഷണത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ബി.ബി. ഗോപകുമാര്‍ ഇക്കുറി ചാത്തന്നൂരില്‍ പീതാംബരക്കുറുപ്പിനും പിറകില്‍ മൂന്നാമതായി. മറ്റ് മുന്‍നിര നേതാക്കളെയും പ്രചരണത്തില്‍ വലിയ ഓളം സൃഷ്ടിച്ചവരെയും കാത്തുനിന്നത് ദയനീയമായ തോല്‍വി തന്നെയായിരുന്നു. മുന്‍ സംസ്ഥാനാധ്യക്ഷന്മാരായ സി.കെ.പത്മനാഭന്‍ ധര്‍മടത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ് കോഴിക്കോട് നോര്‍ത്തിലും കെ.പി.പ്രകാശ്ബാബു ബേപ്പൂരിലും സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ തൃശൂരിലെ ഒല്ലൂരിലും മുന്‍ ഡി.ജി.പി. ഡോ. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും എ.എന്‍.രാധാകൃഷ്ണന്‍ മണലൂരിലും ഡോ.കെ.എസ്. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയിലും സന്ദീപ് വാര്യര്‍ ഷൊര്‍ണൂരിലും സന്ദീപ് വാചസ്പതി ആലപ്പുഴയിലും അനൂപ് ആന്റണി അമ്പലപ്പുഴയിലും മൂന്നാമതായി.

അങ്ങനെ അഅഞ്ചു വര്‍ഷത്തിനുശേഷം ബി.ജെ.പി. തുടങ്ങിയ ഇടത്തേയ്ക്ക് തന്നെ മടങ്ങിയ അവസ്ഥയാണ് ഇപ്പോള്‍. പഴയതുപോലെ താമരവിരിയുന്നതും നോക്കിയിരിക്കേണ്ട അവസ്ഥ.