നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയും മുന്നണികള്‍ ഭാഗ്യം പരീക്ഷിക്കാന്‍ സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും താരങ്ങളെയും കളത്തിലിറക്കി. സുരേഷ്‌ഗോപി, മുകേഷ്, കെ,ബി ഗണേഷ്‌കുമാര്‍, മാണി സി കാപ്പന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,  ദലീമ തുടങ്ങിയവര്‍ ഒരു കാലത്ത് തങ്ങളുടെ മുഴുവന്‍സമയ പ്രവര്‍ത്തനമേഖലയായി കണ്ടത് സിനിമാമേഖലയായിരുന്നു. തിരഞ്ഞെടുപ്പില്‍ അണിനിരന്ന താരങ്ങളും അവര്‍ക്ക് മാര്‍ക്കിട്ട ജനങ്ങളും. വായിക്കാം. 

കെ.ബി ഗണേഷ്‌കുമാര്‍

പത്തനാപുരം സ്വദേശിയും കേരളകോണ്‍ഗ്രസി (ബി) നേതാവ് അന്തരിച്ച ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ മകനുമായ കെ.ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ നാലുതവണയും നിയമസഭയില്‍ പത്തനാപുരത്തെ പ്രതിനിധാനം ചെയ്തു. അഞ്ചാം തവണയും ഗണേഷ് തന്നെ. മലയാള സിനിമയിലെ മികച്ച നടന്‍ മാത്രമല്ല, ജനസേവനമറിയാവുന്ന, കേരള രാഷ്ട്രീയമറിയാവുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. യു.ഡി.എഫ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും വനംമന്ത്രിയുമായി. നിലവില്‍ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍. വിദ്യാഭ്യാസം പ്രീഡിഗ്രിയും മേഖല സിനിമയും സാമൂഹികപ്രവര്‍ത്തനവുമാണ്. മുഖ്യ എതിരാളി യുഡിഎഫിലെ ജ്യോതികുമാര്‍ ചാമക്കാലയെ  14,336 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2016-ല്‍ ഇതേ പത്തനാപുരത്തുനിന്നും 24,562 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ്‌കുമാര്‍ നിയമസഭയിലെത്തിയത്. 

എം. മുകേഷ്

കൊല്ലം വടക്കവിള സ്വദേശിയായ നടന്‍ മുകേഷ് മലയാളിയുടെ ചിരപരിചിതമുഖമാണ്. സിനിമയും നാടകവുമാണ് പ്രവര്‍ത്തനമേഖല. നാടകാചാര്യന്‍ ഓ. മാധവന്റെ മകന്‍. കന്നിയങ്കം കുറിച്ച കൊല്ലത്തുനിന്നു തന്നെ നിയമസഭയിലേക്ക് രണ്ടാമൂഴം. കേരള സംഗീതനാടക അക്കാദമിയുടെ മുന്‍ചെയര്‍മാനും നിയമബിരുദധാരിയുമാണ്. യുഡിഎഫിലെ അഡ്വ. ബിന്ദുകൃഷ്ണയേക്കാള്‍ 2072 വോട്ടിന്റെ ലീഡില്‍ സീറ്റ് നിലനിര്‍ത്തി. 2016-ല്‍ 17,611 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു തന്റെ കന്നിയങ്കത്തില്‍ മുകേഷിന് കൊല്ലത്തുനിന്നും നേടാനായത്. 

മാണി.സി കാപ്പന്‍

'ചങ്കാണ് പാലാ' എന്നെഴുതിയ കേക്കുമുറിച്ച് തിരഞ്ഞെടുപ്പ്ഫലം സൂപ്പര്‍ഹിറ്റാക്കിയ അസ്സല്‍ നിര്‍മാതാവ്. 2019 മുതല്‍ പാലായില്‍ നിന്നുള്ള നിയമസഭാംഗമാണ്. ജോസ്.കെ മാണിയെ 15378 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലംപൊത്തിച്ച തിരഞ്ഞെടുപ്പ് സംവിധാനപാടവം ഇത്തവണത്തെ മാണി.സി. കാപ്പന്റെ പ്രകടനത്തില്‍ കാണാന്‍ കഴിഞ്ഞു. 2016-ല്‍ കെ.എം മാണിയോട് 4703 വോട്ടിന് തോറ്റ മാണി സി കാപ്പന്‍ മാണി അന്തരിച്ചപ്പോഴുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് നിയമസഭയിലെത്തിയത്. പാലാ വിധിച്ചത് മാണിയെ ആണ്. അത് കെ.എം ആണോ മാണി സി ആണോ എന്നതല്ല വിഷയം. 

സുരേഷ് ഗോപി
 
നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ്‌ഗോപി തന്റെ തൃശൂരിനെ അമ്പേ വിശ്വസിച്ചതാണ്. കേരളത്തിലെ പൊതുജനങ്ങളുടെ വകതിരിവ് എത്രയോ നിഗൂഢവും അത്രമേല്‍ സുരക്ഷിതവുമാണെന്ന് ആരറിയാന്‍! സുരേഷ്‌ഗോപിയും പത്മജയും കച്ചമുറുക്കി ഇറങ്ങിയ തൃശൂരില്‍ പക്ഷേ ഒരു നിശബ്ദവസന്തം പോലെ സീറ്റും കൊണ്ട് പി. ബാലചന്ദ്രന്‍ പോയി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കാംകോ മുന്‍ചെയര്‍മാനുമായ പി ബാലചന്ദ്രന്‍ രണ്ടാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. എം.എ മലയാളം ബിരുദധാരിയാണ്. 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പത്മജയെ രണ്ടാം സ്ഥനത്തേക്കും സുരേഷ്‌ഗോപിയെ മൂന്നാം സ്ഥാനത്തേക്കും അദ്ദേഹത്തിന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞത്. 2016-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാര്‍ 6987 വോട്ടിന് ജയിച്ച മണ്ഡലമാണ്.തൃശൂരില്‍ ആകെ പോള്‍ ചെയ്ത 1,29,237 വോട്ടുകളില്‍ 40,457 വോട്ടുകളാണ് സുരേഷ്‌ഗോപിക്ക് ലഭിച്ചത്. 

ധര്‍മജന്‍ ബോള്‍ഗാട്ടി

ബോള്‍ഗാട്ടിയില്‍ ഫിഷ്മാര്‍ക്കറ്റ് നടത്തുന്ന അത്ര എളുപ്പമല്ല വടക്കന്‍മലബാറിന്റെ ഇടതുചെങ്കോട്ടയില്‍ നിന്നും വോട്ടുകള്‍ 'കൈ'യിട്ടുവാരുന്നത്. ഒരു നല്ല നടനു നേതാവാകാന്‍ കഴിയും. പക്ഷേ നടനുമാത്രമേ അതിനുകഴിയൂ എന്നു വാശിപിടിക്കാന്‍ പാടില്ലായിരുന്നു ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്സുകാര്‍. ധര്‍മജന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസ്സില്‍ അടിപിടിയും അഭിപ്രായവ്യത്യാസവുമുണ്ടായതാണ്. ഇടതിന്റെ സ്ഥാനാര്‍ഥി എസ്എഫ്‌ഐക്കാരനാണങ്കില്‍ മുന്‍കെഎസ് യുക്കാരനെത്തന്നെ ഇറക്കണമെന്നായിരിക്കാം നിര്‍ബന്ധം. എസ്.എഫ.ഐ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് നെല്ലിക്കുന്ന് സ്വദേശിയുമായ കെ.എം സച്ചിന്‍ദേവിനോട് 20,372 വോട്ടുകള്‍ക്കാണ് ധര്‍മജന്‍ പരാജയപ്പെട്ടത്.71,467 വോട്ടുകളാണ് ധര്‍മജന് ലഭിച്ചത്. 2016-ല്‍ പുരുഷന്‍ കടലുണ്ടി 15,464 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തിലെ ലീഡ് കാര്യമായി ഉയര്‍ത്തിയതില്‍ സച്ചിന്‍ദേവിന് അഭിമാനിക്കാം. 

ദലീമ ജോജോ

ആലപ്പുഴ കരുമാഞ്ചേരി സ്വദേശിനിയായ ദലീമയെ പിന്നണിഗായിക എന്ന നിലയിലും എസ് ജാനകിയുടെ സ്വരമുള്ള ഗായിക എന്ന നിലയിലും ആളുകള്‍ക്ക് പരിചിതയാണ്. ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. സജീവ പാര്‍ട്ടിപ്രവര്‍ത്തക. മൂന്നുതവണ സംഗീത നാടകഅക്കാദമിയുടെ അവാര്‍ഡ് നേടി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം സംഗീതത്തില്‍ ഉപരിപഠനം. സംഗീത അധ്യാപികയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെ 7013 വോട്ടിന് പരാജയപ്പെടുത്തിയാണ് ദലീമ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കടുത്ത മത്സരം നടന്ന അരൂരില്‍ കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് 38, 519 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ്.

വിവേക് ഗോപന്‍

ചവറയില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച സീരിയല്‍താരം വിവേക്‌ഗോപന്‍ 14,211 വോട്ടുകളാണ് നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. സുജിത് വിജയന്‍പിള്ള 1096 വോട്ടിന് ലീഡ് ചെയ്ത ചവറയില്‍ മുഖ്യ എതിരാളി യുഡിഎഫിലെ ഷിബു ബേബിജോണ്‍ ആയിരുന്നു. 62,186 വോട്ടുകളാണ് ഷിബുവിന് നേടാന്‍ കഴിഞ്ഞത്. 2016-ല്‍ എല്‍.ഡി.എഫിലെ എന്‍. വിജയന്‍ പിള്ള 6189 വോട്ടിന് ജയിച്ച മണ്ഡലമാണ് ചവറ.

ജി. കൃഷ്ണകുമാര്‍

ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായ ആന്റണി രാജു എല്‍.ഡി.എഫ് ടിക്കറ്റില്‍ 7089 വോട്ടുകള്‍ക്ക് മത്സരിച്ചു ജയിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ 34,996 വോട്ടുകളോടെ മൂന്നാംസ്ഥാനമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന് ലഭിച്ചത്. ആന്റണി രാജുവിന്റെ മുഖ്യ എതിരാളിയായിരുന്ന യുഡിഎഫിലെ വി.എസ് ശിവകുമാറിന് 41,659 വോട്ടുകളാണ് ലഭിച്ചത്. ജി. കൃഷ്ണകുമാറിനുവേണ്ടി വമ്പിച്ച പ്രചരണപരിപാടികള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 

കെ.എന്‍ അംബിക എന്ന പ്രിയങ്കാ അനൂപ്

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതയായ പ്രിയങ്ക അനൂപ് തന്റെ വീട്ടിലേക്കുള്ള വഴിമുടക്കിയായ ഒരു കനാലിന്റെ പ്രശ്‌നം തീര്‍ത്തുതരാന്‍ നിരവധിതവണ ജനപ്രതിനിധികളെ കണ്ടിട്ടും കാര്യം സാധിക്കാതെ വന്നതിലുള്ള പുനര്‍ചിന്തയില്‍ നിന്നാണ് എന്തുകൊണ്ട് ജനസേവനം ചെയ്തുകൂടാ എന്ന തീരുമാനത്തിലെത്തിയത്. പക്ഷേ തിരഞ്ഞെടുത്തതാവട്ടെ കേട്ടുകേള്‍വിയില്ലാത്ത ഒരു പാര്‍ട്ടിയും; ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി അഥവാ ഡിഎസ്‌ജെപി! ദലീമജോജോയും ഷാനിമോള്‍ ഉസ്മാനും ഇഞ്ചോടിഞ്ഞ് പോരാട്ടം നടത്തിയ അരൂരില്‍ ഇരുമുന്നണികളും മൂന്നാംഘട്ട പ്രചരണവും പൂര്‍ത്തിയാക്കിയപ്പോഴാണ് പ്രിയങ്ക അഥവാ അംബിക തന്റെ കൊടിയും പിടിച്ചിറങ്ങിയത്. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഒരു പ്രകടനത്തിനുള്ള ആളുകള്‍ പ്രിയങ്കക്കനുകൂലമായി വോട്ടു ചെയ്തിരിക്കുന്നു: 457 പേര്‍! പാര്‍ട്ടി വളരുമായിരിക്കും. വളര്‍ന്നാല്‍ പ്രിയങ്കക്കും വളരാം. ഇല്ലേല്‍ അല്പം പ്രചരണപരിചയമൊക്കെ വന്ന സ്ഥിതിക്ക് പാര്‍ട്ടി മാറ്റിപ്പിടിക്കുകയും ചെയ്യാം.

Content Highlights : Film Stars in Kerala Assembly Election 2021