കോവിഡുകാലത്തെ രണ്ടാം തിരഞ്ഞെടുപ്പിന് കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലിച്ച ചട്ടങ്ങളൊക്കെ ഇത്തവണയും ബൂത്തിനു പുറത്തും അകത്തുമുണ്ട്


വോട്ടിങ് സമയം: രാവിലെ ഏഴ് മുതല്‍ ഏഴ് വരെ

ഞാനാ ഫെസിലിറ്റേറ്റര്‍
• മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തില്‍ ഒരു ജീവനക്കാരന്‍ അധികമായുണ്ടാകും, ഫെസിലിറ്റേറ്റര്‍ എന്ന പേരില്‍. ജോലി-തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് നോക്കുക, സാനിറ്റൈസര്‍ നല്‍കുക തുടങ്ങിയവ.

• കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നോ എന്നുറപ്പാക്കാന്‍ ഓരോ കേന്ദ്രത്തിലും ഒരാളും ഇത്തവണയുണ്ട്. ഒരു ബൂത്തില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം ആയിരമാണ്. വോട്ടിങ് സമയം നക്സല്‍ബാധിത പ്രദേശങ്ങളില്‍ രാവിലെ ഏഴുമുതല്‍ ആറുവരെ. മറ്റിടങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ.

• ബൂത്തിന്റെ കവാടത്തില്‍ പോലീസും പ്രശ്‌നബാധിത സ്ഥലങ്ങളില്‍ കേന്ദ്രസേനയും കാവലിനുണ്ടാകും.


ബൂത്തിലേക്ക് തിരിക്കുമ്പോള്‍
• മാസ്‌കും തിരിച്ചറിയല്‍ കാര്‍ഡും മറക്കരുത്. മാസ്‌ക് താടിക്കുതാഴേ തൂക്കിയിടാതെ നേരെ ധരിക്കണം. സാനിറ്റൈസര്‍ കരുതുന്നതും നല്ലത്. ആളുകൂടുന്ന ഇടമായതിനാല്‍ എല്ലാ മുന്‍കരുതലുമെടുക്കണം. വോട്ടര്‍ സ്ലിപ്പ് കരുതുന്നത് വോട്ടുചെയ്യല്‍ വേഗത്തിലാക്കും.

കോവിഡ് ബാധിതര്‍ക്ക്
• വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ് ഇവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം. വരിയില്‍ നില്‍ക്കുന്ന എല്ലാ പൊതു വോട്ടര്‍മാരും വോട്ടിങ് പൂര്‍ത്തിയാക്കിയശേഷം മാത്രം കോവിഡ് ഉള്ളതോ കോവിഡ് സംശയിക്കപ്പെടുന്നയാള്‍ക്കോ വോട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരിക്കൂ.

• ഇവര്‍ പി.പി.ഇ. കിറ്റ്, കൈയുറ, എന്‍. 95 മാസ്‌ക് എന്നിവ ധരിച്ചേ വരാവൂ. ഇവരെത്തുമ്പോള്‍ ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം.

• നാലുമണിക്കൂര്‍ ഇടവിട്ട് മാറ്റി ഉപയോഗിക്കുന്നതിന് മൂന്നു പി.പി.ഇ. കിറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. ഓരോ ബൂത്തിലും 200 മില്ലീലിറ്റര്‍വീതം ഹാന്‍ഡ് വാഷും 500 മില്ലീലിറ്റര്‍ സാനിറ്റൈസറും ഉള്‍പ്പെടുത്തിയ കിറ്റ് നല്‍കും. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2000 ഗ്ലൗസ് ബൂത്തിലുണ്ടാകും. മാസ്‌ക് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ നല്‍കാന്‍ നിര്‍ദേശമുണ്ട്. 200 എണ്ണം സൂക്ഷിച്ച മാസ്‌ക് കോര്‍ണര്‍ ഓരോ ബൂത്തിലും ഒരുക്കാനും നിര്‍ദേശമുണ്ട്. മാസ്‌കും ഗ്ലൗസും ഫെയ്സ് ഷീല്‍ഡും സാനിറ്റൈസറുമൊക്കെയുള്ള കിറ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും പോലീസുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കും. ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിച്ച് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കുമാറ്റും.

ബൂത്തില്‍ എത്തിയാല്‍
• കവാടത്തില്‍ തെര്‍മല്‍ സ്‌കാനറില്‍ പരിശോധനയുണ്ടാകും. ഇവിടെ ചൂടിന്റെ അളവ് നോക്കും. ശരീരോഷ്മാവ് നിശ്ചിത അളവില്‍ കൂടുതലാണെന്നു കണ്ടാല്‍ രണ്ടുപ്രാവശ്യം പരിശോധന. കൂടിയ അളവു തുടര്‍ന്നും കണ്ടാല്‍ ടോക്കണ്‍ നല്‍കി തിരിച്ചയയ്ക്കും. പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ ഇവര്‍ക്ക് കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വോട്ടുചെയ്യാം. ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി ക്യൂ ഒഴിവാക്കും. പോളിങ് ഏജന്റിന് അളവില്‍ക്കൂടുതല്‍ ശരീരോഷ്മാവ് ഉണ്ടെങ്കില്‍ തിരിച്ചയയ്ക്കും. പകരം ആളെ അനുവദിക്കും. സമ്മതിദായകര്‍ ഒഴികെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസില്ലാതെ ആരെയും ബൂത്തില്‍ കയറ്റില്ല.

• * ചൂടുപരിശോധനയില്‍ കുഴപ്പമില്ലാത്തവര്‍ക്ക് നേരെ ബൂത്തിനുള്ളിലേക്ക് കടക്കുന്നവരുടെ നിരയിലെത്താം. അകത്ത് ഉദ്യോഗസ്ഥര്‍ കാത്തിരിപ്പുണ്ടാകും. തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. വോട്ടറെ തിരിച്ചറിയാല്‍ മാസ്‌ക് താഴ്ത്തേണ്ടിവരും. തുടര്‍ന്ന് പോളിങ് രജിസ്റ്ററിര്‍ ഒപ്പിട്ട് വോട്ടുചെയ്ത് മടങ്ങാം. ഒപ്പിടാനും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്താനും കൈയുറ നല്‍കാന്‍ നിര്‍ദേശമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്താകുമിത് നടപ്പാക്കുക.

• വോട്ടര്‍മാര്‍ തമ്മില്‍ രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിക്കണം. നില്‍ക്കാന്‍ സ്ഥലം അടയാളപ്പെടുത്തും. ഇത് നിരീക്ഷിക്കാന്‍ ബൂത്തുതല ഓഫീസര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടാകും. ബൂത്തിനുപുറത്ത് തണലുള്ള ഇരിപ്പിടങ്ങളോടെ കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ട്.

• 15 മുതല്‍ 20 വരെ ആളുകള്‍ക്ക് ഒരേസമയം നില്‍ക്കാന്‍ ക്രമീകരണം. സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍/ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക നിരയുണ്ടാകും. പ്രവേശന കവാടത്തില്‍ സോപ്പും വെള്ളവും ഉണ്ടാകും. ബൂത്തില്‍ കോവിഡ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും.