കോഴിക്കോട്: സി.പി.എമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് നിശ്ചയിക്കുന്നതിനുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ എ.കെ.ജി. സെന്ററില്‍ നടക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സി.പി.എമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എം.എല്‍.എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം സി.പി.എം. വിട്ടുകൊടുക്കും. പിണറായിയും ശൈലജയും ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാകും എന്നാണ് ഒടുവിലത്തെ സൂചനകള്‍.

സ്പീക്കറായി വനിതയെ നിശ്ചയിച്ചാല്‍ കെ.കെ ശൈലജ അല്ലെങ്കില്‍ വീണ ജോര്‍ജ് ഇവരില്‍ ഒരാള്‍ പദവിയിലെത്തും. ശൈലജയെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാണ് എല്ലാ സാധ്യതയും അങ്ങനെയെങ്കില്‍ വനിതാ സ്പീക്കര്‍ എങ്കില്‍ അത് വീണ ജോര്‍ജിനാണ് എല്ലാ സാധ്യതയും

എ.സി. മൊയ്തീന്‍ മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരെയാണ് പരിഗണിക്കുന്നത് യുവജന സംഘടനാ പ്രാതിനിധ്യവും ഇവര്‍ക്ക് അനുകൂല ഘടകമാണ്. 

ആലപ്പുഴയില്‍ നിന്ന് സജി ചെറിയാനോ ചിത്തരഞ്ജനോ വന്നേക്കും. കൊല്ലത്ത് നിന്ന് ബാലഗോപാലിനാണ് സാധ്യത. തിരുവനന്തപുരത്ത് നിന്ന് ശിവന്‍ കുട്ടിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ആന്റണി രാജു കൂടി മന്ത്രിയാകുന്നതോടെ കടകംപള്ളി സുരേന്ദ്രനും വഴിയടയും. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് മാത്രമാണ് സാധ്യത. എറണാകുളത്ത് നിന്ന് പി.രാജീവ്, പാലക്കാട് നിന്ന് എം.ബി.രാജേഷോ മമ്മിക്കുട്ടിയോ എത്തും. കോഴിക്കോട് നിന്ന് കാനത്തില്‍ ജമീലക്കാണ് സാധ്യത. തൃശൂരില്‍ നിന്ന് കെ.രാധാകൃഷ്ണനും മറ്റൊരു മന്ത്രികൂടിയുണ്ടാകുമെന്നാണ് സൂചന. മലപ്പുറത്ത് നിന്ന് പി.നന്ദകുമാര്‍ മന്ത്രി ആയേക്കും. കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ വി. അബ്ദുറഹ്‌മാനെ പരിഗണിക്കാനിടയുണ്ട്.

ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിക്കുമായി രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതിച്ചുനല്‍കി. ആദ്യ ടേമില്‍ ആന്റണി രാജുവും രണ്ടാം ടേമില്‍ ഗണേഷ്‌കുമാറും മന്ത്രിയാകും. ലത്തീന്‍ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ആന്റണി രാജുവിന് ആദ്യം ടേം ലഭിക്കുന്നത്. 

അഹമ്മദ് ദേവര്‍കോവില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും. ഇതില്‍ ആദ്യ ടേം അഹമ്മദ് ദേവര്‍കോവിലിനാകും ലഭിക്കുക. ദശാബ്ദങ്ങളായി ഇടതു മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്ലിനും ഇതാദ്യമായി മന്ത്രിസ്ഥാനം ലഭിക്കുകയാണ് അഹമ്മദ് ദേവര്‍കോവിലിലൂടെ.

സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐയില്‍ നിന്നാകും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. പാര്‍ട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം എന്‍. ജയരാജിനായിരിക്കും. 

ജെ.ഡി.എസ്സിനും എന്‍.സി.പിക്കും ഓരോ മന്ത്രിമാരുണ്ടാകും.