രണ്ടരവര്‍ഷത്തെ മന്ത്രിസ്ഥാനമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന് ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തീരദേശത്തുനിന്നു ലഭിച്ച വന്‍ പിന്തുണയാണ് മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെ അട്ടിമറിക്കാന്‍ ആന്റണി രാജുവിനു തുണയായത്. കോവളം ഒഴിച്ചുള്ള മണ്ഡലങ്ങളിലെല്ലാം തിരുവനന്തപുരത്തെ തീരദേശത്ത് ഇടതുപക്ഷത്തിന് ഇത്തവണ വന്‍പിന്തുണയാണ് ലഭിച്ചത്. ഇതും ആന്റണി രാജുവിന്റെ മന്ത്രിപദവിക്കു കാരണമായി. 
 
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന നേതാവാണ് ആന്റണി രാജു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു ആന്റണി രാജുവിന്റെ സഞ്ചാരം. 
 
1954 നവംബര്‍ 18-ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ ലൂര്‍ദമ്മയുടേയും എസ്. അല്‍ഫോണ്‍സിന്റേയും മകനായി ജനിച്ചു. തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രി പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയസ് കോളേജില്‍നിന്ന് ബിരുദവും. തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമത്തില്‍ ബിരുദവും നേടി.
 
പി.ജെ. ജോസഫിന്റെ വിശ്വസ്തനായി വളര്‍ന്നുവന്ന നേതാവായതോടെ 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രമുഖനായ എം.എം. ഹസനെയാണ് അന്ന് ആന്റണി രാജു പരാജയപ്പെടുത്തിയത്.
 
2001ല്‍ മത്സരിച്ചെങ്കിലും മണ്ഡലത്തില്‍ എം.വി. രാഘവനോട് പരാജയപ്പെട്ടു. തുടര്‍ന്ന് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചില്ല. ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ ഇടക്കാലത്ത് യു.ഡി.എഫിലെത്തിയെങ്കിലും 2016-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജുമുള്‍പ്പെടെ ഒരുവിഭാഗം എല്‍.ഡി.എഫിലെത്തി. 
 
2016-ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനോട് പരാജയപ്പെട്ടു. ഇതിനിടെ 2020-ല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പിനൊപ്പം പോയെങ്കിലും മുന്നണിയില്‍ ഉറച്ച് നില്‍ക്കാനായിരുന്നു ആന്റണി രാജുവിന്റെ തീരുമാനം. 
 
മുന്നണിയില്‍ ഉറച്ച് നില്‍ക്കാനെടുത്ത തീരുമാനത്തിന്റെ അംഗീകാരമായി രണ്ടാം തവണ എം.എല്‍.എ. ആയപ്പോള്‍ മന്ത്രിസ്ഥാനം എല്‍.ഡി.എഫ്. നല്‍കി. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം നല്‍കിയതെങ്കിലും 66 വയസുകാരനായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക സന്ദര്‍ഭമാണ് ഇത്.
 
പൊതുമേഖല സ്ഥാപനമായ തിരുവിതാംകൂര്‍ സിമന്റ്സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍, കരകൗശല വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.  ഭാര്യ- ഗ്രേസി രാജു. മക്കള്‍- റോഷ്ണി രാജു, റോഹന്‍ രാജു
 
Content Highlight: Antony Raju minister in first term