കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനുമായ അനില്‍ ആന്റണി തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ്. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് സിപിഎമ്മിനെയും ബിജെപിയെയും സൈബറിടങ്ങളില്‍ പിന്നിലാക്കിയ തന്ത്രങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നു. അതിനൊപ്പം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും അനില്‍ ആന്റണി മനസ് തുറക്കുന്നു. 

തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങള്‍

പിസിസി അധ്യക്ഷന്‍ മുന്‍കൈയെടുത്ത് തുടങ്ങിയ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു. എം.പി. ശശി തരൂര്‍ ആണ് അതിന്റെ ചെയര്‍പേഴ്സണ്‍. ഇതോടൊപ്പം എഐസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് ഞാന്‍. കേരളത്തില്‍ പ്രധാനമായും ശ്രദ്ധിച്ച് ഡിജിറ്റല്‍ മേഖലയില്‍ തന്നെയാണ്. ഇതിനൊപ്പം പ്രചാരണ രംഗത്തും മാനേജ്മെന്റിലും പങ്കാളിയായി. 

ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റേതൊരു പാര്‍ട്ടിയേക്കാളും സൈബര്‍ രംഗത്ത് സജ്ജരായിരുന്നു. 2019ല്‍ സൈബര്‍ സെല്‍ രൂപീകരിക്കുമ്പോള്‍ മുതല്‍ ഈ രംഗത്ത് പരിചയസമ്പത്തുള്ള മികച്ചൊരു ടീമാണ് കോണ്‍ഗ്രസിനുള്ളത്. 2019ല്‍ പ്രവര്‍ത്തിക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ കോവിഡ് വ്യാപനവും മറ്റും വന്നതുമൂലം ഡിജിറ്റലൈസേഷന്‍ വ്യാപകമായി. അതുകൊണ്ട് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം താഴെത്തട്ടുവരെ എത്തിക്കാന്‍ സാധിച്ചു. 

anil antony

ബൂത്ത് തലം വരെ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരാന്‍ സാധിച്ചു. പ്രവാസ ലോകത്ത് മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സൈബര്‍ പോരാളികളുടെ സെല്ലുകളുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് എല്ലാ ജില്ലകളിലും മിക്ക പഞ്ചായത്തുകളിലും ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടാക്കാന്‍ സാധിച്ചു. ഇത്തരമൊരു അടിത്തറയിലാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 

കോണ്‍ഗ്രസിന് പരിചിതമല്ലാത്തൊരു മേഖലയാണ് സൈബര്‍ രംഗം. അതിലേക്ക് എങ്ങനെ പാര്‍ട്ടിയെ നയിക്കാനായി?

തിരഞ്ഞെടുപ്പ് ഇല്ലാത്തപ്പോള്‍ പരിമിതമായ മുഴുവന്‍സമയ സംവിധാനം മാത്രമേ ഉള്ളൂ. വിരലിലെണ്ണാവുന്ന ചെറിയൊരു സംവിധാനം മാത്രമായിരുന്നു അത്. പക്ഷെ തിരഞ്ഞെടുപ്പ് ആയപ്പോള്‍ അവസാനത്തെ ഒരുമാസം കൊണ്ട് എല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കിയെടുത്തു. തിരുവനന്തപുരത്തും കോഴിക്കോടുമായി പൂര്‍ണസജ്ജമായ രണ്ട് വാര്‍ റൂമുകള്‍ തയ്യാറാക്കി. ഇതിനൊപ്പം മറ്റ് ജില്ലകളില്‍ ഇതിന്റെ മിനിയേച്ചര്‍ സംവിധാനവുമൊരുക്കി. ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റി ഇതിനായി ഒരു കെ.പി.സി.സി സെക്രട്ടറിയെ ചുതലപ്പെടുത്തി.

ഇതൊക്കെ വളരെ കുറഞ്ഞ സമയംകൊണ്ട് ചെയ്ത കാര്യങ്ങളാണ്. കഴിഞ്ഞ മൂന്നാഴ്ചത്തെ വിവരങ്ങള്‍ നോക്കിയാല്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും ഒഫിഷ്യല്‍ ഹാന്‍ഡിലുകളേക്കാള്‍ റീച്ച് ഞങ്ങള്‍ക്ക് കൂടുതലായിരുന്നു. 

സൈബര്‍ രംഗത്തെ ഇടപെടല്‍ എത്രത്തോളം ഗുണം ചെയ്തു

രണ്ടുകാരണങ്ങളുണ്ട്. ഒന്ന്, കോവിഡ് കാലത്ത് ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതലായി. കോവിഡ് മൂലം പരമ്പരാഗത കാമ്പയിനുകള്‍ക്ക് നിയന്ത്രണമുണ്ടായി. അതുപോലെ തന്നെ കേരളത്തില്‍ ശരാശരി 27 വയസുവരെയുള്ളവരാണ് കൂടുതല്‍. അതായത് 50 ശതമാനത്തോളം ആളുകള്‍ 27 വയസില്‍ താഴെയുള്ളവരാണ്. യുവാക്കളായിട്ടുള്ള വലിയൊരു ജനസംഖ്യ ഈ സംസ്ഥാനത്തുണ്ട്. ഇവരുടെ ആശയവിനിമയങ്ങളെല്ലാം ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ്. 

anil antonyഅങ്ങനെവരുമ്പോള്‍ സമൂഹമാധ്യങ്ങള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്. പക്ഷെ ഇതുകൊണ്ട് മാത്രം ഒരു തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല. അതിന് സംഘടനാ ശക്തിയും കൂടെ വേണം. സൈബര്‍ രംഗമെന്നത് സംഘടനയെ ശക്തിപ്പെടുത്താനുള്ള ഉപകരണം മാത്രമാണ്. ഇതില്ലെങ്കില്‍ പരാജയപ്പെടുകയോ ഉണ്ടെങ്കില്‍ ജയിക്കുകയോ ചെയ്യാം. പക്ഷെ സംഘടനാ സംവിധാനമാണ് പ്രധാനപ്പെട്ടത്. 

സംഘടനാ പ്രവര്‍ത്തനം വളരെ ശക്തമാണ് കേരളത്തില്‍. അതിനെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക എന്നതായിരുന്നു പ്രധാനമായും ഞങ്ങള്‍ ഉദ്ദേശിച്ചത്. അത് വളരെ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. 

ഇപ്രാവശ്യം അനുകൂലമായി നിരവധി ഘടകങ്ങളുണ്ടായിരുന്നു. കേന്ദ്രനേതൃത്വം ഒരുപാട് ശ്രദ്ധ കേന്ദ്രീകരിച്ചു. രാഹുല്‍ജിയും പ്രിയങ്കാജിയും 14 ദിവസത്തിനിടെ ഇവിടെ പ്രചാരണത്തിനെത്തി. അതിനൊപ്പം മികച്ച നിരവധി കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. മറ്റ് രണ്ടുമുന്നണികളേക്കാള്‍ മികച്ച പ്രകടന പത്രിക ഇപ്രാവശ്യം യുഡിഎഫിന്റേതായിരുന്നു. ഇതൊക്കെ കൊണ്ട് സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വളരെ അനുകൂലമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 

കോണ്‍ഗ്രസിന് അധികം പരിചിതമല്ലാത്തൊരു മേഖലയാണ് സൈബര്‍ രംഗത്തെ ഇടപെടല്‍, പാര്‍ട്ടിയെ ഇത്തരമൊരു വഴിയിലേക്ക് കൊണ്ടുവന്നതിന്റെ അനുഭവമെങ്ങനെ?

12 വര്‍ഷമായി ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ മേഖല ഇതായതുകൊണ്ട് തന്നെ ആ രീതിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എനിക്ക് ചുമതല നല്‍കി. പാര്‍ട്ടിയുമായി വൈകാരിക അടുപ്പം ഉള്ളതുകൊണ്ടുതന്നെ പ്രവര്‍ത്തിക്കാനിറങ്ങി. അതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. അതുമാത്രമല്ല ഡിജിറ്റല്‍ മേഖലയ്ക്ക് പുറത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും സാധിച്ചു. പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ച് ഒമ്പത് ജില്ലകളിലായി 27 മണ്ഡലങ്ങളില്‍ ഗൃഹസമ്പര്‍ക്കവും 50ല്‍ അധികം കുടുംബയോഗങ്ങളും നടത്തി. പാര്‍ട്ടി സമ്മേളനങ്ങളിലും കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. ഇതില്‍ പലതും വലിയ അനുഭവങ്ങളാണ്. എന്റെ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്നവയായിരുന്നു പലതും. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യുഹങ്ങളേപ്പറ്റി

2019ല്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ സ്ഥാനം നല്‍കിയപ്പോള്‍ തന്നെ ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നതാണ്. അന്നും ഇന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട് അതിനില്ല എന്ന്. എന്റെ പരിചയസമ്പത്തും പ്രാഗത്ഭ്യവുമുള്ള മേഖലയില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ നോക്കുന്നത്. അതിനപ്പുറത്തേക്കൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. മറ്റ് തരത്തിലുള്ള പ്രചാരണത്തിലൊന്നും വാസ്തവമില്ല. 

സമൂഹമാധ്യമങ്ങളില്‍ വന്ന അധിക്ഷേപത്തേക്കുറിച്ച്?

ഇക്കാര്യം വ്യക്തമാക്കി ഞാന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നതാണ്. ഒഫിഷ്യല്‍ ഹാന്‍ഡിലുകളല്ലാതെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം ഫെയ്സ്ബുക്ക് പേജുകളുണ്ട്. ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവരിലൊരാള്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും ഔദ്യോഗിക അംഗീകാരം വേണമെന്നുമാണ് ആവശ്യം. അതുപക്ഷെ ചെയ്തുകൊടുക്കാന്‍ നിലവില്‍ സാധിക്കില്ല. അങ്ങനെയൊരു സംവിധാനമല്ല ഞങ്ങളുടേത്. അവരുടെ ആവശ്യം നിരസിച്ചതിന്റെ പരിഭവമാണ് കണ്ടത്. 

സിപിഎമ്മിനെയോ ബിജെപിയേയോ വെച്ച് നോക്കുമ്പോള്‍ സൈബര്‍ രംഗത്ത് കോണ്‍ഗ്രസിന് ഘടനാപരമായ സംവിധാനമോ റിസോഴ്സുകളോ ഇല്ല. മുന്‍ധാരണകളൊന്നുമില്ലാതെ പാര്‍ട്ട് ടൈമായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങളുടെ ശക്തി. ഇവരെയെല്ലാം ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവര്‍ക്ക് ഒരു വേദിയൊരുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ അവരെയെല്ലാം ഒഫിഷ്യലാക്കാനുള്ള അധികാരമൊന്നും ഞങ്ങള്‍ക്കില്ല. അതൊന്നും പ്രായോഗികവുമല്ല. അങ്ങനെ പ്രതീക്ഷിച്ചവര്‍ക്ക് ചില പരിഭവങ്ങളുണ്ടാകാം. ചിലരൊക്കെ അങ്ങനെയാണ് പരിഭവങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതിനപ്പുറത്തേക്കൊന്നും ഞാന്‍ കാണുന്നില്ല.