റ്റവും ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മേഖലയാണ് തെക്കന്‍ കേരളം. ജാതി-മത ഘടകങ്ങള്‍ കെട്ടിപുണര്‍ന്ന് കിടക്കുന്ന തെക്കന്‍ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും അതിതീവ്രമായ മത്സരമാണ് ഇത്തണ നടക്കുന്നത്. പ്രചാരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് വിദഗദ്ധര്‍ക്കും പ്രവചനം അസാധ്യമായ നേമവും കഴക്കൂട്ടവും ആറന്മുളയമുടങ്ങുന്ന തെക്കന്‍ കേരളത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലായി 39 മണ്ഡലങ്ങളാണുള്ളത്. 2016-ല്‍ ഇടതുപക്ഷത്തിന് മൃഗീയ ആധിപത്യം തെക്കന്‍ കേരളത്തിലുണ്ടായിരുന്നു. 39 മണ്ഡലങ്ങളില്‍ 32 ഇടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാനായി. ആറിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപിക്ക് ആദ്യമായി ഒരു പ്രതിനിധിയെ നല്‍കിയതും തെക്കന്‍ കേരളമാണ്.

ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെ ജില്ലയില്‍ ഒമ്പതില്‍ എട്ട് മണ്ഡലങ്ങളും എല്‍ഡിഎഫ് 2016-ല്‍ തൂത്തുവാരി. ഉപതിരഞ്ഞെടുപ്പ് നടന്ന അരൂര്‍ പിന്നീട് എല്‍ഡിഎഫിനെ കൈവിട്ടു. കൊല്ലത്ത് യുഡിഎഫിനോട് ഒരു ദയയും കാണിക്കാതെ പതിനൊന്ന് മണ്ഡലങ്ങളും എല്‍ഡിഎഫ് സ്വന്തമാക്കി. പത്തനംതിട്ടയില്‍ ആകെ അഞ്ച് മണ്ഡലങ്ങളാണുള്ളത്. ഇതില്‍ അടൂര്‍ പ്രകാശ് മത്സരിച്ച കോന്നിയില്‍ മാത്രമായിരുന്നു 2016-ല്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ കോന്നിയും എല്‍ഡിഎഫ് സ്വന്തമാക്കി ജില്ലയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചു. തിരുവനന്തപുരത്ത് മാത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞ തവണ നേരിയ ശ്വാസം അവശേഷിച്ചത്. 14 മണ്ഡലങ്ങളാണ് തിരുവനന്തപുരത്തുള്ളത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ നാല് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. നേമത്ത് ബിജെപിയും ജയിച്ചു. ബാക്കി ഒമ്പത് സീറ്റുകളും എല്‍ഡിഎഫ് നേടി. ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവ് പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്തു.

ഇതാണ് 2016-ലെ സ്ഥിതിയെങ്കിലും ഇത്തവണ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ശബരിമല പ്രധാന പ്രചാരണ വിഷയമായി മാറിയ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ ഒരു മുന്നണിക്കും കൃത്യമായി ആധിപത്യമുണ്ടെന്ന് പറയാനാവില്ല. തെക്കന്‍ജില്ലകളില്‍ എത്ര സീറ്റുകള്‍ അധികമായി ലഭിച്ചാലും യു.ഡി.എഫിന് നേട്ടമെന്ന് പറയാം. എന്‍.ഡി.എ. പ്രാതിനിധ്യം ഉയര്‍ത്താനുള്ള ശ്രമവുമുണ്ട്. ഈ നീക്കങ്ങളെ അതിജീവിച്ച് സീറ്റുകള്‍ നിലനിര്‍ത്തി തുടര്‍ഭരണമാണ് ഇടതുലക്ഷ്യം. ഈ പ്രാധാന്യം കണക്കിലെടുത്ത് തെക്കന്‍ ജില്ലകളില്‍ ദേശീയനേതാക്കള്‍ തമ്പടിച്ചാണ് പ്രചാരണം. ഏത് ഉള്‍വഴിയിലും ഒരു ദേശീയ നേതാവിന്റെ റോഡ് ഷോ പ്രതീക്ഷിക്കാമെന്നതാണ് അവസാനദിനങ്ങളിലെ സ്ഥിതി.

ഓരോ ജില്ലകളിലേയും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥിതി വിശേഷങ്ങളിലേക്ക് കടക്കാം-

തിരുവനന്തപുരം

തലസ്ഥാനം ആര്‍ക്കൊപ്പമാണോ അവര്‍ക്കാണ് കേരളഭരണം എന്നത് ചരിത്രവാക്യം. തിരഞ്ഞെടുപ്പുവിജ്ഞാപനത്തിനുമുമ്പേ നേമവും കഴക്കൂട്ടവും വാര്‍ത്തകളില്‍ നിറഞ്ഞു. ഇരുമണ്ഡലങ്ങളിലും ത്രികോണം തന്നെയാണ് മത്സരം. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും മൂന്നുമുന്നണികളും കടുത്ത മത്സരത്തിലാണ്.

വികസനത്തിലൂന്നിയുള്ള ചര്‍ച്ചയ്ക്കാണ് എല്‍.ഡി.എഫ്. ശ്രമിക്കുന്നത്. സര്‍ക്കാര്‍ സേവനംകൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ ഏറെയുള്ള ജില്ലയില്‍ വിശ്വാസകാര്യങ്ങളിലുള്ള താത്പര്യവും പ്രധാനം. സ്വര്‍ണക്കടത്തും ആഴക്കടല്‍ മീന്‍പിടിത്തക്കരാറും ശബരിമലയും ചര്‍ച്ചയാകുംപോലെത്തന്നെ പ്രധാനമാണ് സൗജന്യകിറ്റും ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും. എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ശമ്പളത്തില്‍ ഓരോ തുട്ടിനും കണക്കുള്ളതിനാല്‍ ജീവിതരീതിയില്‍ ആനുകൂല്യങ്ങള്‍ക്ക് മൂല്യംകൂടുക സ്വാഭാവികം.

2016-ലെ തിരഞ്ഞെടുപ്പില്‍ ഒമ്പതുസീറ്റ് എല്‍.ഡി.എഫിനും നാലെണ്ണം യു.ഡി.എഫിനും ഒന്ന് എന്‍.ഡി.എക്കുമായിരുന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ഒരെണ്ണംകൂടി യു.ഡി.എഫില്‍നിന്ന് ഇടതുപക്ഷത്തായി. നേമത്തെ വിജയവും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ രണ്ടാംസ്ഥാനവുമായി ബി.ജെ.പി.യുടെ സംസ്ഥാനത്തെ മികച്ച ജില്ലയാക്കി തിരുവനന്തപുരം മാറിയിരുന്നു.

ശബരിമലപ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത് കഴക്കൂട്ടത്താണ്. ആഴക്കടല്‍ക്കരാര്‍ കോവളം, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡലങ്ങളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. സംവരണമില്ലാതിരുന്ന നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി.യില്‍ ഉള്‍പ്പെടുത്തിയത് പാറശ്ശാല, നെയ്യാറ്റിന്‍കര, അരുവിക്കര, കോവളം, കാട്ടാക്കട മണ്ഡലങ്ങളില്‍ പ്രതിഫലിച്ചേക്കും. ജലപാതമുതല്‍ ഐ.ടി.വികസനം വരെയുള്ള വികസനപദ്ധതികള്‍ തിരുവനന്തപുരം, കഴക്കൂട്ടം, വര്‍ക്കല മണ്ഡലങ്ങളില്‍ അന്തരീക്ഷത്തിലുണ്ട്. സര്‍ക്കാര്‍ജോലിയെ ശ്രീപദ്മനാഭന്റെ ചക്രത്തിന് തുല്യം കാണുന്ന ജില്ലയില്‍ പിന്‍വാതില്‍നിയമനവും ചലനം സൃഷ്ടിക്കാന്‍ പോന്നതാണ്. ലൈഫ് വീടുകളടക്കം മത്സ്യത്തൊഴിലാളിമേഖലയിലെ ക്ഷേമം ഭരണപക്ഷം എടുത്തുകാട്ടുന്നു.

നേമത്ത് കുമ്മനം രാജശേഖരന്‍, വി. ശിവന്‍കുട്ടി എന്നിവരെ നേരിടാന്‍ കെ. മുരളീധരന്‍ വന്നതോടെ മത്സരംമുറുകി. കോണ്‍ഗ്രസില്‍നിന്ന് ചോര്‍ന്ന വോട്ടുകള്‍ ഒരുപരിധിവരെ മുരളീധരന് തിരിച്ചെത്തിക്കാന്‍ പറ്റിയേക്കും. എന്നാല്‍, ദുര്‍ബലമായ സംഘടനാസംവിധാനം പരിമിതിയാണ്. തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍, ആന്റണി രാജു, സിനിമാതാരം കൃഷ്ണകുമാര്‍ എന്നിവര്‍ അണിനിരക്കുന്ന മത്സരം പ്രവചനാതീതം.

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ എതിരിടാന്‍ ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി.ക്കായി എത്തിയതോടെ മത്സരം കടുത്തു. ആഗോളതലത്തില്‍ പ്രശസ്തനായ ഡോക്ടര്‍ എസ്.എസ്. ലാലിനെ സ്ഥനാര്‍ഥിയാക്കി യു.ഡി.എഫ്. മത്സരത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു.

ആറ്റിങ്ങലില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈയുണ്ട്. ചിറയിന്‍കീഴില്‍ ദാരിദ്ര്യത്തിന്റെ പരിമിതികളെ അതിജീവിച്ച് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ ബി.എസ്. അനൂപ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. തുല്യനിലയില്‍ പോരാട്ടം നടക്കുന്ന നെടുമങ്ങാട്ടും വാമനപുരത്തും അടിയൊഴുക്കുകള്‍ വിധിനിര്‍ണയിക്കും.

അരുവിക്കരയില്‍ കോണ്‍ഗ്രസിലെ കെ.എസ്. ശബരിനാഥിന് അനായാസവിജയമായിരുന്നു പ്രവചിക്കപ്പെട്ടതെങ്കില്‍ നാടാര്‍ വിഭാഗത്തില്‍നിന്നുള്ള ജി. സ്റ്റീഫന്‍ സി.പി.എം. സ്ഥാനാര്‍ഥിയായതോടെ മത്സരം കടുത്തു. കാട്ടാക്കടയില്‍ ഐ.ബി. സതീഷ്, മലയിന്‍കീഴ് വേണുഗോപാല്‍ എന്നിവര്‍ക്കെതിരേ പി.കെ. കൃഷ്ണദാസ് എത്തിയത് മത്സരഫലം പ്രവചനാതീതമാക്കി. പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എ.മാരുടെ സത്പേരിന് ഒപ്പംനില്‍ക്കുന്നതാണ് പരിചയസമ്പന്നരായ എതിര്‍സ്ഥാനാര്‍ഥികളുടെ വ്യക്തിബന്ധങ്ങള്‍. ബി.ജെ.പി. പിടിക്കുന്ന വോട്ടുകളും ഇവിടെ നിര്‍ണായകമാകും.

കൊല്ലം

ചക്രവാളത്തില്‍പോലും സൂര്യന്‍ തലപൊക്കുംമുമ്പ് ആഴക്കടലിന്റെ രഹസ്യം വലയിലാക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ഗാന്ധി വള്ളംകയറിയത് ചാകര കണ്ടാണോ? കൊല്ലം, കുണ്ടറ മണ്ഡലങ്ങള്‍ അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ ചര്‍ച്ച ആഴക്കടലിനെക്കുറിച്ചാണ്. അതില്‍ വിവാദമായ ആഴക്കടല്‍ക്കരാറുണ്ട്, രാഹുല്‍ ഗാന്ധിയുടെ കടലില്‍ ചാട്ടത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളുണ്ട്, നാളെയെക്കുറിച്ചുള്ള വ്യാകുലതകളുണ്ട്, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ചെയ്ത നല്ലകാര്യങ്ങളുണ്ട്... രാഹുലിന്റെ ചാട്ടം ചാകര കൊണ്ടുവന്നില്ലെങ്കിലും പത്തുവര്‍ഷമായി കോണ്‍ഗ്രസുകാര്‍ ആരുംജയിക്കാത്ത ജില്ലയുടെ വറുതിക്ക് അറുതിവരുമെന്ന സൂചനയാണ് ഇപ്രാവശ്യം കൊല്ലത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടും എല്‍.ഡി.എഫ്. വലയിലാക്കിയെന്ന രാഷ്ട്രീയചിത്രം മനസ്സിലാക്കുമ്പോഴേ യു.ഡി.എഫ്. വെറുംകൈയോടെ നിന്നതിന്റെ പൊരുളറിയൂ.

11 മണ്ഡലങ്ങളില്‍ കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി, പത്തനാപുരം മണ്ഡലങ്ങളില്‍ കടുത്തമത്സരമാണ്. പുനലൂര്‍, ഇരവിപുരം മണ്ഡലങ്ങളില്‍ നല്ല മത്സരമാണെങ്കിലും എല്‍.ഡി.എഫിനും ചവറയില്‍ യു.ഡി.എഫിനും മേല്‍ക്കൈയുണ്ടെന്ന് പറയാം. കൊട്ടാരക്കര, കുന്നത്തൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മുന്‍കാല വോട്ടുകണക്കുകളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമുണ്ടെങ്കിലും ശക്തമായ മത്സരമായതിനാല്‍ അടിയൊഴുക്കുകളാണ് പ്രധാനം. ചാത്തന്നൂരിലാണ് ജില്ലയില്‍ യഥാര്‍ഥത്തില്‍ ത്രികോണമത്സരം.

കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി സംസ്ഥാനസര്‍ക്കാരിന്റെ ആഴക്കടല്‍ മീന്‍പിടിത്തക്കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടയലേഖനം ഇറക്കിയതിന് രാഷ്ട്രീയപ്രത്യാഘാതം ഉണ്ടാകാമെന്നാണ് നിരീക്ഷണം. കശുവണ്ടി ഫാക്ടറികളുടെ ഷട്ടര്‍ ഉയരാത്തതും പിന്‍വാതില്‍ നിയമനവുമാണ് മറ്റ് പോരാട്ടവിഷയങ്ങള്‍. സംസ്ഥാനത്ത് കൂടുതല്‍ പി.എസ്.സി. പരീക്ഷാപരിശീലനകേന്ദ്രങ്ങളുള്ള ഈമേഖലയില്‍ പിന്‍വാതില്‍ നിയമനവിവാദം പ്രതിപക്ഷം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യം വ്യക്തം. അഞ്ചുവര്‍ഷം പി.എസ്.സി. നിയമനങ്ങളില്‍ നേടിയ റെക്കോഡിന്റെ കണക്കുനിരത്തിയാണ് ഭരണപക്ഷത്തിന്റെ മറുപടി.

മണ്ഡലപുനര്‍നിര്‍ണയത്തില്‍ യു.ഡി.എഫിന് ഏറ്റവും അനുകൂലമായിരുന്നു പത്തനാപുരവും ചവറയും. അവ രണ്ടും യു.ഡി.എഫുകാരായിരുന്നവരെ അടര്‍ത്തി എല്‍.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു.ഇവിടെ മത്സരം രാഷ്ട്രീയമാക്കാനാണ് യു.ഡി.എഫ്. ശ്രമം. ചടയമംഗലത്ത് സി.പി.ഐ.യില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം നീറിനില്‍ക്കുന്നു. നേതൃത്വത്തിന്റെ മുകള്‍ത്തട്ടില്‍ തര്‍ക്കം പരിഹരിച്ചെങ്കിലും പ്രാദേശികമായി കണ്‍വെന്‍ഷന്‍ ചേരുന്നതുവരെയെത്തിയ പ്രതിഷേധങ്ങളുടെ പ്രകമ്പനങ്ങള്‍ നിലനില്‍ക്കുന്നു. കുന്നത്തൂരില്‍ ആര്‍.എസ്.പി.(എല്‍)യിലെ പ്രശ്‌നങ്ങള്‍ കോവൂര്‍ കുഞ്ഞുമോന് മാര്‍ഗതടസ്സമുണ്ടാക്കിയേക്കാം.

പത്തനംതിട്ട

ശബരിമല ഉള്‍പ്പെടുന്ന ജില്ലയില്‍ ഇപ്രാവശ്യം ശബരിമല മാത്രമായിരുന്നില്ല ചര്‍ച്ചാവിഷയം. ആര്‍.എസ്.എസ്. നേതാവ് ആര്‍. ബാലശങ്കര്‍ ഉന്നയിച്ച സി.പി.എം.-ബി.ജെ.പി. ഡീല്‍ ഒരുവേള തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്തുവന്നു. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റമുണ്ടാക്കുന്ന ചലനങ്ങളാണ് മറ്റൊരു പ്രധാനഘടകം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ പൊതുവേ എല്‍.ഡി.എഫ്. അനുകൂലനിലപാടെടുത്തിരുന്നു. സഭാസെക്രട്ടറിയുടെ ഭാര്യയെ ആറന്മുളയില്‍ സ്ഥാനാര്‍ഥിയാക്കുവോളം ആ ബന്ധം ദൃഢവുമായി. എന്നാല്‍, സഭാതര്‍ക്കത്തില്‍ നിലവില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. സര്‍ക്കാരുമായുള്ള ബന്ധത്തില്‍ വിള്ളലുംവീണു. സഭ ഔദ്യോഗികമായി നിലപാടുപ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചന വ്യക്തമാണ്.

അഞ്ച് മണ്ഡലങ്ങളുള്‍പ്പെടുന്ന ജില്ല സ്ഥിരമായി ആരോടും കൂറുപ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോന്നി ഒഴികെ നാലും ഇടതുമുന്നണിക്കൊപ്പമായി. ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും ചുവന്നു. ഇത്തവണ കെ. സുരേന്ദ്രനും എത്തിയതോടെ കോന്നിയില്‍ മത്സരം ത്രികോണമായി.

ആറന്മുളയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ളതാണെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞപ്രാവശ്യത്തെ എതിരാളികളായ വീണാ ജോര്‍ജും കെ. ശിവദാസന്‍ നായരും ഇവിടെ വീണ്ടും നേര്‍ക്കുനേര്‍ പോരിലാണ്. സാമുദായിക ഏകീകരണം വന്നാല്‍ അത് ഫലത്തെയും ബാധിക്കാം. തിരുവല്ലയിലും റാന്നിയിലും കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റത്തിന്റെ മാറ്ററിയാം. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കഴിഞ്ഞ മൂന്നുതിരഞ്ഞെടുപ്പുകളിലായി ഇടതുമുന്നണിക്ക് ഗുണമാകാറുണ്ട്. ഇപ്രാവശ്യം കേരള കോണ്‍ഗ്രസില്‍ പുറമേയ്ക്ക് പ്രശ്‌നമില്ല. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം പോയത് പ്രധാനമായും തിരുവല്ലയിലാകും കാര്യമായി ബാധിക്കുക. വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആസ്ഥാനം ഉള്‍പ്പെടുന്ന തിരുവല്ലയില്‍ സാമുദായികനേതൃത്വങ്ങളുടെ നിലപാടിനും പ്രസക്തിയുണ്ട്. റാന്നി കേരള കോണ്‍ഗ്രസിന് കൈമാറിയതില്‍ സി.പി.എം. പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അതുമാറി സി.പി.എം. സജീവമായിട്ടുണ്ട്. നാലുപ്രാവശ്യം കൈവിട്ട റാന്നി, രാജു ഏബ്രഹാം മാറിയതിന്റെകൂടി ആനുകൂല്യത്തില്‍ തിരിച്ചുപിടിക്കാമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

ആലപ്പുഴ

ആലപ്പുഴയില്‍നിന്നൊരു മുഖ്യമന്ത്രിയെന്ന നിലയിലാണ് യു.ഡി.എഫ്. ഇവിടത്തെ പ്രധാന പോസ്റ്റര്‍ തയ്യാറാക്കിയത് -ഹരിപ്പാടിന്റെ മകന്‍ കേരളത്തിന്റെ നായകന്‍. നായകനായി യു.ഡി.എഫ്. വിശേഷിപ്പിക്കുന്ന രമേശ് ചെന്നിത്തലയെ നേരിടാന്‍ എല്‍.ഡി.എഫ്. രംഗത്തിറക്കിയത് എ.ഐ.വൈ.എഫ്. സംസ്ഥാനനേതാവ് ആര്‍. സജിലാലിനെയാണ്. തൊട്ടടുത്ത മണ്ഡലമായ കായംകുളത്തും പോസ്റ്ററുകള്‍ കഥപറയുന്നു. പാല്‍വിറ്റ് ജീവിതം നയിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിതാ ബാബുവിനെ വിശേഷിപ്പിക്കുന്നത് നന്മയുള്ള നാട്ടുകാരിയെന്നാണെങ്കില്‍ എതിരാളി സിറ്റിങ് എം.എല്‍.എ. യു. പ്രതിഭയുടെ വിശേഷണം ഉറച്ചനിലപാടും പാലിക്കപ്പെട്ട വാഗ്ദാനങ്ങളുമാണ്. പ്രതിഭയ്‌ക്കെതിരേ പാര്‍ട്ടിയിലുണ്ടായ എതിര്‍പ്പുകള്‍ നേതൃത്വം പരിഹരിച്ചത് ഇടതുക്യാമ്പില്‍ ആത്മവിശ്വാസം പകരുന്നു.

ഒമ്പതുമണ്ഡലങ്ങളുള്ള ജില്ലയില്‍ കഴിഞ്ഞപ്രാവശ്യം എല്‍.ഡി.എഫിന് വന്‍ മേല്‍ക്കൈയുണ്ടായിരുന്നു. എട്ടിടത്തും ഇടതുമുന്നണി ജയിച്ചു. വിത്തിനും വേലിക്കുമായി രമേശ് ചെന്നിത്തലയുടെ ഹരിപ്പാടുമാത്രം യു.ഡി.എഫിനൊപ്പം. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരും വന്നു.

ഹരിപ്പാടും കുട്ടനാടും യു.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ്. ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ഇടതുമുന്നണിക്കും മുന്‍തൂക്കമുണ്ട്. ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ കടുത്തമത്സരമാണ്. ഇതില്‍ത്തന്നെ ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ ഫോട്ടോഫിനിഷിങ്ങാകും.

രണ്ടുമന്ത്രിമാരെ മാനദണ്ഡങ്ങളുടെ പേരില്‍ പുറത്തിരുത്തിയതിന്റെ ശരിതെറ്റുകള്‍ സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചാവിഷയമാണ്. ജി. സുധാകരന്‍ അമ്പലപ്പുഴയിലും തോമസ് ഐസക് ആലപ്പുഴയിലും വീണ്ടും മത്സരിച്ചിരുന്നെങ്കില്‍ ജയം ഉറപ്പാണെന്ന് കരുതുന്നവരാണേറെയും. രണ്ടുമന്ത്രിമാരെയും സ്ഥാനാര്‍ഥികളുടെ നിഴലായി നിര്‍ത്തിയാണ് പാര്‍ട്ടി പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെപേരില്‍ അടിയൊഴുക്കുകള്‍ ഉണ്ടോയെന്നറിയാന്‍ ഫലംവരുംവരെ കാത്തിരിക്കണം.

അമ്പലപ്പുഴയില്‍ ജി. സുധാകരന് പകരക്കാരനായ എച്ച്. സലാമും ഡി.സി.സി. പ്രസിഡന്റ് എം. ലിജുവും തമ്മിലാണ് മത്സരം. മറുകണ്ടം ചാടിവരുന്ന വോട്ടുകളില്‍ ഇരുമുന്നണിക്കും കണ്ണുണ്ട്. സാമുദായികധ്രുവീകരണവും പ്രതീക്ഷിക്കാം. ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ള അനൂപ് ആന്റണിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്.

ചേര്‍ത്തലയിലും പി. തിലോത്തമന് പകരംവന്ന പി. പ്രസാദ് കോണ്‍ഗ്രസിന്റെ എസ്. ശരത്തില്‍നിന്ന് കടുത്തമത്സരം നേരിടുന്നു. ഇടതുപക്ഷത്തിന് ശക്തമായ വേരുള്ള ചേര്‍ത്തലയില്‍ മത്സരം രാഷ്ട്രീയമായാല്‍ ജയത്തെക്കുറിച്ച് ആശങ്കവേണ്ടാ. സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി എത്തിയതിന്റെ അനുരണനങ്ങള്‍ വേറെ.

ആലപ്പുഴയില്‍ ഇടതില്‍നിന്നുവന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ കെ.എസ്. മനോജ് മത്സരിക്കുന്നതാണ് യു.ഡി.എഫിലെ പ്രശ്‌നമെങ്കില്‍ നഗരസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്‍പ്പാര്‍ട്ടിപ്രശ്‌നങ്ങള്‍ സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജന് അലോസരമുണ്ടാക്കുന്നു. ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ്. നേതാവ് ആര്‍. ബാലശങ്കര്‍ ഉയര്‍ത്തിയ വിവാദം ബി.ജെ.പി.യുടെ കൊത്തളങ്ങളില്‍ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ട്.

നേമം

കേരള നിയമസഭാ ചരിത്രത്തില്‍ ബി.ജെ.പി. നേടിയ ഏക സീറ്റ്. കെ. മുരളീധരനെന്ന ശക്തനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ കടുത്ത ത്രികോണ മത്സരം. അവസാനഘട്ടത്തിലും ഒന്നും പ്രവചിക്കാനാവുന്നില്ല. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ സകല തന്ത്രങ്ങളും പയറ്റുന്നുണ്ട് ബി.ജെ.പിയും സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും. കെ. മുരളീധരന്റെ വരവോടെ നേമത്ത് യു.ഡി.എഫും പ്രതീക്ഷയിലാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമുയര്‍ത്തിയാണ് ജില്ലയിലെ തീരദേശത്ത് യു.ഡി.എഫ്. പ്രചാരണം. എന്നാല്‍, വിവാദങ്ങളില്‍ പ്രതികരിക്കാതെ സര്‍ക്കാരിന്റെ വികസനമാണ് എല്‍.ഡി.എഫ്. പ്രചാരണവിഷയമായി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ വോട്ട് കെ. മുരളീധരന്‍ സമാഹരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് വി. ശിവന്‍കുട്ടി.  ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നിലെത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ പ്രചാരണത്തില്‍ എല്‍.ഡി.എഫിന് ഒപ്പമെത്താന്‍ മറ്റ് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും കഴിഞ്ഞു. വാഹനപ്രചാരണത്തിലൂടെ പരമാവധി വോട്ടര്‍മാരുടെയടുത്തെത്തി വോട്ടുറപ്പിക്കലാണ് അവസാനഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍.

കഴക്കൂട്ടം

കഴക്കൂട്ടത്ത് അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും തമ്മില്‍ ശബരിമല വിഷയത്തിലാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ഇവിടെ ശബരിമല വിഷയം ഉയര്‍ത്തി ദേവസ്വം മന്ത്രിയെ കടന്നാക്രമിക്കുകയാണ് ബി.ജെ.പി.യും യു.ഡി.എഫും. പ്രചാരണത്തിനിടെ ബി.ജെ.പി.- സി.പി.എം. സംഘര്‍ഷം ഉണ്ടായതും കഴക്കൂട്ടത്തെ പോരാട്ടച്ചൂട് വെളിവാക്കുന്നതാണ്. ഇതേത്തുടര്‍ന്നും ശക്തമായ വാക്പോരാണ് ഇരുകൂട്ടരും തമ്മിലുണ്ടായത്. കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന്റെ പേരില്‍ ഇരട്ടവോട്ടുകള്‍ ഉള്ളത് പ്രചാരണവിഷയമായി സി.പി.എം. ഏറ്റെടുത്തു. സര്‍ക്കാരിന്റെ വീഴ്ചയാണ് ഇരട്ടവോട്ടുകള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലെ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്.
പതിവുവോട്ടുകള്‍ക്കൊപ്പം പ്രൊഫഷണല്‍ രംഗത്തെ വോട്ടര്‍മാര്‍ നിര്‍ണായകമാകുന്ന കഴക്കൂട്ടത്ത് കഴിഞ്ഞതവണ നോട്ട നേടിയത് 822 വോട്ടാണ്. 73.46 ശതമാനം വോട്ടു രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പോളിങ് ബൂത്തിലെത്തി സ്ഥാനാര്‍ഥിയെ തിരസ്‌കരിക്കാനും മടിയില്ലാത്തവര്‍ കുറവല്ലെന്നര്‍ഥം. ആളും തരവും കഴിവും നോക്കി മാത്രം വോട്ടിടുകയെന്ന ശീലം പണ്ടേ തിരുവനന്തപുരത്തുകാര്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ തലസ്ഥാന നഗരത്തോടു മുട്ടിയുരുമ്മുന്ന കഴക്കൂട്ടമെന്ന ഐ.ടി. നഗരത്തില്‍ കടകംപള്ളി തുടരണോ ലാല്‍ മതിയോ ശോഭയെ പരീക്ഷിക്കണമോയെന്നു കണക്കുകൂട്ടിയേ ഇവിടത്തുകാര്‍ ബൂത്തിലേക്കു പോകൂ. മൂന്നു പേരും ഒട്ടും മോശക്കാരല്ലല്ലോ.

വട്ടിയൂര്‍ക്കാവ്

അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സ് പല തവണ മാറിമറിഞ്ഞു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരുപോലെ നല്ല ഭൂരിപക്ഷം നല്‍കിയ മണ്ഡലം ബി.ജെ.പി.യെയും ഒപ്പംനിര്‍ത്തി. രാഷ്ട്രീയത്തിനുമപ്പുറം സ്ഥാനാര്‍ഥികളുടെ വ്യക്തിമികവ് കൂടി പരിഗണിക്കുന്നതാണ് വട്ടിയൂര്‍ക്കാവിന്റെ വോട്ട് മനസ്സ്. മൂന്ന് മുന്നണികള്‍ക്കും ഉറച്ച വോട്ടുബാങ്കുള്ളതു കൊണ്ടുതന്നെ ഇവിടത്തെ ജയപരാജയങ്ങള്‍ മാറിമാറി വരുന്നതാണ് പതിവ്. മുമ്പ് സമുദായ സമവാക്യങ്ങളാണ് മുന്നണികള്‍ പരിഗണിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പോടെ ഇതെല്ലാം മാറിമറിയുകയായിരുന്നു.

ഒരു വര്‍ഷം മുമ്പ് അട്ടിമറിവിജയം നേടിയ വി.കെ. പ്രശാന്ത് തന്നെ എല്‍.ഡി.എഫിനായി വീണ്ടുമെത്തുമ്പോള്‍ വ്യക്തിസ്വാധീനം തന്നെയാണ് തുറുപ്പുചീട്ട്. ഒരു വര്‍ഷംകൊണ്ട് നടപ്പാക്കാനായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശാന്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചതായാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വി.വി. രാജേഷ് എന്ന ജില്ലാ പ്രസിഡന്റിന്റെ മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളിലാണ് ബി.ജെ.പി. പ്രതീക്ഷവയ്ക്കുന്നത്. 2021-ല്‍ മത്സരിച്ച രാജേഷ് പത്തു വര്‍ഷമായി മണ്ഡലത്തിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്നുണ്ട്. ആദ്യം ശക്തരെ പരിഗണിച്ച യു.ഡി.എഫ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുതുമുഖം വീണ എസ്. നായരെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. മണ്ഡലത്തിലുള്ള സ്ഥാനാര്‍ഥിയെന്നതാണ് യു.ഡി.എഫിന്റെ പ്രധാന വാദം.

നെടുമങ്ങാട്

മാറിമറിയുന്ന രാഷ്ട്രീയച്ചായ്വാണ് നെടുമങ്ങാടിന്റെ പ്രത്യേകത. ചരിത്രത്തില്‍ ഇടതുമുന്നണിക്കു മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ഏറെക്കാലം കോണ്‍ഗ്രസും വിജയക്കൊടി നാട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം സ്ഥാനാര്‍ഥികളുടെ മികവുകൂടി പരിഗണിക്കുന്നതാണ് നെടുമങ്ങാട്ടെ വോട്ടര്‍മാരുടെ മനസ്സ്. മുന്നണികള്‍ക്കെല്ലാം കൃത്യമായി വോട്ടുബാങ്കുള്ളതിനാല്‍ ജയപരാജയങ്ങള്‍ മാറി മാറി വരുന്നതാണ് പതിവ്. പക്ഷേ, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മണ്ഡലത്തില്‍ ബി.ജെ.പി.ക്കുണ്ടായ വളര്‍ച്ച ഇക്കുറി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

രാഷ്ട്രീയ പരിചയവും പ്രവര്‍ത്തനമികവും അനുഭവസമ്പത്തുമുള്ളവരാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. നിലവിലെ സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലാണ് രംഗത്തിറങ്ങുന്നത്. യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനായ പി.എസ്. പ്രശാന്തിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
നാട്ടുകാരനും യുവാവുമായ പ്രശാന്തിന്റെ വ്യക്തിബന്ധവും സുഹൃത് ബന്ധവും മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജെ.ആര്‍.പദ്മകുമാറിന് നെടുമങ്ങാട്ടേത് ആദ്യപോരാട്ടമാണ്. മണ്ഡലത്തിലെ വെമ്പായം നന്നാട്ടുകാവ് സ്വദേശിയായ പദ്മകുമാറിന് നാട്ടുകാരന്‍ എന്ന നിലയില്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബി.ജെ.പി.യുടെ വാദം.

ചിറയിന്‍കീഴ്

ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ്. നിലവിലെ ജനപ്രതിനിധി മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുമ്പോള്‍ അതിനെ ഖണ്ഡിക്കുന്ന ആരോപണങ്ങളുമായാണ് മറ്റ് രണ്ടു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ നേരിടുന്നത്. പൊതുവേ ഇടതിനു അനുകൂലമായ ചിറയിന്‍കീഴില്‍ ഇത്തവണ അട്ടിമറി പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. യുവസ്ഥാനാര്‍ഥിയെ പരിഗണിച്ചത്. അത് കൂടുതല്‍ യുവാക്കളുടെ വോട്ട് ലഭിക്കാന്‍ കാരണമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തലും. എന്‍.ഡി.എയും യുവാക്കളുടെ വോട്ട് മുന്നില്‍ക്കണ്ട് ചെറുപ്പക്കാരിയായ പ്രതിനിധിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്.

മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞാണ് ഇടതുപക്ഷത്തിന്റെ സി.പി.ഐ. സ്ഥാനാര്‍ഥി വി.ശശി വീണ്ടും കളത്തിലിറങ്ങുന്നത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ബി.എസ്.അനൂപ് ചിറയിന്‍കീഴിന്റെ സമഗ്രവികസനമാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ആശാനാഥ് മറ്റ് രണ്ടു മുന്നണികളുടെയും പോരായ്മയാണ് എടുത്തു കാട്ടുന്നത്.

വര്‍ക്കല

കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പക്ഷേ, പുതുമുഖമായി വന്ന് വര്‍ക്കല കഹാറിനെ അട്ടമറിച്ച വി. ജോയി മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പുതുമുഖമായ ബി.ആര്‍.എം. ഷഫീറിനെ ഇറക്കി മത്സരം കടുപ്പിക്കാന്‍ യു.ഡി.എഫിനുമായിട്ടുണ്ട്.  ബി.ഡി.ജെ.എസിനാണ് എന്‍.ഡി.എ. വര്‍ക്കല മണ്ഡലം നല്‍കിയിട്ടുള്ളത്. ശിവഗിരി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറിയും വ്യവസായിയുമായ അജി എസ്.ആര്‍.എം. ആണ് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി.

വിദ്യാലയങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റുകളും പെന്‍ഷനുകളും തീരദേശം അടക്കമുള്ള സ്ഥലങ്ങളില്‍ വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എം.എല്‍.എ. എന്നനിലയിലുള്ള പ്രവര്‍ത്തനവും ജോയിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. സാമുദായിക പരിഗണനകളിലാണ് യു.ഡി.എഫ്. പ്രതീക്ഷ വയ്ക്കുന്നത്. പുതുമുഖമാണ്, സാധാരണക്കാരനായ നേതാവാണ് എന്നുള്ളതും ഷഫീറിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നെയ്യാറ്റിന്‍കര

നെയ്യാറിന്റെ തീരത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഇത്തവണ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. ഇടതിനെയും വലതിനെയും മാറിമാറി വിജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. നിലവിലെ എം.എല്‍.എ. കെ.ആന്‍സലന്‍ തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. മുന്‍ എം.എല്‍.എ. ആര്‍.സെല്‍വരാജിനെയാണ് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖനും മണ്ഡലത്തിലെ ചെങ്കല്‍ സ്വദേശിയുമായ രാജശേഖരന്‍ നായരാണ് ബി.ജെ.പി.ക്കായി ഇവിടെ പോരാട്ടത്തിറങ്ങുന്നത്.

കൊല്ലം

മീനച്ചൂടിനെക്കാള്‍ കത്തുകയാണ് കൊല്ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട്. എം.എല്‍.എ. എന്ന നിലയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസത്തോടെ എം. മുകേഷ് സി.പി.എമ്മിനുവേണ്ടി വീണ്ടും വോട്ടു തേടുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചുതന്നെയാണ് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ. ദേശീയശ്രദ്ധ നേടിയതടക്കമുള്ള സമരങ്ങളിലൂടെ കൊല്ലത്തിന് സുപരിചിതനായ ബി.ജെ.പി.യുടെ എം.സുനില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എന്‍.കെ.പ്രേമചന്ദ്രന് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ 24,545 വോട്ടിന്റെ മുന്‍തൂക്കം നേടാനായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറിമറിഞ്ഞു. ഇടതുപക്ഷത്തിന് 15,832 വോട്ടിന്റെ മുന്‍തൂക്കം ലഭിച്ചു. കോര്‍പ്പറേഷനില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ 12,871 വോട്ടാണ് പിടിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വളരെ മുന്നേറി. 31,245 വോട്ട് നേടി എ ക്ലാസ് മണ്ഡലമായി മാറി.

കുണ്ടറ

കഴിഞ്ഞ മൂന്ന് തവണകളായി സി.പി.എമ്മിനൊപ്പം ഉറച്ച് നിന്ന മണ്ഡലമാണ് കുണ്ടറ. രണ്ടു തവണ എം.എ. ബേബിയെ ജയിപ്പിച്ച ശേഷം 2016-ല്‍ ജെ. മേഴ്സിക്കുട്ടിയമ്മ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു. എന്നാല്‍, ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തോടെ കുണ്ടറയിലുള്ള കോണ്‍ഗ്രസ് പ്രതീക്ഷ വര്‍ധിപ്പിച്ചു. പി.സി. വിഷ്ണുനാഥിലൂടെ മേഴ്സിക്കുട്ടിയമ്മയെ കീഴടക്കി കുണ്ടറ പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സഭാ വോട്ടുകള്‍ ഇവിടെ നിര്‍ണായകമാണ്.

എന്‍.ഡി.എ.ക്കുവേണ്ടി ബി.ഡി.ജെ.എസിന്റെ വനജ വിദ്യാധരനും സജീവമായി രംഗത്തുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ മികച്ച പോരാട്ടവുമായി എന്‍.ഡി.എ. അട്ടിമറി മോഹത്തിലാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ ഇ.എം.സി.സി.യുടെ ഡയറക്ടര്‍ ഷിജു എം. വര്‍ഗീസും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കുന്നുണ്ട്.

കുന്നത്തൂര്‍

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയമസഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളാണ് ഇടത് വലത് മുന്നണികള്‍കള്‍ക്ക്. ബന്ധുക്കളും ഒരേ നാട്ടുകാരുമായ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിലാണ് മത്സരം. ആര്‍എസ്പി മുന്നണി വിട്ടപ്പോള്‍ ഇടതിനൊപ്പം ഉറച്ച് നിന്ന കുഞ്ഞുമോന്‍ സംവരണ മണ്ഡലമായ കുന്നത്തൂരില്‍ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തില്‍ സജീവമായി നടത്തിയ ഇടപെടലുകള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉല്ലാസ് കോവൂര്‍. രാജി പ്രസാദാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

കോന്നി

കഷ്ടിച്ച് ഒന്നര വര്‍ഷം മുന്‍പ് നടന്ന ഏറ്റുമുട്ടലിന്റെ തനിയാവര്‍ത്തനമാണ് കോന്നിയില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനെക്കാള്‍ വീറൊരല്പം കൂടി. എല്‍.ഡി.എഫ്. എന്‍.ഡി.എ. പക്ഷങ്ങളില്‍ പഴയ പടനായകര്‍തന്നെ. യു.ഡി.എഫാകട്ടെ പുതിയ പോരാളിയെ കളത്തിലിറക്കി. ആദ്യഘട്ടത്തില്‍ മണ്ഡലത്തെ സംബന്ധിച്ച് പല രാഷ്ട്രീയ 'ഡീല്‍' ആരോപണങ്ങളും ഉയര്‍ന്നു. സ്ഥാനാര്‍ഥിയായി കെ.യു. ജനീഷ് കുമാറിനെ നേരത്തെത്തന്നെ പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷം ഒരു ചുവട് മുന്നിലെത്തിയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി റോബിന്‍ പീറ്ററും എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അതിവേഗംതന്നെ പ്രചാരണത്തില്‍ ഒപ്പമെത്തി. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന്റെ കെ.യു. ജനീഷ് കുമാര്‍ മണ്ഡലം പിടിച്ചെടുത്തത്.

റാന്നി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ തവണ ഇടത്തേക്ക് ചാഞ്ഞിട്ടുള്ള റാന്നി മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തേക്ക് ചരിഞ്ഞ് ആര്‍ക്കും പൂര്‍ണ വിധേയമല്ലെന്ന് തെളിയിക്കുന്നു. 1987, 1991 തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പമായിരുന്ന റാന്നി പിന്നങ്ങോട്ട് കളംമാറി ചവിട്ടി. സി.പി.എമ്മിലെ രാജു ഏബ്രഹാമിനൊപ്പമായിരുന്നു കഴിഞ്ഞ 25 വര്‍ഷം. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധവും ഈ വിജയത്തിന് പിന്നിലുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനൊപ്പമെന്ന് വിധിയെഴുതാനിതിടയാക്കി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ. ശക്തമായ മുന്നേറ്റമാണിവിടെ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ചത് എന്‍.ഡി.എ.യ്ക്ക് കിട്ടിയതിനേക്കാള്‍ 3371 വോട്ടുകള്‍ കൂടുതല്‍ മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30,000 വോട്ടുകള്‍ക്ക് മുന്നിലായിരുന്ന സ്ഥാനത്തായിരുന്നു ഈ മാറ്റം. വോട്ടിലുണ്ടായ മുന്നേറ്റം എന്‍.ഡി.എ. ശുഭസൂചകമായി കാണുന്നു.

ഇരുപത്തിരണ്ടാം വയസ്സില്‍ ഭരണങ്ങാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന വിശേഷണം നേടിയ അഡ്വ. പ്രമോദ് നാരായണന്‍ റാന്നിക്ക് പുത്തന്‍ വികസന ആശയങ്ങളുമായാണ് എല്‍.ഡി.എഫിനായി നിയമസഭയിലെ കന്നിയങ്കത്തിനിറങ്ങിയിട്ടുള്ളത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ പുതുമുഖമാണെങ്കിലും മണ്ഡലത്തില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. നിയമസഭയില്‍ രണ്ടു തവണ റാന്നിയെ പ്രതിനിധീകരിച്ച എം.സി. ചെറിയാന്റെ മകനാണ് റിങ്കു ചെറിയാന്‍. കാല്‍ നൂറ്റാണ്ടായി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം.കെ. പദ്മകുമാറിന്റെ രണ്ടാം വരവ് വിജയപ്രതീക്ഷയോടെയാണ്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലം ഇക്കുറി എന്‍.ഡി.എ.യ്ക്കൊപ്പമാകുമെന്ന ഉറച്ച വിശ്വാസമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ പതിനായരത്തിലേറെ വോട്ടുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്ക്ക് ലഭിച്ചു. ഇക്കുറി വോട്ടുവര്‍ധന വിജയത്തിലേക്ക് നയിക്കുമെന്നാണ് എന്‍.ഡി.എ. കരുതുന്നത്.

ആറന്മുള

ഇടതുവോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്സ് വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ വീണ ജോര്‍ജിന് തുണയായത്. എന്നാല്‍,  ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കങ്ങള്‍ ഇത്തവണ വീണ ജോര്‍ജിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം. മാത്രമല്ല, ഓര്‍ത്തഡോക്സ് സഭാ അംഗമായ ബിജു മാത്യു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വീണയുടെ വോട്ടുബാങ്കില്‍ വിള്ളല്‍വീഴ്ത്തുമോ എന്നതും ചോദ്യമാണ്. യു.ഡി.എഫിനായി മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായരും മത്സരിക്കുന്നു. സാമുദായിക സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ പാരമ്യത്തിലാണ്.

അടൂര്‍

20 വര്‍ഷത്തോളം യുഡിഎഫ് തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തില്‍ 2011-ലാണ് എല്‍.ഡി.എഫ്. അട്ടിമറി വിജയം നേടുന്നത്. 1991 മുതല്‍ 2006 വരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അടൂരിനെ പ്രതിനിധീകരിച്ചത്. സംവരണ മണ്ഡലമായി മാറിയതോടെ അടൂര്‍ ഇടത്തോട്ട് ചാഞ്ഞു. 2011-ല്‍ ചിറ്റയം ഗോപകുമാറിലൂടെ എല്‍.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു. 607 വോട്ടിനായിരുന്നു വിജയം. 2016-ല്‍ ഭൂരിപക്ഷം 25,460 ആക്കി ചിറ്റയം മണ്ഡലം നിലനിര്‍ത്തി. ഇക്കുറി ഹാട്രിക് വിജയം തേടിയാണ് ചിറ്റയം ഗോപകുമാര്‍ അടൂരില്‍ മത്സരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായ എം.ജി. കണ്ണനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. നിര്‍ധന കുടുംബത്തിലെ അംഗമായ കണ്ണന്‍ 23-ാം വയസില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് അംഗമായി. പിന്നീട് ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അടൂര്‍ പിടിച്ചെടുക്കാന്‍ കണ്ണനോളം പോന്ന ആരുമില്ലെന്ന കണക്കുക്കൂട്ടലില്‍ തന്നെയാണ് യു.ഡി.എഫ്. എം.ജി. കണ്ണനെ ഇവിടെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് എത്തിയ പന്തളം പ്രതാപനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ ചരിത്രമാണ് പ്രതാപനുള്ളത്. 

ചേര്‍ത്തല

മന്ത്രി പി. തിലോത്തമനെ മാറ്റി നിര്‍ത്തി മത്സരത്തിനിറങ്ങുന്ന എല്‍.ഡി.എഫില്‍നിന്ന് ചേര്‍ത്തല പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. അതിനായി യുവനേതാവ് എസ്. ശരത്തിനെയാണ് അവര്‍ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ജില്ലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോഴും മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവെച്ച ശരത്ത് 7,196 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

എല്‍.ഡി.എഫില്‍ സി.പി.ഐ. മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദാണ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തുനിന്ന് മറുകണ്ടം ചാടിയ മുന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്. ജ്യോതിസിനെയാണ് എന്‍.ഡി.എ. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഈഴവവോട്ടുകളിലാണ് എന്‍.ഡി.എ.യുടെ കണ്ണ്. എല്‍.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള അസംതൃപ്തി വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.

അമ്പലപ്പുഴ

സമരവീരചരിത്രമുറങ്ങുന്ന വിപ്ലവമണ്ണാണ് അമ്പലപ്പുഴ. ഹാട്രിക് വിജയംനേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സി.പി.എം. ചിന്തിക്കുന്നില്ല. എന്നാല്‍, മന്ത്രി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എം. ലിജുവിനെ രംഗത്തിറക്കിയ കോണ്‍ഗ്രസും പ്രതീക്ഷയിലാണ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് പഞ്ചായത്തുകള്‍, നഗരസഭയിലെ 27 വാര്‍ഡുകളില്‍ 19 എണ്ണം എന്നിവ വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് അടിത്തറ. എന്നാല്‍, പ്രധാനം രാഷ്ട്രീയപോരാട്ടം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്നും യു.ഡി.എഫ്. കരുതുന്നു. എ.എം. ആരിഫിന് ഭൂരിപക്ഷം കിട്ടാതെപോയ മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഇതിലെല്ലാമുണ്ടായ വോട്ടുവളര്‍ച്ചയാണ് എന്‍.ഡി.എ.യ്ക്ക് ആവേശം പകരുന്നത്.

കായംകുളം

ജില്ലയിലെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കായംകുളം. സിറ്റിങ്ങ് എം.എല്‍.എ. യു. പ്രതിഭയെ തന്നെ എല്‍.ഡി.എഫ്. വീണ്ടും മത്സരത്തിനിറക്കിയപ്പോള്‍ മണ്ഡലത്തില്‍ സുപരിചിതയായ ഇളംതലമുറക്കാരി അരിത ബാബുവാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്.  ബി.ഡി.ജെ.എസ്. ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് മണ്ഡലം പിടിക്കാനായി എന്‍.ഡി.എ. രംഗത്തിറക്കിയിരിക്കുന്നത്.

വികസനത്തിന് വോട്ട് വീഴും എന്ന് തന്നെയാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നോക്കം പോവാതിരുന്നതും തദ്ദേശത്തില്‍ ലീഡ് നേടിയതും എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ സി.പി.എമ്മില്‍ പ്രതിഭയ്ക്ക് എതിരേ നിലനില്‍ക്കുന്ന അസംതൃപ്തി ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.