ആകെ മൊത്തം കണ്‍ഫ്യൂഷനിലാണ് പാലാ. പിടിവലിയുടെ അങ്കലാപ്പിലാണ് പാര്‍ട്ടികള്‍. ക്ലൈമാക്‌സ് ഞായറാഴ്ചയാണ്. ഏറെക്കാലം ചെങ്കൊടിയേന്തിയ കാപ്പന്‍ ഇനി കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി പിടിക്കും. നാളിതുവരെ ചെങ്കൊടിക്കെതിരെ പൊരുതിയ ജോസ് ചുവന്ന കൊടിയുമായി കളത്തിലിറങ്ങും. 

അതെ, പാലാ ഹോട്ട് സീറ്റായി മാറിക്കഴിഞ്ഞു. 1965-ല്‍ പാലാ മണ്ഡലം ഉണ്ടായതു മുതല്‍ ഇങ്ങനെയൊരു അവസ്ഥ പാലാക്കാര്‍ നിരൂപിച്ചിട്ടു പോലുമില്ല. യു.ഡി.എഫിലായാലും എല്‍.ഡി.എഫിലായും എല്ലാകാലത്തും ഒരുവശത്ത് കെ.എം. മാണി എന്ന വന്മരമുണ്ടായിരുന്നു. എതിരാളികള്‍ മാറിമാറി വന്നു. എപ്പോഴും കരിങ്ങോഴക്കല്‍ തറവാട്ടിന് ജയം മാത്രം. അങ്ങനെയങ്ങനെ മാണിയുഗം അവസാനിച്ചു. അതോടെ കാപ്പനായി അടുത്ത കപ്പിത്താന്‍. 

ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചില്‍ മാത്രമാണ് 2019 വരെ ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. മാണി സാര്‍ എന്ന മാണിക്യം വേര്‍പിരിഞ്ഞു. പാലായുടെ രാഷ്ട്രീയ ജാതകവും മാറി. മൂന്നു തവണ തുടര്‍ച്ചയായി തോറ്റ് ഒടുവില്‍ നാലാം അങ്കത്തില്‍ പാലാ കാപ്പനൊപ്പം നിന്നു. 'താത്കാലിക' എം.എല്‍.എ. പദം സ്ഥിരമാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ജോസ് കെ. മാണിയുടെ വരവ്. ശാന്തമായ പാലാ രാഷ്ട്രീയത്തിന് അതോടെ ചൂടുപിടിച്ചു. ഒച്ചയും ബഹളവുമില്ലാത്ത ശാന്തമായിരുന്ന എന്‍.സി.പി. പാലായുടെ പേരില്‍ പിളരാന്‍ പോകുന്നു.

jose k mani
ജോസ് ക മാണി. കാരിക്കേച്ചര്‍ എന്‍എന്‍ സജീവന്‍, മാതൃഭൂമി

പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി തന്നെ വിടുമെന്നാണ് കാപ്പന്റെ ശപഥം. പാലാ പോയാലും എല്‍.ഡി.എഫിലുണ്ടാവുമെന്ന നിശ്ചയദാര്‍ഢ്യവുമായി എ.കെ. ശശീന്ദ്രനും നില്‍ക്കുന്നു. ഞായറാഴ്ചയാണ് വിധി ദിനം. കാപ്പന്‍ വള്ളം മാറിക്കയറും. ചെന്നിത്തലയുടെ യാത്രയില്‍ അണിചേരും. ജോസും കാപ്പനും തമ്മില്‍ അങ്കം വെട്ടും. വലതിലായിരുന്നവര്‍ ഇടതിലും, ഇടതിലുണ്ടായിരുന്നവര്‍ വലതിലും. 

രാഷ്ട്രീയത്തില്‍ ശാശ്വത ശത്രുക്കളില്ലല്ലോ. പണ്ടേ കേരള കോണ്‍ഗ്രസുകള്‍ക്ക് അതില്ല. പാലാ ഹൃദയവികാരമാണെന്ന് ജോസ് കെ. മാണി പറയുമ്പോള്‍ തദ്ദേശത്തിലെ കരുത്ത് കണ്ട സി.പി.എമ്മിന് ഹൃദയശൂന്യരാകാന്‍ കഴിയില്ല. മറുവശത്ത് പാലാ തനിക്ക് ചങ്കാണെന്ന് കാപ്പന്‍ പറയുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളുമെന്ന അങ്കലാപ്പിലായിരുന്നു ഇടതു മുന്നണി. 

ചങ്കോ ഹൃദയമോ ഏതെങ്കിലും ഒന്നേ കൂടെയുണ്ടാവൂ എന്നു തിരിച്ചറിഞ്ഞ് പിണറായി പ്രഫുല്‍ പട്ടേലിനോട് നോ പറഞ്ഞുകഴിഞ്ഞു. മേന്മയും കാമ്പും ഹൃദയത്തിന് തന്നെ. ചങ്ക് എടുക്കുവാണെങ്കില്‍ രാജ്യസഭാ സീറ്റെങ്കിലും ചോദിച്ചു. അതുമില്ലെന്ന് പിണറായി പറഞ്ഞു. അപ്പോ പിന്നെ നിക്കണോ പോണോ എന്നാണ് കാപ്പന്‍ ചോദിക്കുന്നത്. 

പവാര്‍ ഓകെ പറഞ്ഞാലും ഇല്ലെങ്കിലും എന്‍.സി.പി. പിളരും. ഇടതില്‍ ഇരിപ്പുറപ്പിക്കുന്ന ശശീന്ദ്രന് എലത്തൂര്‍ കിട്ടുമോ. അതോ അതും സി.പി.എം. എടുക്കുമോ. എന്‍.സി.പി. യു.ഡി.എഫിലേക്കെന്ന് പവാര്‍ പറഞ്ഞാല്‍ ശശീന്ദ്രന്‍ വിഭാഗം എന്ത് ചെയ്യും. കടന്നപ്പള്ളി പച്ച പരവതാനി വിരിച്ചിട്ടുണ്ട്. അതില്‍ ചേരാം. കണ്ണൂരില്‍ കടന്നപ്പള്ളിക്ക് പകരം മത്സരിക്കാം. നിന്നാലും ശശീന്ദ്രന് എലത്തൂര്‍ ഉറപ്പില്ല. ഒരു സീറ്റ് കിട്ടിയാലായി. 

Mani C Kappan

എന്‍സിപിക്കായി വാതില്‍തുറന്നിട്ടിരിക്കുകയാണെങ്കിലും യുഡിഎഫും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് കാപ്പന്‍ മാത്രം വന്നാ മതി എന്‍സിപി എല്‍ഡിഎഫില്‍ തന്നെ തുടരണം എന്നാണ്. കാരണം എന്‍സിപി വിട്ടുവന്നാല്‍ നാല് സീറ്റില്ലെങ്കിലും കുറഞ്ഞത് മൂന്നെണ്ണം എങ്കിലും കൊടുക്കേണ്ടി വരും. അതില്‍ ഒന്ന് കുട്ടനാട് ആയാല്‍ ജോസഫ് വീണ്ടും ഇടയും

സി.പി.എമ്മിന് സീറ്റ് വിഭജനം വലിയ വെല്ലുവിളിയാണ്. എല്‍.ജെ.ഡി., കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവര്‍ക്കുള്ള സീറ്റ് കണ്ടെത്തണം. മിക്കവാറും എലത്തൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍. ഒപ്പം കുട്ടനാട് എന്‍.സി.പിക്ക്. രണ്ട് സീറ്റിനെ എല്‍.ഡി.എഫില്‍ സാധ്യതയുള്ളൂ. പിളര്‍ന്നാലും ഇല്ലെങ്കിലും.

അവസാന നിമിഷം രാജ്യസഭാ സീറ്റ് നല്‍കി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയാലും അടുത്ത കളി അരങ്ങില്‍ വേറെ ഒരുങ്ങുന്നുണ്ട്. കാപ്പനില്ലെങ്കില്‍ ജോസിനെ നേരിടാന്‍ പൂഞ്ഞാറില്‍നിന്ന് പാലായില്‍ ലാന്‍ഡ് ചെയ്യുമെന്ന് പറഞ്ഞ് സാക്ഷാല്‍ പൂഞ്ഞാര്‍ ആശാന്‍ തന്നെ രംഗത്തുണ്ട്. അതിന് ആദ്യം ഉത്തരം കിട്ടേണ്ടത് പി.സി. ജോര്‍ജിന് യു.ഡി.എഫ്. ഇടംകൊടുക്കുമോ എന്നാണ്. ചെന്നിത്തല പിന്തുണച്ചേക്കാമെങ്കിലും എ ഗ്രൂപ്പിന്റെ എതിര്‍പ്പാണ് പി.സിയുടെ കടമ്പ. പി.സിയെ മുന്നണിയില്‍ എടുക്കാതെ പൂഞ്ഞാറില്‍ യു.ഡി.എഫ്. പിന്തുണ എന്ന ചര്‍ച്ചയും അണിയറയില്‍ നടക്കുന്നു. ഉമ്മന്‍ ചാണ്ടിയെ കണ്ട് എതിര്‍പ്പ് മാറ്റിയെടുക്കാനുള്ള നീക്കത്തിലാണ് പി.സി. ജോര്‍ജ്.

pala election history

ഇടതിനോടും വലതിനോടും പടവെട്ടി മകന്‍ ഷോണിനെ ജയിപ്പിച്ച പി.സി. വിലപേശാനുള്ള തയ്യാറെടുപ്പിലാണ്. മകനെ പൂഞ്ഞാര്‍ നിര്‍ത്തി പാലായില്‍ ഒരു കൈ നോക്കാനുള്ള ആഗ്രഹം പി.സിക്ക് പണ്ടേ ഉണ്ട്. ജോസുണ്ടെങ്കില്‍ കളത്തില്‍ താനുണ്ടെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പഴയ പൂഞ്ഞാറിന്റെ ഭാഗമായ പഞ്ചായത്തുകള്‍ ചിലത് പാലായിലുണ്ട്. അതാണ് പി.സിയുടെ ധൈര്യം. പക്ഷേ, കാപ്പനുണ്ടെങ്കില്‍ ജോസിനെ വീഴ്ത്തുക മാത്രമേ ലക്ഷ്യമുള്ളൂ. അല്ലെങ്കില്‍ മത്സരിക്കാനാണ് പടപ്പുറപ്പാട്. 

pala election history

പി.സിയെ മുന്നണിയിലെടുക്കാതെ പുറത്ത് നിര്‍ത്തി പിന്തുണച്ചാലോ എന്നൊരു ആലോചന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. പക്ഷേ, മിനിമം രണ്ട് സീറ്റെങ്കിലും കൊടുക്കേണ്ടി വരും. കേരള കോണ്‍ഗ്രസ് പോയ ഒഴിവില്‍ പാലാ, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളില്‍ നോട്ടമിട്ട് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. കാപ്പനെ സ്വീകരിച്ചാല്‍ പാലാ പിന്നെ നോക്കണ്ട. പി.സി. വന്നാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ആ അക്കൗണ്ടില്‍ പോകും. ഫലത്തില്‍ കേരള കോണ്‍ഗ്രസ് പോയ ഒഴിവില്‍ കുപ്പായം തയ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാപ്പനും ജോര്‍ജും കസ്തൂരി മാമ്പഴം കൊണ്ടുപോകുന്നത് കാണേണ്ടി വന്നേക്കാം. 

ഒരേ മുന്നണിയിലായിരുന്നപ്പോഴും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സ്നേഹിച്ച് കാലു വാരുന്നതിലും സദാ ജാഗരൂകരായിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും കെ.എം. മാണി മത്സരിച്ചപ്പോള്‍ യഥാക്രമം 7753, 5259, 4703 എന്നിങ്ങനെയായിരുന്നു മാണിയുടെ ഭൂരിപക്ഷം. രണ്ടില പോയതാണ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമെന്ന് ജോസ് പറയുമ്പോള്‍ ജോസഫും ജോര്‍ജും നടത്തിയ അടിയൊഴുക്കുകള്‍ കാപ്പനെ കരപറ്റാന്‍ സഹായിച്ചു. മാണിയുടെ വിയോഗവും ആ സഹതാപ തരംഗവും മറികടന്നായിരുന്നു കാപ്പന്‍ 2943 വോട്ടിന് അട്ടിമറി സൃഷ്ടിച്ചത്. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് കാലു വാരലിന് പുറമെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള വാരലും അന്ന് കണ്ടു. 

ലോക്സഭയില്‍ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജോസ് കെ. മാണി രാജ്യസഭയിലെത്തിയത്. ഇപ്പോള്‍ രാജ്യസഭയില്‍ കാലാവധി രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ ജോസ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. കാപ്പനില്ലെങ്കില്‍ പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും സാധ്യത കോണ്‍ഗ്രസില്‍ ജോസഫ് വാഴക്കനാണ്. അല്ലെങ്കില്‍ ടോമി കല്ലാനി. 

ആകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ് പാലാ. രാഷ്ട്രീയ സാഹചര്യം പാലായില്‍ ആര്‍ക്കും അനുകൂലമല്ല. അങ്ങനെ മാണിയില്ലാത്ത പാലായില്‍ മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്യുകയാണ്.