കോട്ടയം: ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികള്‍ക്കൊപ്പം ശക്തമായി നിലകൊണ്ട എന്‍.എസ്.എസ്. തുടര്‍ച്ചയായ രണ്ടാം തിരഞ്ഞെടുപ്പിലും അതേ നിലപാട് ശക്തമായി ഉന്നയിച്ചത് ചര്‍ച്ചയായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിശ്വാസസംരക്ഷണ വിഷയം ശക്തമായി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചത് എന്‍.എസ്.എസ്. ആയിരുന്നു.

രാഷ്ട്രീയത്തിന് അതീതമായി വിശ്വാസത്തിനും ആചാരത്തിനും വേണ്ടി ശക്തമായി നിലകൊള്ളുക എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. ഈ നിലപാട് സ്വാഭാവികമായും സുപ്രീംകോടതി വിധി ശക്തമായി നടപ്പാക്കാനിറങ്ങുകയും യുവതികളെ ശബരിമലയ്ക്ക് കൊണ്ടുപോവുകുയും ചെയ്ത ഇടതുസര്‍ക്കാരിന് തിരിച്ചടിയായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേരിട്ട ശക്തമായ തിരിച്ചടി ശബരിമല കാരണമാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിച്ചിരുന്നു.

ഈ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഘട്ടത്തിലും എന്‍.എസ്.എസ്. നേതൃത്വം വിശ്വാസസംരക്ഷണത്തില്‍ തങ്ങള്‍ സ്വീകരിച്ചുവരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ വിഷയം വീണ്ടും കത്തിപ്പടര്‍ന്നു. ഇതേ വിഷയത്തില്‍ സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായ വിമര്‍ശനം എന്‍.എസ്.എസ്. ഉയര്‍ത്തി.

തിരഞ്ഞെടുപ്പ് ദിവസം വിശ്വാസവിഷയം വീണ്ടും ചര്‍ച്ചയാക്കി എന്‍.എസ്.എസ്. പോളിങ് ദിന അജന്‍ഡയും നിര്‍ണയിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയിലെ വിശ്വാസം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലായിരുന്നു ചര്‍ച്ച. ആരാണ് വിശ്വാസം സംരക്ഷിക്കുന്നതെന്നും വിശ്വാസികളുടെ വോട്ട് ആര്‍ക്കെന്നതും നേതാക്കള്‍ സംസാരവിഷയമാക്കി.