തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷണന്‍ തിരിച്ചെത്തിയേക്കും. മന്ത്രിമാരുടെ വകുപ്പ് നിര്‍ണയിക്കാനുള്ള ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരിയുടെ മടങ്ങിവരവും ഉണ്ടാകുമെന്നാണ് സൂചന. സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ ഉള്ളപ്പോഴും തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന്റെ ഏകോപനവും കോടിയേരിയുടെ കൂടി നേതൃത്വത്തിലായിരുന്നു. 

തുടര്‍ഭരണം ലഭിച്ച ശേഷം ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ അടക്കം പിണറായിക്കൊപ്പം സജീവമായി പങ്കെടുത്തത് കോടിയേരിയായിരുന്നു. സി.പി.എം. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ അടക്കം പേരുകള്‍ നിര്‍ദേശിച്ചതിലും കോടിയേരിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ കെ.കെ. ശൈലജയെ അടക്കം മാറ്റിനിര്‍ത്താനുള്ള ഇന്നലത്തെ നിര്‍ണായക തീരുമാനം സെക്രട്ടേറിയറ്റിലും തുടര്‍ന്ന് സംസ്ഥാന സമിതിയിലും ആ തീരുമാനത്തെ ന്യായീകരിച്ച് സംസാരിച്ചത്‌ കോടിയേരിയായിരുന്നു. 

സംസ്ഥാന സമിതിയില്‍ ചില അംഗങ്ങള്‍ ശൈലജ തുടരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും മികച്ചവരായിരുന്നു, അതില്‍ ഒരാള്‍ക്ക് ഇളവ് നല്‍കുന്നത് മറ്റുള്ളവരെ മോശക്കാരാക്കുന്നതിന് തുല്യമാകും എന്ന വിശദീകരണം നല്‍കിയതും കോടിയേരിയായിരുന്നു. അതോടെയാണ് ആ തീരുമാനം അംഗീകരിക്കപ്പെട്ടത്. 

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റതു മുതല്‍ പിണറായിക്കൊപ്പം ഒറ്റമനസ്സോടെയാണ് കോടിയേരിയും പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. അനാരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് പാര്‍ട്ടി അനുമതിയോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നത്. ആരോഗ്യം വിണ്ടെടുത്ത സാഹചര്യത്തിലാണ് മടങ്ങിവരവിന്റെ സൂചനകള്‍ പുറത്തുവരുന്നത്. സമ്മേളനങ്ങളിലേക്ക് പാര്‍ട്ടി കടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇനി കോടിയേരി ചുക്കാന്‍ ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും.

Content Highlights: Next surprise, Kodiyeri Balakrishnan...? May be back to state Secretary post