രു പാര്‍ട്ടിയുടേയും കുത്തകയല്ല. എന്നാല്‍ മൂന്നു പാര്‍ട്ടിക്കും ശക്തമായ സാന്നിധ്യം. എല്‍ഡിഎഫും യുഡിഎഫും 3-2 എന്ന സ്‌കോര്‍ പാലിക്കുന്ന ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇതാണ് കാസര്‍കോടിന്റെ സ്ഥിതി. ബിജെപി എക്കാലവും മോഹിക്കുന്ന മഞ്ചേശ്വരം. ഇടതിന്റെ ഇളകാത്ത കോട്ടയായ കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഉദുമയും ഉള്ള ജില്ല. കണ്ണൂരിനോട് അടുത്തെത്തുമ്പോള്‍ കരുത്തുള്ള സിപിഎം അങ്ങ് വടക്ക് ദുര്‍ബലമാണ്. രണ്ടാമതെങ്കിലും എത്താന്‍ സിപിഎം പാടുപെടുന്ന മണ്ഡലങ്ങളാണ് കാസര്‍കോടും മഞ്ചേശ്വരവും. രണ്ടും ലീഗിന്റെ സീറ്റുകള്‍. അവര്‍ക്ക് പ്രധാന വെല്ലുവിളി ബിജെപി. 3-2 സ്‌കോര്‍ നിലയില്‍ മാറ്റമുണ്ടായാല്‍ 2-2-1 ആകാം. കോണ്‍ഗ്രസും യുഡിഎഫും മോഹിക്കുന്നത് 2-3 എന്ന സ്‌കോര്‍ നിലയാണ്. കൈയിലുള്ള മഞ്ചേശ്വരവും കാസര്‍കോടും ഒപ്പം ഉദുമ എന്ന അട്ടിമറി മോഹത്തിലാണ് യുഡിഎഫ്. ബിജെപിയാകട്ടെ മഞ്ചേശ്വരവും കാസര്‍കോടും പിടിക്കാന്‍ ലക്ഷ്യമിടുന്നു.

ഇത് ഇതുവരെയുള്ള ചരിത്രം. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ പല ചരിത്രങ്ങളും തിരുത്തി കുറിക്കുമെന്നും പല കോട്ടകളും തകരുമെന്നുമാണ് മൂന്ന് രാഷ്ട്രീയ കക്ഷികളും അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി യു.ഡി.എഫിനൊപ്പമുള്ള മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമെന്ന് ബിജെപിയും ഇടതിന്റെ ചെങ്കോട്ടയായ ഉദുമയില്‍ മൂവര്‍ണ കോടി ഉയരുമെന്ന് കോണ്‍ഗ്രസും പറയുന്നു. എന്നാല്‍, കാഞ്ഞങ്ങാട്. കാസര്‍കോട്, തൃക്കരിപ്പൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളെയും ചൊല്ലിയുള്ള അവകാശവാദങ്ങള്‍ വേണ്ടത്ര ശബ്ദത്തില്‍ ഉയരുന്നില്ലെന്നതാണ് കൗതുകം. ഇനി ഓരോ മണ്ഡലങ്ങളിലേക്കും പോകാം.

മഞ്ചേശ്വരം

കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലം മഞ്ചേശ്വരമാണ്. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെയാണ് ലീഗ് മത്സരത്തിന് ഇറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ്-ലീഗ് വോട്ടുകള്‍ പെട്ടിയിലാക്കുകയും പ്രദേശവാസി എന്ന നിലയില്‍ ഭാഷാന്യൂനപക്ഷ വോട്ടുകളുമാണ് യു.ഡി.എഫ് ലക്ഷ്യം.

2006-ല്‍ നേടിയ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2011, 2016, 2019 ഉപതിരഞ്ഞെടുപ്പ് മൂന്നിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാല്‍, ഇത്തവണ സ്ഥാനാര്‍ഥിയെ മാറ്റി ശക്തമായ മത്സരത്തിനായാണ് എല്‍.ഡി.എഫ്. ഒരുങ്ങുന്നത്. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരുന്ന വി.വി. രമേശനെയാണ് ഇത്തവണ കളത്തിലിറിക്കയത്. പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ, പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനും രമേശന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

എന്നാല്‍, ബി.ജെ.പിയെ സംബന്ധിച്ച് ഈ മണ്ഡലം പിടിക്കുക ഇത്തവണ അഭിമാന പോരാട്ടമാണ്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇവിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി. 2016ലും 2011ലും മഞ്ചേശ്വരമായിരുന്നു സുരേന്ദ്രന്റെ അങ്കത്തട്ട്. 2011-ല്‍ 5828 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും 2016-ല്‍ പരാജയം വെറും 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. 

കാസര്‍കോട്

സി.ടി. അഹമ്മദാലി, എന്‍.എ. നെല്ലിക്കുന്ന് എന്നിവരിലൂടെ പത്ത് തിരഞ്ഞെടുപ്പായി ലീഗിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന എന്‍.എ. നെല്ലിക്കുന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2011-ല്‍ 53068 വോട്ടുകള്‍ നേടിയാണ് നെല്ലിക്കുന്ന് കന്നി അങ്കത്തില്‍ ജയിച്ചത് എന്നാല്‍, 2016-ല്‍ ഇത് 64,727 വോട്ടായി അത് ഉയര്‍ത്തി. അതുകൊണ്ടുതന്നെ ഈസി വാക്ക് ഓവര്‍ പ്രതീക്ഷിച്ചാണ് നെല്ലിക്കുന്ന് കാസര്‍കോട് മത്സരത്തിനിറങ്ങിയിരിക്കുന്നത്.

മഞ്ചേശ്വരത്ത് ബി.ജെ.പിക്കുള്ള സാധ്യതയോളം തന്നെ കാസര്‍കോടുമുണ്ടെന്ന് പറയാം. ജില്ലാ പ്രസിഡന്റായ കെ.ശ്രീകാന്താണ് ഇത്തവണ ബിജെപിക്കായി കാസര്‍കോട് പിടിക്കാന്‍ രംഗത്തുള്ളത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഇതിനൊപ്പം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമായി. ഇത്തവണ ബി.ജെ.പി വോട്ടുകള്‍ക്ക് പുറമെ, ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ സീറ്റ് പിടിച്ചെടുക്കാനാണ് കാസര്‍കോട് ബി.ജെ.പി. ശ്രമിക്കുന്നത്.

എല്‍.ഡി.എഫില്‍ ഘടകകക്ഷിയായ ഐ.എന്‍.എല്ലിനാണ് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഇവിടെ മത്സരിച്ചത്. വര്‍ഷങ്ങളായി ഒന്നും രണ്ടും സ്ഥാനം യു.ഡി.എഫും ബി.ജെ.പിയും പങ്കിടുമ്പോള്‍ എല്‍.ഡി.എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ ഐ.എന്‍.എല്ലിന്റെ എം.എ. ലത്തീഫിനെയാണ് ഇടതുപക്ഷം മത്സരരംഗത്ത് ഇറക്കിയിട്ടുള്ളത്. കാസര്‍കോട് മണ്ഡലത്തിലെ മതേതര വോട്ടര്‍മാരെ കൂടെ നിര്‍ത്താനാണ് എല്‍.ഡി.എഫ്. ശ്രമം.

 

ഉദുമ

കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ഉദുമയാണ്. 1991-ന് ശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മണ്ഡലമാണ് ഉദുമ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും സിപിഎം വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലം. 2016-ല്‍ കണ്ണൂരില്‍ നിന്ന് കെ.സുധാകരന്‍ വന്നപ്പോള്‍ ഭൂരിപക്ഷം 3832 ആയി ചുരുങ്ങി. പെരിയ ഇരട്ടകൊലപാതകം സജീവ ചര്‍ച്ചയാകുന്ന മണ്ഡലം. ഇടതുപക്ഷത്തിന്റെ സുരക്ഷിത കോട്ടയെന്ന ഖ്യാതി ഉദുമയെ കൈവിട്ടിട്ടുണ്ടെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഉണ്ണിത്താന് 8937 വോട്ട് ഭൂരിപക്ഷം കിട്ടിയതോടെ യുഡിഎഫ് പ്രതീക്ഷയ്ക്ക് പുതു ജിവന്‍വച്ചു. ജില്ലയിലെ പൊതുസമ്മതനായ സി.എച്ച്. കുഞ്ഞമ്പുവിനെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ജില്ലയില്‍ ലഭിക്കുന്ന മൂന്നാമത്തെ മണ്ഡലമായിരിക്കും ഉദുമയെന്നാണ് യു.ഡി.എഫ് ക്യാമ്പ് പറയുന്നത്. പ്രദേശിക തിരഞ്ഞെടുപ്പില്‍ പെരിയ പഞ്ചായത്ത് പിടിക്കാനും കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടി. കാസര്‍കോട് ഡി.സി.സി. സെക്രട്ടറിയായ ബാലകൃഷ്ണന്‍ പെരിയയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. 

ത്രീകോണ മത്സരത്തിന് സാധ്യതയൊരുക്കുന്ന സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പിയും കളത്തില്‍ ഇറക്കിയിരിക്കുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എം.വേലായുധനാണ് ബി.ജെ.പിക്കായി ഉദുമയിലെ ഗോദയിലുള്ളത്. കോണ്‍ഗ്രസ് പെരിയ ഉറ്റുനോക്കുന്നത് പോലെ തൃക്കണ്ണാട് പോലെയുള്ള സ്ഥാലങ്ങളില്‍ ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. ഇത് ഉയര്‍ത്താനാണ് ആര്‍.എസ്.എസ്. നേതാവ് കൂടിയായ വേലായുധന്‍ ലക്ഷ്യമിടുന്നത്.

 

കാഞ്ഞങ്ങാട്

1991 മുതല്‍ ഉറച്ച ഇടതുകോട്ടയാണ് കാഞ്ഞങ്ങാട് മണ്ഡലം. അനായാസ വിജയമാണ് എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സി.പി.ഐയുടെ സീറ്റില്‍ മന്ത്രി ഇ ചന്ദ്രശേഖരനാണ് മൂന്നാം തവണയും മത്സരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഉണ്ടായ അസ്വാരസ്യം, പെരിയ ഇരട്ടകൊലപാതകത്തിന്റെ പ്രതിഫലനവും ഇടതുപക്ഷത്തിന് കാഞ്ഞങ്ങാടുള്ള വെല്ലുവിളികളാണ്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകമാനമുണ്ടായ ഇടത് തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.

പി.വി. സുരേഷ് എന്ന പുതുമുഖത്തെയാണ് യു.ഡി.എഫ്. ഇക്കുറി കാഞ്ഞങ്ങാട് പരീക്ഷിക്കുന്നത്. കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന അന്ത:സംസ്ഥാന പാതയുടെ വികസനം മുരടിപ്പിച്ചെന്ന ആയുധമാണ് മലയോര മേഖലയില്‍ കോണ്‍ഗ്രസ് ഇറക്കിയിട്ടുള്ളത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിര്‍ത്തി വിജയം നേടുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പെരിയയിലെ ഇരട്ടകൊലപാതകം ഉദുമയ്ക്ക് പുറമെ, കാഞ്ഞങ്ങാട് മണ്ഡലത്തിലും ആയുധമാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.

കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ എം. ബല്‍രാജിനെ മത്സരത്തിനിറക്കി തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിന് കളമൊരുക്കുയാണ് ബി.ജെ.പി. പുതിയ വോട്ടര്‍മാരെ കൂടെ നിര്‍ത്തി വോട്ടിങ്ങ് ശതമാനം വര്‍ധിപ്പിക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനൊപ്പം മലയോര മേഖലകളിലേത് ഉള്‍പ്പെടെയുള്ള ഹിന്ദുവോട്ടുകള്‍ സ്വന്തമാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവ സാന്നിധ്യമായി സ്ഥാനാര്‍ഥിയുടെ വ്യക്തി പ്രഭാവവും വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ബി.ജെ.പി. കണക്ക് കൂട്ടല്‍.

 

തൃക്കരിപ്പൂര്‍

കാസര്‍കോട് ജില്ലയിലെ ഇടതിന്റെ ഉരുക്കുകോട്ടയാണ് തൃക്കരിപ്പൂര്‍. 1960-ല്‍ സി.കുഞ്ഞികൃഷ്ണന്‍ നായര്‍ വിജയിച്ചതിന് ശേഷം മറ്റൊരു കോണ്‍ഗ്രസ് പ്രതിനിധിയും തൃക്കരിപ്പൂരില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടില്ല. ഈ ആത്മവിശ്വാസം തന്നെയാണ് ഇടതുപാളയത്തിന്റെ കരുത്ത്. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. എന്നാല്‍, സംസ്ഥാന ഘടകത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജഗോപാല്‍ വീണ്ടും മത്സര രംഗത്തേക്ക് എത്തുകയായിരുന്നു.

മാണിയുടെ മകന്‍ ജോസ് പാലായില്‍ ഇടത് സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇവിടെ മാണിയുടെ മരുമകന്‍ എം.പി ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയ പത്താമത്തെ സീറ്റാണ് തൃക്കരിപ്പൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 

യുവരക്തമാണ് ബി.ജെ.പിക്കായി മത്സരരംഗത്തുള്ളത്. മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനും തൃക്കരിപ്പൂര്‍ സ്വദേശിയുമായ ടി.വി. ഷിബിനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനൊപ്പം നിഷ്പക്ഷ വോട്ടര്‍മാരേയും ആകര്‍ഷിക്കാന്‍ ഷിബിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സാധിക്കുമെന്നും എന്‍.ഡി.എ. ക്യാമ്പ് വിശ്വസിക്കുന്നുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണായുധമായി എന്‍.ഡി.എ. ഉയര്‍ത്തി കാട്ടുന്നുണ്ട്.

മൂന്നുമുന്നണിയും അവകാശവാദങ്ങള്‍ നിരത്തുമ്പോഴും മഞ്ചേശ്വരത്ത് ബിജെപിയുടെ സാധ്യതയും ഉദുമയില്‍ അടിയൊഴുക്കുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്‌