നകീയതയും അംഗീകാരവും പരിധി വിട്ടാല്‍ കാലത്തിന്റെയും പാര്‍ട്ടിയുടേയും ഉത്തരമാണ് കെ.കെ ശൈലജ. കൂടുതല്‍ മാര്‍ക്ക് മേടിച്ചു അതുകൊണ്ട് പ്രമോഷന്‍ ഇല്ല, അല്ലെങ്കില്‍ ജോലിയില്ല എന്ന് പറയും പോലെ. പാര്‍ട്ടിക്ക് അതീതനായി വളര്‍ന്ന് പന്തലിക്കാന്‍ കൊതിച്ച വി.എസിന് ക്ലിപ്പിട്ട് ആദ്യം ആഭ്യന്തരം നല്‍കാതെയും രണ്ടാം തവണ ഭരണ പരിഷ്‌കാര കമ്മീഷനില്‍ കുടിയിരുത്തിയതിന്റെയും ആധുനിക വേര്‍ഷന്‍. 

തീര്‍ത്തും ഒതുക്കി എന്ന് പറഞ്ഞുകൂടാ പാര്‍ട്ടിയുടെ വിപ്പ് എന്ന യെമണ്ടന്‍ ദൗത്യം ശൈലജയ്ക്കും നല്‍കിയിട്ടുണ്ട് പാര്‍ട്ടി. സൗന്ദര്യം ശാപമാകും എന്ന അന്ധവിശ്വാസം പോലെ, കഴിവും രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ തിരിച്ചടിയാകുന്നു. വിപ്ലവനക്ഷത്രം കെ.ആര്‍. ഗൗരിയമ്മ ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങി ദിവസങ്ങളായിട്ടില്ല. 

ഗൗരിയമ്മയുടെ മുഖ്യമന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ച അതേ പാര്‍ട്ടിയുടെ പുതിയകാല നേതാക്കള്‍ അവര്‍ക്ക് പാര്‍ട്ടി പതാക പുതപ്പിച്ച് അന്ത്യാഭിവാദ്യം നല്‍കുന്ന കാഴ്ച കേരളം കണ്ടു. അത് ഒരുപരിധി വരെ ആ തെറ്റിന്റെ പ്രായശ്ചിത്തമല്ല. കുറ്റബോധമെങ്കിലും ആവാം. ഉറപ്പാണ്, സ്ത്രീസുരക്ഷ ഉറപ്പാണ് എന്ന എല്‍.ഡി.എഫ്. പ്രചാരണ വീഡിയോ ഓര്‍ക്കുക.പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്താ പെണ്ണിന് കുഴപ്പം നിയമസഭയില്‍ മുഴങ്ങിക്കേട്ട ആ ശബ്ദം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. 

അതിനെ അലങ്കാരമാക്കി, അഭിമാനമാക്കിയ പാര്‍ട്ടി ഇപ്പോള്‍ അവരെ മാറ്റിനിര്‍ത്തുന്നു. ഓര്‍ക്കുക കോവിഡ് കേരളത്തില്‍ അതിന്റെ സൂചനകള്‍ നല്‍കിയ കാലം. അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റെഡ് സോണിലാക്കി അടച്ചിട്ട ഒരുകാലത്ത് ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ. ശൈലജയാണ് എല്ലാ ദിവസവും അപ്ഡേറ്റ് നല്‍കിയിരുന്നത്. കാര്യങ്ങള്‍ കൃത്യമായി പഠിച്ച് അവതരിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് എല്ലാവരും അംഗീകരിച്ചു. അവരുടെ പ്രാപ്തിയെ എല്ലാവരും നമിച്ചു. 

സ്ത്രീ സമൂഹത്തില്‍ ആരോഗ്യവകുപ്പും അവരും മുന്നണിക്ക് നേടിക്കൊടുത്ത സ്വീകാര്യതയുടെ ഗുണഭോക്താക്കളാണ് തീരുമാനം എടുത്തത്. ശൈലജയുടെ റേറ്റിങ് കൂടി കൂടി വന്നു. അസൂയ മൂത്ത ചെന്നിത്തല മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പറയുന്നു. കേരളീയ സമൂഹവും സ്ത്രീസമൂഹവും ചെന്നിത്തലയേയും സംഘത്തെയും പരിഹസിച്ചു. പക്ഷേ ഉര്‍വശീശാപം ഉപകാരമായി എന്നത് പോലെ മറ്റൊരാള്‍ക്ക് അത് അവസരമായി. അടുത്ത ദിവസം മുതല്‍ വാര്‍ത്താസമ്മേളനത്തിന്റെ ചുമതല ക്യാപ്റ്റന്‍ ഏറ്റെടുത്തു. 

ഇടതുവശത്ത് ശൈലജയും വലതുവശത്ത് ഇ. ചന്ദ്രശേഖരനും ഉരിയാടാതെ പിണറായി ഭാഷണം മാത്രമുള്ള വാര്‍ത്താസമ്മേളനം. അങ്ങോട്ട് ചോദ്യം ചോദിച്ചാല്‍ പലപ്പോഴും ഇപ്പോ വിവരം എന്റെ കയ്യില്‍ ഇല്ല എന്നാവും മറുപടി. വേണമെങ്കില്‍ ആ മറുപടി ആരോഗ്യമന്ത്രിക്ക് നല്‍കാനാകും. പക്ഷേ അതിനുള്ള അവസരം അവിടെയില്ല. അംഗീകാരങ്ങള്‍ രാജ്യത്തിന്് അകത്തും പുറത്തും വന്നുതുടങ്ങി. ടീച്ചറമ്മ സ്തുതികള്‍ അലയടിച്ചു. 

യഥാര്‍ഥത്തില്‍ ആ പുകഴ്ത്തിയ ജനമാണ് കുറ്റക്കാര്‍. അവരടിച്ച ഓരോ ക്ലാപ്പുമാണ് അവര്‍ക്ക് ഇന്ന് തിരിച്ചടിയായത്. പിണറായിക്കാള്‍ ഭൂിരിപക്ഷവുമായി റെക്കോഡ് കുറിച്ചു. അതൊക്കെ അയോഗ്യതയാണ് രാഷ്ട്രീയത്തില്‍. 

ധീരമായ തീരുമാനമെന്ന് വി.എന്‍. വാസവന്‍ വാഴ്ത്തുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനമാണ് വേണ്ടത്. സ്പ്രിംക്ലര്‍ കാലത്ത് പാര്‍ട്ടി ആ നയം വ്യക്തമാക്കിയതാണ്. അതാണ് ഇപ്പോഴും പാര്‍ട്ടിക്ക് പറയാനുള്ളത്. അതിന്റെ ആദ്യ വേര്‍ഷനായിരുന്നു തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് സീറ്റില്ല എന്ന പരീക്ഷണം. 

സീറ്റില്ലെന്നു കേട്ട് ഐസക്കിനും സുധാകരനും ഉണ്ടായ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടുണ്ടാവില്ല. ആ ധൈര്യം ജയിച്ചാല്‍ എല്ലാവരും പുതുമുഖങ്ങളാകും മന്ത്രിസഭയില്‍ എന്ന് പറയാന്‍ ആര്‍ക്കും തിരഞ്ഞെടുപ്പ് കാലത്ത് ധൈര്യമുണ്ടാകില്ല. തോറ്റുപോയതുകൊണ്ട് മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇതില്‍ നയപരമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞു. വ്യക്തിയല്ല പ്രധാനമെന്ന് പറയാന്‍ ശ്രീമതിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. 

ശൈലജ കൂടി ഒഴിവായതോടെ മണിയാശാനും രാമകൃഷ്ണനും മൊയ്തീനും ഒന്നും പരാതിയുണ്ടാവില്ല. തലമുറമാറ്റം ആണോ ഒരാളെ ഒഴിവാക്കാന്‍ എല്ലാവരേയും ഒഴിവാക്കിയതാണോ എന്ന് അറിയാവുന്ന ഒരേയൊരാള്‍ പിണറായി വിജയന്‍ മാത്രമാണ്. തീരുമാനം ആദ്യം എടുക്കുക. പിന്നെ അതിലേക്ക് എത്തിച്ചേരേണ്ട കാരണങ്ങള്‍ പൂരിപ്പിക്കുക. അതില്‍ കൃത്യമായി ന്യായീകരണം ഉണ്ടാവണം. തെറ്റിദ്ധാരണയ്ക്ക് ഇടമുണ്ടാവരുത്. അതില്‍ പലര്‍ക്കും പല റോളുണ്ടാകും. അതാണ് നടപ്പായത്. ചിലര്‍ അറിയാതെ അഭിനയിച്ചു. ചിലര്‍ അറിഞ്ഞ് അഭിനയിച്ചു. 

പുതിയ തലമുറ എന്ന പ്രതിച്ഛായ യഥാര്‍ഥത്തില്‍ കഴിവും പ്രാപ്തിയും കണക്കിലെടുത്താല്‍ രാജീവിനും ബാലഗോപാലിനും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. റിയാസിന് ചെറുപ്പത്തിന്റെ പിന്‍ബലം. വീണ ജോര്‍ജിന്റെ കാര്യത്തില്‍ സമാജിക എന്ന നിലയിലും മികച്ച ട്രാക്ക് റെക്കോഡുണ്ട്. ബിന്ദു ടീച്ചര്‍ക്ക് ഇത് വൈകി കിട്ടിയ അംഗീകാരമാണെന്ന് വേണേല്‍ പറയാം. തൃശൂര്‍ മേയര്‍ ആയി കഴിഞ്ഞ് അധ്യാപനത്തിലേക്ക് പോയി തിരിച്ചെത്തിയാണ് ഇപ്പോ മന്ത്രിയാകുന്നത്. 

വീണ ജോര്‍ജിന് ആരോഗ്യവകുപ്പ് കൂടി നല്‍കിയാല്‍ തിരഞ്ഞെടുപ്പിന് മുന്നേ ഒരുക്കിയ തിരക്കഥയുടെ ക്ലൈമാക്സ് പൂര്‍ണമാകും. പി. ജയരാജനെക്കുറിച്ച് ചെഞ്ചോരപ്പൊന്‍ കതിരല്ലോ എന്ന സ്തുതി എഴുതിയവരോ ഉണ്ടാക്കിയവരോ പോലും ചിന്തിച്ചിട്ടുണ്ടാവില്ല അത് പി.ജെ. ആര്‍മിയില്‍ ഒതുങ്ങില്ലെന്ന്. ക്യാപ്റ്റന്‍ എന്ന പരിവേഷം പക്ഷേ സ്തുതി വാചകമായി പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ല. ഇനി കേരളത്തിന് ക്യാപ്റ്റന്റെ കരുതല്‍ മതി. ടീച്ചറമ്മയുടേത് വേണ്ട. വേണ്ട എന്ന് പാര്‍ട്ടി പറഞ്ഞാല്‍ വേണ്ട.

Content Higlights: KK Shailaja out of Pinarayi Vijayan ministry