കോഴിക്കോട്: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നിയമസഭാ ചരിത്രത്തില്‍ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് മുസ്ലിം ലീഗിന് ഇത്തവണയുണ്ടായിരിക്കുന്നത്. ഇത്തവണ മൂന്ന് സീറ്റില്‍ അധികം മത്സരിച്ചിട്ടും അതിന്റെ നേട്ടമുണ്ടാക്കാന്‍ ലീഗിനായില്ല. 2016-ല്‍ യു.ഡി.എഫ്. നിലംപതിച്ചപ്പോഴും മത്സരിച്ച 24-ല്‍ 18 സീറ്റിലും വിജയം നേടാന്‍ മുസ്ലിം ലീഗിനായിരുന്നു.

കാല്‍ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ ഉള്‍പ്പെടുത്തിയാണ് മുസ്ലിംലീഗ് ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നത്.  സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്ത് തന്നെ മത്സരിക്കാന്‍ നൂര്‍ബിന റഷീദിന് നല്‍കി. എന്നാല്‍ നൂര്‍ബിന റഷീദിന് പാര്‍ട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍കോവില്‍ ഇവിടെ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ബിനയ്‌ക്കെതിരെ ജയിച്ചത്. 2016-ല്‍ 2,327 വോട്ടിന്റെ ഭൂരിപക്ഷം എം.കെ. മുനീറിന് കോഴിക്കോട് സൗത്തില്‍ ഉണ്ടായിരുന്നു.

അതേസമയം, മുനീറിലൂടെ കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി ലീഗിന് പിടിച്ചെടുക്കാനായി എന്നത് ആശ്വാസകരമാണ്. സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖിനെ 6,504 വോട്ടുകള്‍ക്കാണ് മുനീര്‍ പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിനെ കൂടാതെ അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് ലീഗിന് ഇത്തവണ നഷ്ടമായത്.

അട്ടിമറിജയത്തിലൂടെ രണ്ടു തവണ അഴീക്കോട് പ്രതിനിധീകരിച്ച കെ.എം. ഷാജിയെ ഇത്തവണ മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാര്‍ഥി കെ.വി.സുമേഷാണ് ഇവിടെ ജയിച്ചത്.

പാലാരിവട്ടം പാലം അഴിമതി ചര്‍ച്ചയായ കളമശ്ശേരിയില്‍ സിറ്റിങ് എം.എല്‍.എ. ആയിരുന്ന വി.എം. ഇഹ്രാഹികുഞ്ഞിന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയ ലീഗിന്റെ തീരുമാനം പിഴച്ചു. വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരെ 11,132 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാര്‍ഥി പി.രാജീവ് ജയിച്ചത്.

കുറ്റ്യാടിയില്‍ കഴിഞ്ഞ തവണ അട്ടിമറി ജയം പാറക്കല്‍ അബ്ദുള്ളയെ ഇത്തവണ നേരിയ ഭൂരിപക്ഷത്തിന് മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 490 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു.

മലപ്പുറത്തെ മണ്ഡലങ്ങളെല്ലാം മുസ്ലിലീഗിന് നിലനിര്‍ത്താനായി. എന്നാല്‍ കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെ നിയോഗിച്ചിട്ടും ഇത്തവണ പിടിച്ചെടുക്കാനായില്ല. തിരുവമ്പാടിയിലും ജയിക്കാനായില്ല. പെരിന്തല്‍മണ്ണയില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്.

മുസ്ലിംലീഗ് ജയിച്ച മണ്ഡലങ്ങള്‍

വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം- പി. ഉബൈദുള്ള
മഞ്ചേരി- യു.എ. ലത്തീഫ്
വള്ളിക്കുന്ന്- പി. അബ്ദുള്‍ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പി.എ. മജീദ്
കോട്ടക്കല്‍-  ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട-  മഞ്ഞളാംകുഴി അലി
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
ഏറനാട്- പി.കെ. ബഷീര്‍
കൊണ്ടോട്ടി- ടി.വി. ഇബ്രഹിം
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മണ്ണാര്‍ക്കാട്-  എന്‍. ഷംസുദ്ദീന്‍
കൊടുവള്ളി-  എം.കെ. മുനീര്‍
മഞ്ചേശ്വരം - എ.കെ.എം. അഷ്‌റഫ്
കാസര്‍കോട്-  എന്‍.എ. നെല്ലിക്കുന്ന്