പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി.. കേരളം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യകേരളമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഈ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണ് ഉളളത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 ല്‍ 32 ഉം ഇടതുപക്ഷം നേടി. 21 എണ്ണം യുഡിഎഫും. അതില്‍ത്തന്നെ തൃത്താല, തൃശ്ശൂര്‍, കളമശ്ശേരി, കോതമംഗലം, പാല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ഇടുക്കി എന്നീ എട്ടുമണ്ഡലങ്ങളിലാണ് തീപാറും പോരാട്ടം നടക്കുന്നത്. ഇടതിന് അല്പം ബലക്കുറവുണ്ടെന്ന് കരുതുന്ന ഈ മേഖലയില്‍ ഇടത് വലിയ വിജയം കരസ്ഥമാക്കിയപ്പോള്‍ ഈ യുഡിഎഫ് കോട്ടകള്‍ തകര്‍ത്തുകൊണ്ട് ഇടത് ഇത്തവണ ഇവിടെ സ്ഥാനമുറപ്പിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ബി.ജെ.പി വിജയപ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ചിലതും മധ്യകേരളത്തിലാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് പ്രധാന്യമുളള ഈ മണ്ഡലങ്ങളില്‍ പള്ളിത്തര്‍ക്കം രൂക്ഷമായതിനാല്‍ സഭകളുടെ നിലപാട് ഒരുപക്ഷേ വിജയത്തെ സ്വാധീനിച്ചേക്കാം. യുഡിഎഫ് വിട്ട് ഇടത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് എമ്മിനും കരുത്തരാണെന്ന് തെളിയിക്കേണ്ടതിനാല്‍ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ജില്ലകളിലൂടെ, ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൂടെ..

ഇടതിന് വളക്കൂറുള്ള മണ്ണാണ് പാലക്കാട്. ഇഎംഎസ്, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ മുഖ്യമന്ത്രിമാരെ ജയിപ്പിച്ച നാട്. ഇതുവരെയുള്ള നിയമസഭാ പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ ജില്ലയ്ക്ക് ഇടതിനോടാണ് കൂടുതല്‍ പ്രിയം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെ ഞെട്ടിച്ച് യുഡിഎഫും ശക്തിതെളിയിച്ചു. നേമത്തിന് പുറമേ അടുത്ത താമര വിരിയുമെന്ന് ബിജെപി കണക്കുകൂട്ടുന്ന ചില എ ക്ലാസ് മണ്ഡലങ്ങളും ജില്ലയിലുണ്ട്. അതിനാല്‍ ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന ജില്ലയാണ് പാലക്കാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ ഒമ്പതും എല്‍ഡിഎഫിനൊപ്പമായിരുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, തരൂര്‍ എന്നിവ ഇടതിനെ തുണച്ചു. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമേ യുഡിഎഫിന് ജയിക്കായുള്ളു. പാലക്കാട്ടും മലമ്പുഴയിലും വലിയ മുന്നേറ്റമുണ്ടാക്കി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇരുമുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പും നല്‍കി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമാണ് യുഡിഎഫിന്റെ പ്രതീക്ഷ. ജില്ല ഉള്‍പ്പെടുന്ന പാലക്കാട്, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ വികെ ശ്രീകണ്ഠനും, രമ്യ ഹരിദാസും ഇടി മുഹമ്മദ് ബഷീറും മിന്നും ജയം നേടി. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തി. നാല് മണ്ഡലങ്ങള്‍ മാത്രമേ എല്‍ഡിഎഫിനെ തുണച്ചുള്ളു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ പോരില്‍ രാഷ്ട്രീയ ചിത്രം വീണ്ടും മാറിമറിഞ്ഞു. കോട്ടകള്‍ പലതും ഇടതുമുന്നണി തിരിച്ചുപിടിച്ചു. ജില്ലയില്‍ അധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചു. പലയിടത്തും ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും ചെയ്തു. 

കോണ്‍ഗ്രസ് നിരയിലെ സ്ഥാനാര്‍ഥികളില്‍ ഏറെയും യുവാക്കളാണ് എന്നതും ഇത്തവണത്ത പ്രത്യേകതയാണ്. മെട്രോമാന്‍ ഇ ശ്രീധരനാണ് ജില്ലയിലെ ബിജെപിയുടെ തുറുപ്പുചീട്ട്. മത്സരിക്കുന്നത് പാലക്കാട് നിയോജക മണ്ഡലത്തിലാണെങ്കിലും ശ്രീധരന്‍ ഇഫക്ട് ജില്ലയൊന്നാകെ അലയടിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ശ്രീധരനായതോടെ ജയത്തില്‍ കുറഞ്ഞൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. പാലക്കാടിന് പുറമേ മലമ്പുഴയിലും വാശിയേറിയ മത്സരമാണ്. 20 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച വിഎസിന്റെ അഭാവത്തില്‍ ബിജെപി വെല്ലുവിളി അതിജീവിച്ച് മണ്ഡലം സിപിഎമ്മിന് നിലനിര്‍ത്താനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തൃത്താലയില്‍ എംബി രാജേഷ് - വിടി ബല്‍റാം താരപോര് കൂടി ചേരുമ്പോള്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിന് ചൂടേറി.

തൃത്താല

തിരഞ്ഞെടുപ്പിനുമുമ്പേ സാമൂഹികമാധ്യമങ്ങളില്‍ പോരാട്ടം മുറുകിയ മണ്ഡലമാണ് തൃത്താല. രാഷ്ട്രീയപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കപ്പെടുന്നത് സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം കൂടിയാവും.ഇടതുകോട്ടയെന്ന് സി.പി.എം. വിശേഷിപ്പിച്ചിരുന്ന തൃത്താല കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി. ബല്‍റാം 2011-ല്‍ പിടിച്ചെടുത്തതോടെയാണ് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 2016-ലും വി.ടി. ബല്‍റാം മണ്ഡലം നിലനിര്‍ത്തി. ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃത്താലയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ മുറുകി. മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി. എം.ബി. രാജേഷ് ഇടതു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് മത്സരം വീണ്ടും വീറുറ്റതായത്.  പത്തു വര്‍ഷത്തെ പ്രവര്‍ത്തനവും മണ്ഡലക്കാരനെന്ന പരിചയസമ്പന്നതയും ബല്‍റാമിന് നേട്ടം. തൃത്താലയില്‍ പത്തു വര്‍ഷം കൊണ്ടുവന്ന വികസനനേട്ടങ്ങള്‍ തന്നെയാണ് പ്രചാരണവിഷയവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു പഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി നാലു പഞ്ചായത്തുകളില്‍ ഭരണംകിട്ടിയതും യു.ഡി.എഫിന് പ്രതീക്ഷയാണ്. തൃത്താലയെ മാറ്റിയെടുക്കുമെന്ന പ്രചാരണമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ശങ്കു ടി. ദാസ് നടത്തുന്നത്. ശബരിമല വിഷയത്തില്‍ ആചാരണസംരക്ഷണ പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് അദ്ദേഹം.

ലതുപക്ഷ ചായ്‌വ് ഉണ്ടായിരുന്ന തൃശ്ശൂരില്‍ പതിമ്മൂന്നില്‍ പന്ത്രണ്ട് മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടിയാണ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫ്. ചെങ്കൊടി പാറിക്കുന്നത്. വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച് പൊരുതി അനില്‍ അക്കര നേടിയ ഒരേയൊരു സീററ് മാത്രമായിരുന്നു യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടാനായത്,അതും വെറും 43 വോട്ടുകള്‍ മാത്രം അധികം നേടി. മികച്ച വിജയത്തിന് മൂന്നുമന്ത്രിമാരെയും ജില്ലയ്ക്ക് ലഭിച്ചു. 

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ജില്ല 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നത് യുഡിഎഫിനൊപ്പമായിരുന്നു. എന്‍ഡിഎയും നില മെച്ചപ്പെടുത്തി, തൃശ്ശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്തേക്ക് പോലും വന്നു. അതേ വിജയപ്രതീക്ഷയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും മുന്നേറ്റമുണ്ടാക്കാനായില്ല.സ്വതന്ത്രരുടെ പിന്തുണയോടെ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഏഴ് നഗരസഭകളില്‍ അഞ്ചും എല്‍ഡിഎഫിനൊപ്പം നിന്നു. രണ്ടെണ്ണത്തില്‍ യുഡിഎഫും. 86 പഞ്ചായത്തുകളില്‍ 65ലും എല്‍ഡിഎഫിനായിരുന്നു ജയം. 20 പഞ്ചായത്തുകളില്‍ യുഡിഎഫും ഒന്നില്‍ എന്‍ഡിഎയും വിജയിച്ചു. അതുകൊണ്ടെല്ലാം തന്നെ പ്രവചനാതീതമാണ് ജില്ലയുടെ മനസ്സ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജില്ലയിലെ സമുദായ വോട്ടുകളും ജനവിധിയെ സ്വാധീനിക്കും. 

തൃശൂര്‍

കാല്‍നൂറ്റാണ്ട് യു.ഡി.എഫ്. കുത്തകയാക്കിയ മണ്ഡലം. എന്നാല്‍, കഴിഞ്ഞതിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ചരിത്രം തിരുത്തി എല്‍.ഡി.എഫിനൊപ്പം നിന്നു. അത് നിലനിര്‍ത്തേണ്ടത് മുന്നണിയുടെ ആവശ്യം. കോണ്‍ഗ്രസിലെ തമ്മിലടികൊണ്ട് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ട പോരാട്ടത്തിലാണ് യു.ഡി.എഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാക്കിയ സ്വാധീനത്തില്‍നിന്ന് പിന്നാക്കം പോവാതിരിക്കാനും ജില്ലയില്‍ ഒരു അക്കൗണ്ട് തുറക്കാനുമാണ് എന്‍.ഡി.എ.യുടെ ശ്രമം.

സി.പി.ഐയുടെ സീറ്റായ തൃശ്ശൂരില്‍ ഇക്കുറി പി. ബാലചന്ദ്രനാണ് സ്ഥാനാര്‍ഥി. പത്മജ വേണുഗോപാല്‍ യു.ഡി.എഫിന്റെയും സുരേഷ് ഗോപി എന്‍.ഡി.എ.യുടെയും പോരാളികളായി കളം നിറഞ്ഞു നില്‍ക്കുന്നു. മൂന്നു സ്ഥാനാര്‍ഥികളും തൃശ്ശൂരുകാര്‍ക്ക് അപരിചിതരല്ല. മൂന്നു പേരും തൃശ്ശൂരിന്റെ മണ്ണില്‍ പരാജയം അറിഞ്ഞവരുമാണ്. പത്മജ 2016-ലും ബാലചന്ദ്രന്‍ 2011-ലും നിയമസഭയിലേക്കും സുരേഷ് ഗോപി 2019-ലെ ലോക്‌സഭയിലേക്കും മത്സരിച്ചവരാണ്. അന്നത്തെ ആളുകളല്ല 'അവര്‍ ഇപ്പോള്‍' എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പരാജയപാഠങ്ങളില്‍ നിന്നുള്‍ക്കൊണ്ട വര്‍ധിതവീര്യം മൂവരിലും കാണാനുണ്ട്.

യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലയാണ് എറണാകുളം. 14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണവും വലതിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എറണാകുളം, കളമശ്ശേരി, ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, മൂവാറ്റുപുഴ, കുന്നത്തുനാട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ വൈപ്പിന്‍, കൊച്ചി, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കോതമംഗലം മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം തന്നെയായിരുന്നു ജില്ല. 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 82ല്‍ പകുതി പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 51 പഞ്ചായത്തുകളുമായി യുഡിഎഫ് തിരിച്ചുവന്നു. ഒപ്പം 13 മുനിസിപ്പാലികളില്‍ ഏഴെണ്ണം മാത്രമാണ് 2015ല്‍ നേടിയതെങ്കില്‍ 2020ല്‍ അത് 10 ആയി ഉയര്‍ത്താനുമായി. അതേസമയം കൊച്ചി കോര്‍പറേഷന്‍ ഭരണം പിടിച്ച് എല്‍ഡിഎഫ് ജില്ലയില്‍ തങ്ങള്‍ക്ക് കൂടിവരുന്ന ശക്തിയും പ്രകടമാക്കി.

വോട്ടുവിഹിതം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യമെങ്കിലും തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎയെയും തള്ളിക്കളയാനാകില്ല. ഇതിനൊപ്പം  ട്വന്റി-20യും വി4 പീപ്പിളും പോലുള്ള സ്വതന്ത്ര സംഘടനകളും ജില്ലയിലെ പ്രത്യേക മേഘലകളില്‍ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ പലയിടത്തെയും ജനവിധി തന്നെ മാറ്റിമറിച്ചേക്കാം.

കോതമംഗലം

കാലങ്ങളായി കൈവശം വെച്ച മണ്ഡലം കൈവിട്ടുപോയത് മുന്നണിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. കോതമംഗലം തിരിച്ചു പിടിക്കാന്‍ യു.ഡി.എഫ്. വലിയ ശ്രമമാണ് നടത്തുന്നത്. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കണം. അതിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം.കഴിഞ്ഞ തവണ മണ്ഡലം കൈവിട്ടുപോയത് കോതമംഗലത്തെ പ്രത്യേക രാഷ്ട്രീയാവസ്ഥ കാരണമായിരുന്നു. ജനം അന്നു വോട്ടുമാറ്റി ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇക്കുറി മണ്ഡലം യു.ഡി.എഫിനൊപ്പം പോരുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.അതേസമയം, സീറ്റ് നിലനിര്‍ത്താന്‍ എല്ലാ അടവും സി.പി.എം. പ്രയോഗിക്കുന്നുണ്ട്. കൈയില്‍ കിട്ടിയ മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ പാര്‍ട്ടി സംവിധാനം കിണഞ്ഞു ശ്രമിക്കുകയാണ്. താഴെത്തട്ടില്‍ മികച്ച പ്രവര്‍ത്തനമാണ് സി.പി.എം. നടത്തുന്നത്.

യാക്കോബായ സമുദായത്തിന്റെ സമദൂര സിദ്ധാന്തം അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യാക്കോബായ സമുദായത്തിന്റെ സഹായം കിട്ടിയതായി ഇടതുപക്ഷം പറയുന്നു. കത്തോലിക്ക സമുദായവുമായി ആന്റണി ജോണിനുള്ള ബന്ധവും ഗുണകരമാവുമെന്നാണു പ്രതീക്ഷ. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസിലെ ഷൈന്‍ കെ. കൃഷ്ണനാണ് രംഗത്തുള്ളത്. സീറ്റ് ഘടകകക്ഷിക്ക് കൊടുത്തതില്‍ പ്രദേശത്തെ ബി.ജെ.പി. നേതൃത്വത്തിന് അതൃപ്തിയുണ്ട്.

കളമശ്ശേരി

പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്ന മണ്ഡലമാണ് കളമശ്ശേരി. പാലം അഴിമതിക്കേസില്‍പെട്ട് സിറ്റിങ് എം.എല്‍.എയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കുമ്പോള്‍ പകരമെത്തുന്നത് മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂറാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയാണ് എല്‍.ഡി.എഫും രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി മാറി കളമശ്ശേരി. മണ്ഡലത്തിലെ തങ്ങളുടെ വോട്ടുശതമാനം ആറില്‍ നിന്ന് 15 ആയി ഉയര്‍ത്തിയ എന്‍.ഡി.എയ്ക്കായി ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പി.എസ്. ജയരാജാണ് മത്സരിക്കുന്നത്.

യുഡിഎഫിന്റെ കോട്ടയായിരുന്നു കോട്ടയം ജില്ല.  ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ആ ചരിത്രം വെറും പഴങ്കഥയായി മാറി. ഇന്നിപ്പോള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സമസ്യയാണ് കോട്ടയത്തിന്റെ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന  കെ.എം. മാണിയുടെ പാര്‍ട്ടി ഇത്തവണ ഇടതുപാളയത്തിലും ഇടതുപക്ഷത്തുണ്ടായിരുന്ന എന്‍സിപി നേതാവ് മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പവും ചേര്‍ന്നു കഴിഞ്ഞു.  ഇതിനെക്കാളുപരി സാമുദായിക ശക്തികളുടെ നിലപാടും കൂടിയാകുമ്പോള്‍ കോട്ടയം തീര്‍ത്തും പ്രവചനാതീതമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലമാണ് എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്.  

പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍  എന്നിങ്ങനെ  ഒന്‍പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍ഡിഎഫിനെ തുണച്ചത്. ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് വന്നതോടെ കാഞ്ഞിരപ്പള്ളിയും ഒപ്പമായി. 

ഏറ്റുമാനൂരില്‍ ലതികയുടെ രംഗപ്രവേശം മൂന്നു മുന്നണിക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജോസ് പക്ഷം കൂടി വന്നതോടെ ഇത്തവണ ജില്ലയില്‍ മേധാവിത്തം ഉറപ്പെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. എട്ടില്‍ ആറ് സീറ്റും കഴിഞ്ഞ തവണ നേരിടുന്ന യുഡിഎഫ് ഇത്തവണ രണ്ട് സീറ്റില്‍ ഒഴികെ വലിയ വെല്ലുവിളി നേരിടുന്നു. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം ലഭിച്ച കടുത്തുരുത്തിയില്‍ ജോസ്-ജോസഫ് പക്ഷം തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വരവോടെ കാഞ്ഞിരപ്പള്ളിയില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ ഇത് തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കിയെന്ന് അവിടെ എല്‍ഡിഎഫ് ക്യാമ്പ് പറയുന്നു. ജോസ്-ജോസഫ് പക്ഷം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമായ ചങ്ങനാശ്ശേരിയിലും പൊരിഞ്ഞ പോരാട്ടമാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് സി.എഫ് തോമസ് എട്ടാം അങ്കത്തില്‍ ജയിച്ചുകയറിയത്. എല്ലാ അടവും പയറ്റുന്ന പാലായില്‍ കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. ജോസിനും കാപ്പനും ജയം അഭിമാനപ്രശ്‌നം. തോറ്റാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി മാറും. ഇടതിന് പാലായില്‍ കല്ലുകടിയായി നഗരസഭയിലെ തമ്മിലടിയും ചര്‍ച്ചയായിമാറി. ജോസിനെ അവസരവാദിയായി ചിത്രീകരിക്കുന്ന പോസ്റ്റര്‍. ലൗജിഹാദ് വിഷയം എടുത്തിട്ടുള്ള ജോസിന്റെ പ്രയോഗവും തിരുത്തലും. അനുദിനം പാലായില്‍ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. നഗരങ്ങളില്‍ ജോസ് കൂടുതല്‍ മുന്നേറുമ്പോള്‍ കാപ്പന്റെ പിടി ഗ്രാമങ്ങളിലാണ്.  ഇതൊക്കെയാണ് കോട്ടയത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍.

പാലായാണ് കോട്ടയത്തെ മുഖ്യചര്‍ച്ചാവിഷയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ 33472 വോട്ടിന്റെ ഭൂരിപക്ഷമാണ് തോമസ് ചാഴിക്കാടന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ നിയമസഭാ,  ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും  കെ.എം. മാണിയുടെ മകന്‍ ജോസ് കെ മാണിയുമാണ് പാലായിലെ എല്‍ഡിഎഫിന്റെ പ്രതീക്ഷ.  കണക്കുകള്‍ പോലും ഇരു മുന്നണികള്‍ക്കും ഒരേ പോലെ പ്രതീക്ഷ നല്‍കുമ്പോള്‍ പാലാ പ്രവചനാതീതമാകുന്നു. 

പാലാ

കെ.എം. മാണിയിലൂടെ പ്രശസ്തമായ മണ്ഡലം. അഞ്ച് പതിറ്റാണ്ടോളമാണ് പാലാ കെ.എം. മാണിക്കൊപ്പം നിന്നത്.  എന്നാല്‍ മാണി മരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പാലാ കാപ്പനെ തുണച്ചു. തോറ്റ് തോറ്റായിരുന്നു  ഒടുവില്‍ കാപ്പന്‍  വിജയിച്ചത്. ഏത് പാര്‍ട്ടിയോടാണോ പാലായ്ക്ക് വേണ്ടി പട പൊരുതിയത് ആ പാര്‍ട്ടിയ്ക്ക് വേണ്ടിതന്നെ പാലായെ വിട്ടുകൊടുക്കാന്‍ നില്‍ക്കാതെ കാപ്പന്‍ യു.ഡി.എഫിലെത്തി. അതുകൊണ്ടു തന്നെ പാലാ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം. കോട്ടയം ജില്ലയിലെ പ്രവചനാതീതമായ മണ്ഡലങ്ങളില്‍ ഒന്നുതന്നെയാണ് പാല.  യു.ഡി.എഫിലേക്ക് പോയ കാപ്പനോ എല്‍.ഡി.എഫിലേക്ക് പോയ ജോസ് കെ. മാണിയോ ആരെയാണ് പാലാക്കാര്‍ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.  ഡോ. ജെ. പ്രമീളാദേവിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

പൂഞ്ഞാര്‍

പൂഞ്ഞാര്‍ എന്നാല്‍ പി.സി. ജോര്‍ജ്ജാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്‌നിപരീക്ഷയാണ്. ചതുഷ്‌കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതു മുന്നണിയില്‍ നിന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലും കോണ്‍ഗ്രസിന്റെ ടോമി കല്ലാനിയും  എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എം.പി സെന്നും മത്സര രംഗത്തുണ്ട്.  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റമാണ് എല്‍.ഡി.എഫ്. ക്യാമ്പിന്റെ ആത്മവിശ്വാസം. എന്നാല്‍ പൂഞ്ഞാറില്‍ ആണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് പി.സി. ജോര്‍ജിന്റെ ആത്മവിശ്വാസം. ആരുടെ വോട്ടും താന്‍ സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ്ജ് പറയുന്നു.  ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിച്ചത് വോട്ടായി മാറുമെന്ന ഉറച്ച  പ്രതീക്ഷയിലാണ് പി.സി. ജോര്‍ജ്ജ്.

ഏറ്റുമാനൂര്‍

ഒരൊറ്റ പ്രതിക്ഷേധം കൊണ്ട്  കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലം. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമൂലം  ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് എങ്ങനെ ഏറ്റുമാനൂരിനെ സ്വാധീനിച്ചു എന്നതാകും ഒരു പക്ഷേ ഏറ്റുമാനൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെ മാറ്റിയെഴുതുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക മത്സര രംഗത്തേക്കെത്തി. ഇത് ആദ്യം ഞെട്ടിച്ചത് യു.ഡി.എഫ്. ക്യാമ്പിനെയാണ് എന്നാല്‍ വൈകാതെ  ലതിക എല്ലാ മുന്നണികളുടെയും വോട്ട് പിടിക്കുമെന്ന കണക്കുകൂട്ടലിലേക്കാണ് എത്തുന്നത്. യു.ഡി.എഫ്. വോട്ടുകള്‍ സ്പ്ലിറ്റായി  ലതികയ്ക്ക് പോകുമ്പോള്‍ വി.എന്‍. വാസവന് ജയം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.  എന്നാല്‍ ഒരു കൊടിയും പിടിക്കാതെ സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അത്  87-ല്‍ യു.ഡി.എഫിനെ വെല്ലുവിളിച്ച സ്വതന്ത്രനായി നിന്ന് ജോസഫ് പൊടിപാറ സ്വന്തമാക്കിയ പോലൊരു വിജയമാണ്  ലതിക ക്യാമ്പിന്റെ സ്വപ്നം. ബി.ജെ.പി. സ്ഥാനാര്‍ഥിയായി  കോട്ടയം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയ ടി.എന്‍. ഹരികുമാര്‍ മത്സരിക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് തിരശ്ശീല ഉയര്‍ന്നപ്പോഴുള്ളതുപോലെയല്ല ഇടുക്കിയിലെ പോരാട്ടത്തിന്റെ രണ്ടാംപകുതി. സ്ഥാനാര്‍ഥി താരങ്ങളെല്ലാം കട്ടയ്ക്ക് അഭിനയിച്ചുകയറുമ്പോള്‍ ആര്‍ക്ക് ജനം കൈയടിക്കുമെന്ന കാര്യത്തില്‍ പല മണ്ഡലത്തിലും ഇപ്പോള്‍ ഉറപ്പില്ല. പോര് മുറുകിയതോടെ സ്ഥാനാര്‍ഥികള്‍ ശാന്തഭാവം കൈവിട്ട അവസ്ഥയിലാണ്. മൂന്നണികള്‍ തമ്മിലുള്ള 'രൗദ്രം' നിറഞ്ഞ വാക്‌പോരും വോട്ടര്‍മാരെ കാണുമ്പോഴുള്ള 'കരുണ'യും ഏത് മലയും കയറിച്ചെന്ന് വോട്ടുചോദിക്കുന്ന 'വീരവും' പരസ്പരം പരിഹസിക്കുന്ന 'ഹാസ്യ'വുമെല്ലാം പ്രചാരണത്തിലെ രണ്ടാം പകുതി കൂടുതല്‍ ത്രില്ലിങ്ങാവുകയാണ്. ഇതിനിടെ ഭയാനകമായ ചില പ്രസ്താവനകളുണ്ടായെങ്കിലും 'ശാന്ത'ത കൈവിടാത്ത മാപ്പ് പറച്ചിലിലൂടെ അതിന് ക്ലൈമാക്സായി.

തിരിഞ്ഞും മറിഞ്ഞും മുന്നണികളും സ്ഥാനാര്‍ഥികളും മലക്കംമറിഞ്ഞ കാഴ്ചയ്ക്കാണ് ഇടുക്കി സാക്ഷ്യംവഹിക്കുന്നത്. അന്നത്തെ ഇടത് ഇന്നത്തെ വലത്. അന്നത്തെ വലത് ഇന്നത്തെ ഇടത്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികള്‍ മുന്നണിമാറി ഏറ്റുമുട്ടുന്നു എന്നതാണ് അണക്കെട്ടിന്റെ നാടായ ഇടുക്കി മണ്ഡലത്തിന്റെ പ്രത്യേകത. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി 2001 മുതല്‍ തുടര്‍ച്ചയായി നാലു തവണ ജയിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍ ഇത്തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ യു.ഡി.എഫിനായാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളും തുണയ്ക്കുമെന്ന് കണക്കുകൂട്ടുന്നു റോഷി. എന്നാല്‍, യു.ഡി.എഫിനൊപ്പം എന്നും നിന്ന മണ്ഡലത്തിന്റെ പാരമ്പര്യം തനിക്ക് അനുകൂലഘടകമാകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിശ്വസിക്കുന്നു.

ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട്, ദേവികുളം എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങള്‍. നാലിടത്തും എല്‍.ഡി.എഫ്. ഒരിടത്തു മാത്രം യു.ഡി.എഫ്. തൊടുപുഴയില്‍ അട്ടിമറി വിജയം നേടി അഞ്ചു മണ്ഡലങ്ങളെയും ചുവപ്പിക്കുക എന്നതു മാത്രമാണ് ഇടുക്കിയില്‍ ഇടതുപക്ഷം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം വമ്പന്‍ തിരിച്ചുവരവും അട്ടിമറി വിജയങ്ങളുമാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നീ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ്. വിജയിച്ചത്. ഇടുക്കിയിലും തൊടുപുഴയിലും യു.ഡി.എഫിനും വിജയം നേടാനായി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് വന്നതോടെ ഇടുക്കിയിലെ കക്ഷിനിലയില്‍ മാറ്റംവന്നു-എല്‍.ഡി.എഫ്.-4, യു.ഡി.എഫ്.-1.

ഇടുക്കി 

1977ലാണ് ഇടുക്കി മണ്ഡലം നിലവില്‍വന്നത്. അന്നുമുതല്‍ നടന്ന പത്ത് തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും യു.ഡി.എഫാണ് വിജയിച്ചത്. ആറു തവണ കേരള കോണ്‍ഗ്രസും മൂന്നുവട്ടം കോണ്‍ഗ്രസും. 1996-ല്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയം നേടാനായത്. അന്ന് ജനതാദള്‍ സ്ഥാനാര്‍ഥി പി.പി. സുലൈമാന്‍ റാവുത്തര്‍ വിജയിച്ചു. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണ്. എന്നാല്‍, ഇത്തവണ റോഷിയുടെ ചിറകിലേറി വിജയിക്കാനാകുമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ് ഇത്തവണയും സീറ്റ്. കഴിഞ്ഞതവണ മത്സരിച്ച ബിജു മാധവന്‍ 27,403 വോട്ട് നേടിയിരുന്നു. ഇത്തവണ സംഗീത വിശ്വനാഥനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

Content Highlights:Kerala Assembly Election 2021: Who will win in Central Kerala?