ജാതി-മത ഘടകങ്ങള്‍ കെട്ടിപുണര്‍ന്ന് കിടക്കുന്ന തെക്കന്‍ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും അതിതീവ്രമായ മത്സരമാണ് ഇത്തണ നടക്കുന്നത്. ഏറ്റവും ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മേഖലയാണ് തെക്കന്‍ കേരളം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലായി 39 മണ്ഡലങ്ങളാണുള്ളത്. 2016-ല്‍ ഇടതുപക്ഷത്തിന് മൃഗീയ ആധിപത്യം തെക്കന്‍ കേരളത്തിലുണ്ടായിരുന്നു. 39 മണ്ഡലങ്ങളില്‍ 32 ഇടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാനായി. ആറിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപിക്ക് ആദ്യമായി ഒരു പ്രതിനിധിയെ നല്‍കിയതും തെക്കന്‍ കേരളമാണ്. വോട്ടെടുപ്പിന് ശേഷമുള്ള തെക്കന്‍ കേരളത്തിന്റെ വിജയസാധ്യതകള്‍ വിലയിരുത്തുകയാണ് ഇവിടെ-

തിരുവനന്തപുരം ത്രിശങ്കുവില്‍

ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ. കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ആറു സീറ്റില്‍ വീതം ഇരുമുന്നണികള്‍ക്കും സാധ്യതയുണ്ട്. മൂന്നിടത്തു വിജയിക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.  ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. ശബരിമല വിഷയം കൂടുതല്‍ചര്‍ച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേല്‍ക്കൈയുണ്ട്. നേമത്ത് അവസാനലാപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിച്ചതായാണ് സൂചന.

എല്‍.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ ചിറയിന്‍കീഴ്, വാമനപുരം എന്നിവിടങ്ങളില്‍ അട്ടിമറിസാധ്യത നിലനില്‍ക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയിലും മുന്‍ എം.എല്‍.എ.യും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ആര്‍. സെല്‍വരാജ് നിലവിലെ എം.എല്‍.എ. ആന്‍സലന് വെല്ലുവിളി ഉയര്‍ത്തുന്നു.

നെടുമങ്ങാട്ട് അവസാനലാപ്പില്‍ യു.ഡി.എഫ്. നേരിയ മേല്‍ക്കൈ നേടിയെന്നാണ് സൂചന. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ.യുമായിട്ടാണ് മത്സരം. കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തനത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പോയി. തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്‍.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകള്‍ മറ്റുമുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാം. വര്‍ക്കല, ആറ്റിങ്ങല്‍, മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈയുണ്ട്. പാറശ്ശാലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതീക്ഷവെക്കുന്നുണ്ട്. അരുവിക്കരയിലും സിറ്റിങ് എം.എല്‍.എ. കെ.എസ്. ശബരീനാഥന് നേരിയ മുന്‍തൂക്കമുണ്ട്. കോവളം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കാട്ടാക്കടയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ അവകാശപ്പെടാം.

കൊല്ലം ഏകപക്ഷീയമാവില്ല

കഴിഞ്ഞതവണത്തെപ്പോലെ ഇടതുമുന്നണി 11 മണ്ഡലങ്ങളിലും ജയിച്ചുകയറുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിനൊന്നിടത്തും നേടിയ മേല്‍ക്കൈ ഈ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാകുമെന്ന് യു.ഡി.എഫും സ്വപ്നം കാണുന്നില്ല. ഇരുപക്ഷത്തെയും പൂര്‍ണമായി നിരാശപ്പെടുത്താതെയുള്ള വിധിയെഴുത്താവും ഇക്കുറിയെന്നാണ് പൊതുവേ കരുതുന്നത്. കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നെന്ന് ഇടതുപക്ഷംതന്നെ സമ്മതിക്കുന്നു. കൊട്ടാരക്കര, ഇരവിപുരം, പുനലൂര്‍, ചടയമംഗലം, പത്തനാപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ അവര്‍ക്ക് തീരെ ആശങ്കയില്ല. കുന്നത്തൂരില്‍ ജനമനസ്സിന് ചെറിയ ചാഞ്ചാട്ടമുണ്ടെന്ന് കാണാതിരിക്കാനാവില്ല.

അഞ്ചുസീറ്റുവരെ കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കുന്നത്തൂരും അവര്‍ കണക്കുകൂട്ടുന്നുണ്ട്. കൊല്ലത്ത് എം. മുകേഷിനെതിരേ ബിന്ദു കൃഷ്ണയും കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരേ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയില്‍ ആര്‍. രാമചന്ദ്രനെതിരേ സി.ആര്‍. മഹേഷും കനത്ത വെല്ലുവിളി ഉയര്‍ത്തി. കഴിഞ്ഞതവണ കൈവിട്ട ചവറ സീറ്റ് തിരിച്ചുപിടിക്കുമെന്ന് ആര്‍.എസ്.പി.യിലെ ഷിബു ബേബിജോണ്‍ ഉറപ്പിക്കുന്നു.

ത്രികോണമത്സരം നടന്ന ചാത്തന്നൂരില്‍ ബി.ജെ.പി. പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് (ബി)യിലെ ഗണേഷ്‌കുമാറിന്റെ വിജയത്തില്‍ എല്‍.ഡി.എഫിന് തെല്ലും ആശങ്കയില്ല. ശക്തമായ പ്രചാരണം നടത്തിയ കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് വിജയിക്കണമെങ്കില്‍ കാറ്റ് മാറിവീശണം.

പത്തനംതിട്ട ബലാബലം

ഏകപക്ഷീയ മേല്‍ക്കൈ ഒരു മുന്നണിക്കും ഉണ്ടായേക്കില്ല. അഞ്ചുസീറ്റുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും തന്നെ സീറ്റുകള്‍ പങ്കിടാനാണ് സാധ്യത. അടിസ്ഥാന ഇടതുപക്ഷ വോട്ടുകള്‍ ഏറെയുള്ള അടൂരില്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന നിഗമനമാണ് എല്‍.ഡി.എഫിനുള്ളത്.

ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വരവോടെ അതിശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ പ്രവചനങ്ങള്‍ തെറ്റാം. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത ഈ മണ്ഡലം നേരിയ ഭൂരിപക്ഷത്തിലായാലും എല്‍.ഡി.എഫ്. നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.ത്രികോണ മത്സരം നടന്ന റാന്നിയില്‍ മുന്നണികള്‍ക്കുള്ളിലെ പ്രശ്‌നങ്ങളും അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങളും വിധി നിര്‍ണയിക്കും. കാല്‍നൂറ്റാണ്ടിനുശേഷം മണ്ഡലം യു.ഡി.എഫ്. തിരിച്ചുപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ആറന്മുളയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വിജയപ്രതീക്ഷയാണ്.മൂന്ന് തവണയായി വിജയിച്ചുവരുന്ന തിരുവല്ലയില്‍ എല്‍.ഡി.എഫിലെ മാത്യു ടി. തോമസിന് വിജയം ഉറപ്പിക്കാവുന്ന സ്ഥിതിയല്ല. യു.ഡി.എഫ്. ഇവിടെ വിജയം പ്രതീക്ഷിക്കുന്നുണ്ട്.

ആലപ്പുഴ യു.ഡി.എഫ്. നില മെച്ചപ്പെടുത്തിയേക്കും

ജില്ലയില്‍ യു.ഡി.എഫ്. നില മെച്ചപ്പെടുത്തിേയക്കും. ഒമ്പതുസീറ്റില്‍ ഹരിപ്പാട്ടു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരും. ഇത്തവണ നാലുസീറ്റുവരെ കിട്ടിയേക്കാം. ഒരു തരംഗമുണ്ടായാല്‍ അതില്‍ക്കൂടുതലും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടിനു പുറമേ കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളാണ് യു.ഡി.എഫ്. ഉറപ്പിക്കുന്നത്. അരൂര്‍, ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളില്‍ കടുത്തമത്സരമായിരുന്നു. ഫലം എന്തുമാവാം. ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈ നേടിയിട്ടുണ്ട്. ചേര്‍ത്തല, അരൂര്‍, കായംകുളം മണ്ഡലങ്ങളിലും അവര്‍ വിജയം പ്രതീക്ഷിക്കുന്നു. ചേര്‍ത്തല മണ്ഡലത്തില്‍ സി.പി.എം. ശക്തികേന്ദ്രങ്ങളായ വയലാര്‍, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ലഭിക്കുന്ന ലീഡിനെ മറ്റിടങ്ങള്‍കൊണ്ട് മറികടക്കാന്‍ യു.ഡി.എഫിനു കഴിയില്ലെന്ന് എല്‍.ഡി.എഫ്. കരുതുന്നു. ഇവിടങ്ങളിലെ എല്‍.ഡി.എഫ്. ലീഡ് നന്നായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ യു.ഡി.എഫിനും പ്രതീക്ഷവെക്കാം.

ഏതു സാഹചര്യത്തിലും കായംകുളത്ത് യു. പ്രതിഭയ്ക്കു ജയിക്കാന്‍ കഴിയുമെന്ന് സി.പി.എം. കരുതുന്നു. സി.പി.എമ്മിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ വലിയതരംഗം സൃഷ്ടിക്കാന്‍ എതിരാളി അരിതാ ബാബുവിനു കഴിഞ്ഞിരുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിക്ക് ഇത് എത്രമാത്രം കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം. ആലപ്പുഴയിലും അമ്പലപ്പുഴയിലും അവസാനദിനങ്ങളില്‍ അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്. ഇത് അനുകൂലമാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. ബി.ജെ.പി. ജില്ലയില്‍ നിലമെച്ചപ്പെടുത്തുമെന്നുറപ്പാണ്. ചെങ്ങന്നൂരിലാണ് ഏറ്റവും മികച്ചമത്സരം കാഴ്ചവെച്ചത്. ബി.ഡി.ജെ.എസ്. മത്സരിച്ച നാലുമണ്ഡലങ്ങളില്‍ ബി.ജെ.പി. വോട്ടുകള്‍ പൂര്‍ണമായി ഇവര്‍ക്കു ലഭിച്ചോയെന്നാണ് അറിയേണ്ടത്.

Content Highlights: Kerala Assembly Election 2021- Tight fight in south kerala