കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ നിലവിലുള്ള മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് നിര്‍ണായകമാണ്. നിലവില്‍ നന്നായി ചുവന്ന ജില്ലകള്‍ത്തന്നെയാണ് മലപ്പുറം ഒഴിച്ചുള്ള നാലു ജില്ലകളും. അതുകൊണ്ടുതന്നെ, മേധാവിത്തം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നടത്തുന്ന പോരാട്ടമാണ് വടക്കന്‍ കേരളത്തിലെ പൊതുവിലുള്ള തിരഞ്ഞെടുപ്പ് ചിത്രം. വടക്കന്‍ കേരളത്തിലെ ഈ ജില്ലകളിലെ മുന്നണികളുടെ പ്രകടനം വിലയിരുത്തുകയാണ് ഇവിടെ.
കാസര്‍കോട് തുല്യസാധ്യത
മൂന്നു മുന്നണിക്കും തുല്യസാധ്യതയുള്ള ജില്ല. ശക്തമായ ത്രികോണമത്സരം നടന്ന മഞ്ചേശ്വരത്ത് ജയം ആര്ക്കൊപ്പംനിന്നാലും ഭൂരിപക്ഷം 1500-2000 വോട്ടിന് ഇടയിലാകുമെന്ന് ഉറപ്പ്. കാസര്‍കോട് മണ്ഡലത്തില്‍ വോട്ടുശതമാനത്തിലെ ഇടിവ് ഫലം അട്ടിമറിക്കാന്‍വരെ ശേഷിയുള്ളതാണ്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ എന്‍.ഡി.എ. അട്ടിമറിവിജയം സ്വപ്നംകാണുമ്പോള്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ മണ്ഡലം ഒപ്പം നിര്‍ത്താനാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.
ഉദുമ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കാന്‍ യു.ഡി.എഫും തമ്മില്‍ തീപ്പൊരി പോരാട്ടമാണ് നടന്നത്.അട്ടിമറി ഉറപ്പാണെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ. കാഞ്ഞങ്ങാട്ട് സി.പി.ഐ.യുടെ നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് കഴിഞ്ഞതവണ 26,011 വോട്ടിനാണ് ജയിച്ചത്. ഇക്കുറി ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ടായേക്കാമെങ്കിലും ചന്ദ്രശേഖരനു തന്നെയാണ് സാധ്യത.
ഇടതുകോട്ടയായ തൃക്കരിപ്പൂരില്‍ നിലവിലെ എം.എല്‍.എ. എം. രാജഗോപാല്‍ വീണ്ടും ജയിച്ചുകയറിയേക്കുമെങ്കിലും പോളിങ്ങിലെ ഇടിവ് ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചേക്കും.
കണ്ണൂര്‍: ഇടത്താണ് മേല്‍ക്കൈ
11 മണ്ഡലത്തില്‍ എട്ടിലും വിജയം നൂറുശതമാനം ഉറപ്പെന്ന് എല്‍.ഡി.എഫ്. കണക്കുകൂട്ടല്‍. അതേസമയം, ഇടവിട്ട തിരഞ്ഞെടുപ്പുകളില്‍ ലഭിക്കാറുള്ളതുപോലെ അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ നിഗമനം. എങ്കിലും ജില്ലയില്‍ മേല്‍ക്കൈ ഇടതുപക്ഷത്തിനാണെന്നാണ് പൊതുവിലയിരുത്തല്‍.
പേരാവൂരില്‍ വിജയത്തിനരികെയാണെന്നും കണ്ണൂര്‍ കൈവിട്ടേക്കില്ലെന്നുമാണ് സി.പി.എം. വിലയിരുത്തല്‍. ഇടതുമുന്നണയില്‍നിന്ന് പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്, കല്യാശ്ശേരിയില്‍ എം. വിജിന്, തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്, മട്ടന്നൂരില്‍ കെ.കെ. ശൈലജ, ധര്‍മടത്ത് പിണറായി വിജയന്, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചേക്കാം. കൂത്തുപറമ്പില്‍ എല്‍.ജെ.ഡി. സ്ഥാനാര്‍ഥി കെ.പി. മോഹനനാണ് വിജയസാധ്യതയെന്നാണ് ഒടുവിലത്തെ സൂചന. പൊരിഞ്ഞ പോരാട്ടംനടന്ന അഴീക്കോട് കെ.വി. സുമേഷ് വിജയിക്കുമെന്നാണ് ബൂത്തുകളില്‍നിന്ന് പ്രവര്‍ത്തകര്‍ നല്കിയ കണക്കെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ പറയുന്നു.
പൊരിഞ്ഞ പൊരാട്ടം നടന്ന പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലും ഇരിക്കൂറിലും വിജയിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറവാണെങ്കിലും സതീശന് പാച്ചേനി തരക്കേടില്ലാത്ത ഭൂരിപക്ഷത്തില്‍ ജയംനേടുമെന്നാണ് പ്രതീക്ഷ. പേരാവൂരില്‍ സി.പി.എം. സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന് ശക്തമായ വെല്ലുവിളിയാണുയര്ത്തിയതെങ്കിലും സണ്ണി ജോസഫിനുതന്നെയാണ് ജയസാധ്യത. കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സി.പി.എം. അക്രമമഴിച്ചുവിട്ടതും ലീഗ് പ്രവര്‍ത്തകനെ കൊല ചെയ്തതുമെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.
വയനാട്ടില്‍ സ്ഥിതി തുടര്‍ന്നേക്കാം
മത്സരം കടുത്തതെങ്കിലും പോളിങ്ങില്‍ പ്രതിഫലിക്കാത്തതാണ് വയനാട്ടില്‍ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് കുറവാണ്. കല്പറ്റയും പട്ടികവര്‍ഗ സംവരണങ്ങളായ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയുമാണ് ജില്ലയിലെ മണ്ഡലങ്ങള്‍. സുല്‍ത്താന്‍ബത്തേരി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. ഇത്തവണയും ഇതേനില തുടരാനാണ് സാധ്യത. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവന്ന കെ.പി.സി.സി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാര്‍ഥിയാക്കി ബത്തേരിയില്‍ എല്‍.ഡി.എഫ്. സര്‍വസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016-ലെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണന് ജയിച്ചുവരുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
കല്പറ്റയും മാനന്തവാടിയും തങ്ങള്‍ക്കൊപ്പമാവുമെന്ന കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. രണ്ടിടത്തും കോണ്‍ഗ്രസിലെ പ്രശ്നങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളും യു.ഡി.എഫിന് വിനയായേക്കും. കല്പറ്റയില് എം.വി. ശ്രേയാംസ് കുമാറിന്റെ സ്വീകാര്യത എല്‍.ഡി.എഫിന് ആത്മവിശ്വാസമേകുന്നു. മാനന്തവാടിയിലും പ്രചാരണരംഗത്ത് പിന്നാക്കംപോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്.
കോഴിക്കോട് യു.ഡി.എഫ്. മെച്ചപ്പെടുത്തിയേക്കും
കഴിഞ്ഞതവണ 13-ല്‍ 11 മണ്ഡലങ്ങളുംനേടി മിന്നുന്നപ്രകടനം കാഴ്ചവെച്ച എല്‍.ഡി.എഫിനെ ഞെട്ടിക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നാല് സീറ്റുറപ്പാണ്, ഇത് അഞ്ചുവരെയാകാമെന്നും അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ സീറ്റും ഉറപ്പാക്കിയെന്നാണ് ഇടതുനേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞതവണത്തെ രണ്ടുസീറ്റുപോലും ഇക്കുറി യു.ഡി.എഫിനുണ്ടാവില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. ഇടതുമുന്നണി എട്ടുമുതല്‍ 10 സീറ്റുവരെ നേടുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയത്. കുറ്റ്യാടിയുടെ കാര്യത്തില്‍ സി.പി.എം. അണികള്‍ കാണിച്ച ആവേശവും വോട്ടുറപ്പിക്കലും യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. കൊടുവള്ളി, വടകര, തിരുവമ്പാടി എന്നിവയാണ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍. നാദാപുരവും കോഴിക്കോട് നോര്‍ത്തുമാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റുമണ്ഡലങ്ങള്‍. കുറ്റ്യാടി തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫ്. ഉറപ്പുപറയുന്നുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് എന്‍.ഡി.എ. വോട്ടുനല്കിയെന്ന് സി.പി.എം. ആരോപിക്കുന്നുണ്ട്. തിരിച്ചടി മുന്‍കൂട്ടിക്കണ്ടുള്ള ആരോപണമെന്നാണ് ഇതിന് ബി.ജെ.പി.യുടെ മറുപടി. വോട്ടുവിഹിതം ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് അവരുടെ ഉറപ്പ്.
മലപ്പുറം കൂടുതല്‍ വലത്തോട്ട്?
ജില്ലയില്‍ ഇത്തവണ ഇടതുമുന്നണി കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യത നന്നേ കുറവ്. 2016-ല്‍ പിടിച്ചെടുത്ത താനൂരും നിലമ്പൂരും കൈവിട്ടേക്കും. കൈവശമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളിയും അവര്‍ നേരിട്ടത് വലിയ വെല്ലുവിളി. പരമ്പരാഗത കോട്ടയായ താനൂരില്‍ സ്ഥാനാര്‍ഥിയായി പി.കെ. ഫിറോസ് എത്തിയത് യു.ഡി.എഫ്. ക്യാമ്പില്‍ വലിയ ആവേശവുമുണ്ടാക്കി. അത് ഫലംകാണുമെന്ന് അവര്‍ തറപ്പിച്ച് പറയുന്നു. നിലന്പൂരില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ലെങ്കില്‍ പി.വി. അന്‍വറിനെ തറപറ്റിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് ജയിച്ചേക്കും. പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി നേതാവ് പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.എമ്മില്‍ പരസ്യപ്രതിഷേധമുണ്ടാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധക്കാര്‍ എത്രത്തോളം ഉള്‍ക്കൊണ്ടുവെന്ന് കാത്തിരുന്ന് കാണണം. ഇല്ലെങ്കില്‍ അടിയൊഴുക്കിനും അട്ടിമറിക്കും പൊന്നാനി സാക്ഷിയാകും.
തവനൂരില്‍ ആദ്യഘട്ടത്തില്‍ മന്ത്രി കെ.ടി. ജലീലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, ഫിറോസ് കുന്നംപറമ്പില്‍ അവസാനഘട്ടത്തില്‍ ഒപ്പമെത്തി. ഫിറോസിന് സാധാരണക്കാരെയും സ്ത്രീവോട്ടര്‍മാരെയും കൂടുതല്‍ സ്വാധീനിക്കാനായിട്ടുണ്ടെങ്കില് കാര്യങ്ങള്‍ മാറിമറിയും. യു.ഡി.എഫ്. ചേരിയില്‍ ലീഗ് 12 ഇടത്താണ് മത്സരിച്ചത്. മലപ്പുറം, വേങ്ങര, കോട്ടയ്ക്കല്‍, ഏറനാട്, കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പറയത്തക്ക വെല്ലുവിളിയില്ല. പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ശക്തമായ മത്സരമുണ്ടായെങ്കിലും തിരിച്ചടിക്ക് സാധ്യതകുറവാണ്. കോണ്‍ഗ്രസിന് വണ്ടൂരില്‍ ആശങ്കയില്ല. നിലമ്പൂര്‍, പൊന്നാനി, തവനൂര്‍ എന്നിവയില്‍ ഒന്നെങ്കിലും പിടിക്കാനായാല്‍ കോണ്‍ഗ്രസിന് നേട്ടമാകും.
Content Highlights: Kerala Assembly Election 2021- Tight fight in north kerala