കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ നിലവിലുള്ള മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് നിര്‍ണായകമാണ്. നിലവില്‍ നന്നായി ചുവന്ന ജില്ലകള്‍ത്തന്നെയാണ് മലപ്പുറം ഒഴിച്ചുള്ള നാലു ജില്ലകളും. അതുകൊണ്ടുതന്നെ, മേധാവിത്തം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നടത്തുന്ന പോരാട്ടമാണ് വടക്കന്‍ കേരളത്തിലെ പൊതുവിലുള്ള തിരഞ്ഞെടുപ്പ് ചിത്രം.
2016ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെയുള്ള നാല് ജില്ലകളിലെ 32 മണ്ഡലങ്ങളില്‍ 24 ഇടത്ത് ഇടതുപക്ഷവും എട്ടിടത്ത് യുഡിഎഫും വിജയം നേടിയിരുന്നു. മലപ്പുറത്താകട്ടെ 16 മണ്ഡലങ്ങളില്‍ 12 ഇടത്തും യുഡിഎഫാണ് ജയിച്ചത്. നാല് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ഇതാണ് നിലവിലെ പൊതുചിത്രമെങ്കിലും ഇത്തവണത്ത സവിശേഷ സാഹചര്യം പല മണ്ഡലങ്ങളിലും പൊളിച്ചെഴുത്തുകള്‍ക്ക് സാധ്യത മുന്നോട്ടുവെക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്നത് മഞ്ചേശ്വരത്താണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിക്കുന്ന രണ്ടാം മണ്ഡലം എന്നതുതന്നെയാണ് മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്നത്. മഞ്ചേശ്വരത്തെപ്പോലെ കാസര്‍കോട്ടും ബി.ജെ.പി. പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഇവിടെ കുറെക്കാലമായി രണ്ടാംസ്ഥാനത്ത് ബി.ജെ.പി.യാണ്. ഉദുമയില്‍ ഇത്തവണയും പെരിയ ഇരട്ടക്കൊലപാതകം വിഷയമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ കൊലപാതകം സി.ബി.ഐ. അന്വേഷണത്തിലെത്തി. രണ്ടുപേരുടെയും കൊലപാതകം ജനമനസ്സിലുണ്ടാക്കിയ നടുക്കം ഉദുമയ്ക്കുപുറത്തും പ്രതിഫലിക്കാവുന്ന ജനവികാരമാണ്.
കണ്ണൂരില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഇരിക്കൂറും അഴീക്കോടും കണ്ണൂരും തലശ്ശേരിയും വിവിധ കാരണങ്ങളാല്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. അഴീക്കോട് വിട്ടുകൊടുക്കാതിരിക്കാന്‍ യുഡിഎഫും, മാറിയ സാഹചര്യങ്ങളില്‍ ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫും ആഞ്ഞുശ്രമിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂര്‍ മണ്ഡലത്തിലും നടക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ജില്ലയില്‍ വലിയ പ്രഭാവമുണ്ടാക്കിയെങ്കിലും തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. യു.ഡി.എഫിന് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. കെ.പി. അനില്‍കുമാര്‍, കെ.പി.സി.സി. സെക്രട്ടറി എം.എസ്.വിശ്വനാഥന്, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കള്‍ പാർട്ടി വിട്ടതും കോണ്‍ഗ്രസിന് ക്ഷീണമായി. ജില്ലയിലെ ഏക പൊതുസീറ്റായ കല്‍പ്പറ്റയില്‍ എം.വി. ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആദ്യഘട്ടത്തിലേ രംഗത്തെത്തി പ്രചാരണത്തില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. വൈകിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെങ്കിലും വിജയത്തിനായുള്ള തീവ്ര ശ്രമത്തിലാണ് ടി. സിദ്ദിഖ്.
ഇടത് ആധിപത്യമുള്ള ജില്ലയാണ് കോഴിക്കോടെങ്കിലും ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിലൂടെ ഇടതുപക്ഷത്ത് ചില്ലറ പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ കുറ്റ്യാടി ശ്രദ്ധാകേന്ദ്രമായി. കോഴിക്കോട് നോര്‍ത്ത്, കൊടുവള്ളി, നാദാപുരം മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് ഇക്കുറി. കോഴിക്കോട് നോർത്ത് മണ്ഡലം ഇടതുമുന്നണിയുടെയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫിന്റെയും ശക്തികേന്ദ്രങ്ങളായാണ് കരുതപ്പെടുന്നത്. നോർത്തിൽ സി.പി.എമ്മിന്റെ എ. പ്രദീപ്കുമാർ ഇത്തവണ മത്സരത്തിനില്ല. സൗത്തിനെ രണ്ടുതവണ പ്രതിനിധീകരിച്ച എം.കെ. മുനീറാകട്ടെ കൊടുവള്ളിയിലാണ് മത്സരിക്കുന്നത്. അതോടെ രണ്ടിടത്തും പ്രവചനാതീതമായി മത്സരം.
യുഡിഎഫിന്റെ മലപ്പുറം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുക എന്നത് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്ന കാര്യമല്ല. എന്നാല്‍, കൈയ്യിലുള്ള മണ്ഡലങ്ങള്‍ പോകാതെ നോക്കുന്നതിലാണ് അവരുടെ ശ്രദ്ധ. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തര്ക്കങ്ങളുയര്ന്ന പൊന്നാനിയില്‍ എന്തു സംഭവിക്കും എന്നത് ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. നിലമ്പൂരില്‍ വിജയം ആവര്‍ത്തിക്കുമെന്ന് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ചില അടിയൊഴുക്കുകള്‍ പ്രകടമാണ്. കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കുന്നു എന്നതാണ് തവനൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
വടക്കന്‍ കേരളത്തില്‍ തീപാറും പോരാട്ടം നടക്കുന്നത് ഈ മണ്ഡലങ്ങളിലാണ്-
മഞ്ചേശ്വരം
കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലം മഞ്ചേശ്വരമാണ്. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെയാണ് ലീഗ് മത്സരത്തിന് ഇറക്കിയിട്ടുള്ളത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം കിട്ടാതെ പോയത് ബി.ജെ.പിക്ക് വലിയ നിരാശയായി. വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുരേന്ദ്രന് വീണ്ടും മഞ്ചേശ്വരത്ത് എത്തുമ്പോള്‍ കഴിഞ്ഞ തവണ കഷ്ടിച്ച് കൈവിട്ട മണ്ഡലം തിരികെ പിടിച്ചെടുക്കുക എന്ന പ്രതിജ്ഞയോടെയാണ്. വി.വി. രമേശനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.
ഉദുമ
കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ഉദുമയാണ്. 1991-ന് ശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മണ്ഡലമാണ് ഉദുമ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും സി.പി.എം. വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലം. 2016-ല്‍ കണ്ണൂരില്‍ നിന്ന് കെ.സുധാകരന് വന്നപ്പോള്‍ ഭൂരിപക്ഷം 3832 ആയി ചുരുങ്ങി. പെരിയ ഇരട്ടകൊലപാതകം സജീവ ചര്‍ച്ചയാകുന്ന മണ്ഡലം. ഇടതുപക്ഷത്തിന്റെ സുരക്ഷിത കോട്ടയെന്ന ഖ്യാതി ഉദുമയെ കൈവിട്ടിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന.
രാജ്മോഹന്‍ ഉണ്ണിത്താന് 8937 വോട്ട് ഭൂരിപക്ഷം കിട്ടിയതോടെ യു.ഡി.എഫ്. പ്രതീക്ഷയ്ക്ക് പുതു ജിവന്‍വച്ചു. ജില്ലയിലെ പൊതുസമ്മതനായ സി.എച്ച്. കുഞ്ഞമ്പുവിനെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ പെരിയ പഞ്ചായത്ത് പിടിക്കാനും കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടി. കാസര്‍കോട് ഡി.സി.സി. സെക്രട്ടറിയായ ബാലകൃഷ്ണന് പെരിയയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ത്രീകോണ മത്സരത്തിന് സാധ്യതയൊരുക്കുന്ന സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പിയും കളത്തില്‍ ഇറക്കിയിരിക്കുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എം.വേലായുധനാണ് ബി.ജെ.പിക്കായി ഉദുമയിലെ ഗോദയിലുള്ളത്.
ഇരിക്കൂര്‍
1982 മുതല്‍ 2016 വരെയുള്ള 34 വര്‍ഷത്തില്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ മാറ്റം പലതു വന്നിട്ടും യു.ഡി.എഫ്. പക്ഷത്തുനിന്നു ഇരിക്കൂര്‍. മണ്ഡലഘടന പ ലതവണ മാറി. പക്ഷേ, കോണ്‍ഗ്രസില്‍ എ പക്ഷത്തെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് കോട്ടയംകാരന് കെ.സി. ജോസഫ് മണ്ഡലം കാത്തു. ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നെങ്കിലും. അങ്ങനെ പുതുപ്പള്ളിപോലെ എ ഗ്രൂപ്പിന്റെ ഉറച്ചമണ്ഡലമായി ഇതും. എന്നാല്‍ ഇത്തവണ ഐ ഗ്രൂപ്പിന്റെ സജീവ് ജോസഫ് ഹൈക്കമാന്‍ഡ് നോമിനിയായി രംഗപ്രവേശംചെയ്തു. തദ്ദേശീയനായ സ്ഥാനാര്‍ഥിയെ അവര്‍ക്ക് കിട്ടി. പക്ഷേ, കോണ്‍ഗ്രസിലെ സന്തുലിതാവസ്ഥ തെറ്റി. പാര്‍ട്ടി ഓഫീസ് അടച്ചിടലും കരിങ്കൊടിനാട്ടലും ധര്‍ണയും മറ്റുമായി അത് പുറത്തേക്കുവന്നു. ഉമ്മന്‍ ചാണ്ടി നേരിട്ട്വന്നു അണികളെ സമാധാനിപ്പിക്കാന്‍. ഇടതുമുന്നണി ഇത്രനാളും എഴുതിത്തള്ളിയിരുന്ന സീറ്റായിരുന്നു ഇത്.
തദ്ദേശ തിരഞ്ഞെടുപ്പുഫലവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിപ്രവേശവും നല്കിയ ആത്മവിശ്വാസത്തില്‍ അവര്‍ ഇക്കുറി പൊരുതാനുറച്ചു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും ജനപ്രതിനിധിയായിരുന്ന മാണി ഗ്രൂപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി തദ്ദേശീയനായ സജി കുറ്റിയാനിമറ്റം സ്ഥാനാര്ഥിയായിവന്നു. രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച മണ്ഡലംകാരിയായ ആനിയമ്മ രാജേന്ദ്രനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
അഴിക്കോട്
കണ്ണൂര്‍ ജില്ലയില്‍ ഒരു എ ക്ലാസ് പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ അത് അഴീക്കോട് മണ്ഡലത്തിലാണ്. ഹാട്രിക് നേടാന്‍ യു.ഡി.എഫിലെ കെ.എം. ഷാജിയും കഴിഞ്ഞ രണ്ട് ടേമിലും ചെറിയ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിലെ കെ.വി. സുമേഷും രംഗത്തിറങ്ങിയിരിക്കുന്നു. നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിയേറിയ പോരാട്ടമാണ് അഴീക്കോട്ടേത്.
2011ല്‍, മണ്ഡല പുനര്‍വിഭജനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ. എം. പ്രകാശനെ 493 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് കെ.എം. ഷാജി ആദ്യമായി അഴീക്കോടിന്റെ പ്രതിനിധിയായത്. കഴിഞ്ഞതവണ എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ്കുമാറിനെയും പരാജയപ്പെടുത്തി. 2287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.
രണ്ട് ടേം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിലും ഇത്തവണ ഷാജിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അനധികൃത സ്വത്ത് സമ്പാദനം, പ്ലസ്ടു കോഴ ആരോപണം തുടങ്ങിയ കേസുകളുടെ പൊല്ലാപ്പ് ഷാജിക്ക് മേലെയുണ്ട്. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി വോട്ട് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിക്കാനാവുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷ. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ കെ. രഞ്ജിത്ത് ആണ് ഇത്തവണ അഴീക്കോട് നിന്നും എന്‍.ഡി.എയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.
കുറ്റ്യാടി
മുന്നണി തീരുമാനത്തിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ ഒന്നാകെ തെരുവിലിറങ്ങിയ കുറ്റ്യാടി ഇത്തവണ ഇടതുപക്ഷത്തേയും സി.പി.എമ്മനിയേും ചെറുതായൊന്നുമല്ല ഞെട്ടിച്ചു കളഞ്ഞത്. പ്രവര്‍ത്തക പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റുന്ന അപൂര്‍വ കാഴ്ചവരെ കുറ്റ്യാടിയില്‍ കണ്ടു.
പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടിയെ സി.പി.എം. സ്ഥാനാര്‍ഥിയാക്കി. കേരള കോണ്‍ഗ്രസ്(എം) പിന്മാറുകയും ചെയ്തു. ഇതോടെ ഇടത് പ്രചാരണം ചൂട് പിടിച്ചെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നെ തന്നെ കുറ്റ്യാടിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലീഗ് സിറ്റിംഗ് എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ഒരു പടി മുന്നിലാണ്. 2016-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന കെ.കെ ലതികയെ 1901 ഭൂരിപക്ഷത്തിനാണ് പാറക്കല്‍ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.
നാദാപുരം
കോഴിക്കോട് ജില്ലയില്‍ സി.പി.ഐ മത്സരിക്കുന്ന ഏക സീറ്റായ നാദാപുരത്തും ഇത്തവണ കനത്ത പോരാട്ടമെന്നാണ് വിലയിരുത്തല്‍. മത്സരരംഗത്തുള്ളത് പഴയ മുഖങ്ങള്‍ തന്നെയാണെങ്കിലും കെ.പ്രവീണ്‍കുമാര്‍ വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
2016-ല്‍ ഇടതു തരംഗമുണ്ടായപ്പോള്‍ പോലും ഇ.കെ. വിജയന് 4759 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എന്നാല്‍, പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ സജീവമായ പ്രവീണ്‍കുമാര്‍ ഇത്തവണ നാദാപുരത്തെ ചരിത്രം തിരുത്തുമോയെന്ന് കാത്തിരിന്ന് കാണേണ്ട വസ്തുതയാണ്. എല്‍.ഡി.എഫിനായി ഇ.കെ. വിജയന് വീണ്ടുമിറങ്ങുമ്പോള്‍ ബി.ജെ.പിയെ എംപി.രാജനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കൊടുവള്ളി
കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന്റെ ഇളക്കമില്ലാത്ത കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു കൊടുവള്ളി. രണ്ട് തവണ ആ കോട്ട ഇളകിയതോടെ പ്രവചനാതീതമായി മാറിയിരിക്കുകയാണ് ഈ മണ്ഡലത്തിലെ സ്ഥിതി. ഇത്തവണ മുസ്ലിം ലീഗിലെ എം.കെ. മുനീറിനെയാണ് മണ്ഡലം പിടിക്കാന്‍ യു.ഡി.എഫ്. ഇറക്കിയിരിക്കുന്നത്. എല്‍.ഡി.എഫില്‍നിന്ന് സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖ് തന്നെയാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായ ടി. ബാലസോമനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.
കോഴിക്കോട് നോര്‍ത്ത്
പതിനഞ്ച് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയുടെ കരുത്തനായ നേതാവ് എ. പ്രദീപ് കുമാര്‍ കോഴിക്കോട് ഒന്നെന്ന മണ്ഡലത്തിലേക്ക് മത്സരിക്കാനെത്തുന്നത് വരെ ഇരു മുന്നണികളേയും മാറി മാറി പരീക്ഷിച്ചിരുന്നു മണ്ഡലം. എ. സുജനപാലെന്ന കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ അട്ടിമറിച്ച് പ്രദീപ് കുമാര്‍ തേരോട്ടം തുടങ്ങിയതോടെ പിന്നെ ഇടതു കോട്ടയായി കോഴിക്കോട് ഒന്ന്.
മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ടെന്ന സി.പി.എം. തീരുമാനത്തില്‍ പ്രദീപ് കുമാര്‍ മാറിയപ്പോള്‍ ഇത്തവണ മണ്ഡലം നിലനിര്‍ത്താനുള്ള ചുമതല മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനായി. എതിരാളിയായി എത്തിയിരിക്കുന്നത് വിദ്യാര്‍ഥി സമരങ്ങളിലെ കരുത്തനായ സാരഥി കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ്. എന്‍.ഡി.എയില്‍ നിന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും മത്സരത്തിനെത്തുമ്പോള്‍ മണ്ഡലം ശക്തമായി ത്രികോണ മത്സരത്തിന്റെ സ്വഭാവത്തിലായി.
നിലമ്പൂര്‍
മണ്ഡലം രൂപവത്കരിച്ചതിനുശേഷം 1965-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് 1967-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചതെങ്കിലും പിന്നീട് ദീര്‍ഘകാലം യു.ഡി.എഫിന്റെ കൈയിലായിരുന്നു നിലമ്പൂര്‍ മണ്ഡലം. യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് നിലമ്പൂരിനെ വിശേഷിപ്പിച്ചു വരുമ്പോഴാണ് കഴിഞ്ഞ 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായ പി.വി. അന്‍വര്‍ യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുന്നത്.
30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്തിനെ 11,504 വോട്ടിന് പരാജയപ്പെടുത്തിയാണ് അന്‍വര്‍ പിടിച്ചെടുത്തത്. ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ചില അടിയൊഴുക്കുകള്‍ പ്രകടമാണ്.
പൊന്നാനി
മലപ്പുറത്ത് സി.പി.എമ്മിന്റെ ഏറ്റവും വിശ്വസ്ത മണ്ഡലമാണ് പൊന്നാനി. ഇടതുപക്ഷം 15 വര്‍ഷമായി പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഇളക്കംതട്ടാത്ത കോട്ടയാണിത്. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം മണ്ഡലത്തില്‍ ഇടത് പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തി. മണ്ഡലം തിരിച്ചുപിടിക്കാന്‍ യുവരക്തമായ അഡ്വ. എ.എം. രോഹിത്തിനെയാണ് കോണ്‍ഗ്രസ് ഇറക്കിയിട്ടുള്ളത്. റിട്ട.പോലീസ് ഉദ്യോഗസ്ഥന് സുബ്രഹ്മണ്യന് ചുങ്കപ്പള്ളിയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്.
തവനൂര്‍
മലപ്പുറം ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം ഫിറോസ് കുന്നംപറമ്പില്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തകന്റെ സ്ഥാനാര്‍ഥിത്വത്തോടെ മത്സരം കടുത്തു. സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന പോരും വാശിയും വോട്ടില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.
2011-ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടരുന്നത്. ഇത്തവണ ആ ഭൂരിപക്ഷം കൂട്ടാനായാണ് ജലീലിന്റെ ശ്രമമെങ്കില്‍ സകല കരുത്തുമുപയോഗിച്ച് അഭിമാന പോരാട്ടമായാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്‍.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്തും കരുത്തുതെളിയിക്കാന്‍ രംഗത്തുണ്ട്.