പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി- ഈ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണ് ഉളളത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 ല്‍ 32 ഉം ഇടതുപക്ഷം നേടി. 21 എണ്ണം യുഡിഎഫും. ഇടതിന് അല്പം ബലക്കുറവുണ്ടെന്ന് കരുതുന്ന മേഖലകളില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്തുകൊണ്ട് ഇടത് ഇത്തവണ സ്ഥാനമുറപ്പിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ബി.ജെ.പി വിജയപ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ചിലതും മധ്യകേരളത്തിലാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് പ്രധാന്യമുളള ഈ മണ്ഡലങ്ങളില്‍ പള്ളിത്തര്‍ക്കം രൂക്ഷമായതിനാല്‍ സഭകളുടെ നിലപാട് ഒരുപക്ഷേ വിജയത്തെ സ്വാധീനിച്ചേക്കാം. യുഡിഎഫ് വിട്ട് ഇടത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് എമ്മിനും കരുത്തരാണെന്ന് തെളിയിക്കേണ്ടതിനാല്‍ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് ശേഷമുള്ള മധ്യകേരളത്തിലെ പോരാട്ടം വിലയിരുത്തുകയാണ് ഇവിടെ..

പാലക്കാട് ആറിടത്ത് പ്രവചനാതീതം

ജില്ലയില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്ത് മത്സരം പ്രവചനാതീതം. മലമ്പുഴ, പാലക്കാട്, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. ഷൊര്‍ണൂരും കോങ്ങാട്ടും പാര്‍ട്ടിയുടെ കരുത്തില്‍ വിജയിക്കാമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ചിറ്റൂരില്‍ അപ്രതീക്ഷിതമായി പ്രചാരണരംഗം ഇളകിമറിഞ്ഞെങ്കിലും അടിയൊഴുക്കുണ്ടായില്ലെങ്കില്‍ വിജയം എല്‍.ഡി.എഫിനൊപ്പംനിന്നേക്കും. മലമ്പുഴയിലും പാലക്കാട്ടും ജയിച്ചുകയറുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷ.  തൃത്താലയിലേത് ശക്തമായ രാഷ്ട്രീയമത്സരമായിരുന്നു. രാഷ്ട്രീയംമുതല്‍ കുടിവെള്ളംവരെ പ്രചാരണവിഷയമായ ഇവിടെ സ്ഥാനാര്‍ഥികളുടെ വ്യക്തബന്ധങ്ങള്‍ മത്സരം പ്രവചനാതീതമാക്കി. പട്ടാമ്പിയിലും സ്ഥിതി മറിച്ചല്ല.

മണ്ണാര്‍ക്കാട്ട് മലയോരമേഖലയിലെ വോട്ടുകളായിരിക്കും ജയപരാജയം നിര്‍ണയിക്കുന്ന പ്രധാനഘടകം. തരൂരില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദങ്ങള്‍ പുറമേക്ക് കെട്ടടങ്ങിയെങ്കിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറഞ്ഞേക്കും. എല്‍.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ അടിത്തറയുള്ള നെന്മാറയില്‍ സി.പി.എമ്മിനകത്തെ പടലപ്പിണക്കങ്ങളാകും നിര്‍ണായകം.

ശക്തമായ മത്സരംനടന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ ഒറ്റപ്പാലവും ഉള്‍പ്പെടും. കൃത്യമായ സംഘടനാസംവിധാനമാണ് സി.പി.എമ്മിന് ഇവിടെ ആത്മവിശ്വാസം നല്‍കുന്ന ഘടകം.

തൃശ്ശൂരില്‍ ചിത്രം മാറും

അവകാശവാദങ്ങളേറെയാണ്, എന്നാല്‍ ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും ഒരേസ്വരം- തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞതവണത്തേതിന്റെ ആവര്‍ത്തനമാകില്ല. ഇത്തവണയും ജില്ലയില്‍നിന്ന് കൂടുതലും ഇടതുപക്ഷ എം.എല്‍.എ.മാരായിരിക്കുമെന്നതിലും സമാനചിന്തയാണ് മുന്നണികള്‍ക്ക്.

എല്‍.ഡി.എഫ്- 12, യു.ഡി.എഫ്- 1 എന്നതാണ് നിലവില്‍. യു.ഡി.എഫ്. മികച്ച തിരിച്ചുവരവ് നടത്തുമെന്നതാണ് പൊതുവിലയിരുത്തല്‍. നാലു സീറ്റുവരെ യു.ഡി.എഫ്. പിടിച്ചേക്കാം. തൃശ്ശൂരിനും ഗുരുവായൂരിനുംപുറമേ വടക്കാഞ്ചേരിയും ഇരിങ്ങാലക്കുടയുമാണ് വലത്തേക്കു ചായാന്‍ സാധ്യത.

11-2 എന്ന നില കൈവരിക്കുമെന്നാണ് കടുത്ത ഇടതുപക്ഷക്കാരുടെ വിലയിരുത്തല്‍. തൃശ്ശൂരും ഗുരുവായൂരുമാണ് അവര്‍ ഒഴിവാക്കുന്നത്. മുന്‍തിരഞ്ഞെടുപ്പുകളിലും മറ്റും സക്രിയമായിനിന്ന എന്‍.ഡി.എ., ചില മണ്ഡലങ്ങളിലെങ്കിലും തണുപ്പന്‍ മട്ടിലേക്ക് പോയതില്‍ അടിയൊഴുക്കുണ്ടോയെന്ന സംശയത്തിലാണ് ചിലര്‍.

തൃശ്ശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി അല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ ഇങ്ങനെ അഞ്ചെണ്ണം ഉറപ്പാണെന്നാണ് യു.ഡി.എഫ് പക്ഷത്തിന്റെ വാദം. ഇതില്‍ത്തന്നെ ചിലര്‍ കുറേക്കൂടികടന്ന് ഇപ്പറഞ്ഞ ആറുമണ്ഡലങ്ങളും ഒല്ലൂരും ചേര്‍ത്ത് മൊത്തം ഏഴെണ്ണമാണ് ഉറപ്പിക്കുന്നത്. കുന്നംകുളത്തും കയ്പമംഗലത്തും അട്ടിമറിയുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

എന്‍.ഡി.എ.യാകട്ടെ തൃശ്ശൂരിലും പുതുക്കാട്ടും ഒരുപക്ഷേ, മണലൂരിലും തങ്ങള്‍ കറുത്തകുതിരകളാകുമെന്നാണ് വിലയിരുത്തുന്നത്.

എറണാകുളം ട്വന്റി-20 പോലെ

കടുത്തമത്സരം നടന്ന കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം സീറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫില്‍ ആശങ്ക നിലനില്‍ക്കുന്നു. തൃപ്പൂണിത്തുറയില്‍ അടിയൊഴുക്കുണ്ടാവുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് തര്‍ക്കമൊന്നുമില്ല.

എന്നാല്‍, അതിനെ പുറമേനിന്ന് കിട്ടുന്ന വോട്ടുകൊണ്ട് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ കൈവിട്ടുപോയ നിഷ്പക്ഷവോട്ടുകള്‍ തിരിച്ചുവന്നിട്ടുണ്ടെന്നുതന്നെയാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിനടുത്ത ദിവസങ്ങളില്‍ ബി.ജെ.പി. പ്രചാരണം ശക്തമാക്കിയതിനാല്‍ വിചാരിച്ചത്ര വോട്ടുകള്‍ തിരിച്ചുവന്നോളണമെന്നില്ല.

കുന്നത്തുനാട് ട്വന്റി ട്വന്റി ജയം പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ പിടിക്കുന്ന വോട്ടിലാണ് മണ്ഡലത്തിന്റെ ഭാവി. ട്വന്റി ട്വന്റി മത്സരിക്കുന്ന മറ്റ് ഏഴുമണ്ഡലങ്ങളിലും അവര്‍ എത്രവോട്ടുപിടിക്കുമെന്ന് യു.ഡി.എഫ്. ആശങ്കയോടെ കണക്കെടുക്കുന്നുണ്ട്.

കോതമംഗലം തിരിച്ചുവരുമെന്ന പ്രതീക്ഷ യു.ഡി.എഫ്. പുലര്‍ത്തുന്നുണ്ട്. മണ്ഡലം കൈവിട്ടുപോകേണ്ട സാഹചര്യമില്ലെന്നാണ് ഇടതുപക്ഷ വിലയിരുത്തല്‍.

മൂവാറ്റുപുഴ, പിറവം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, എറണാകുളം സീറ്റുകള്‍ യു.ഡി.എഫ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍, മൂവാറ്റുപുഴയില്‍ കടുത്തമത്സരമാണ്. മണ്ഡലം നിലനിര്‍ത്തുമെന്നുതന്നെയാണ് ഇടതുപ്രതീക്ഷ. പിറവത്ത് വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫ്. നിലനിര്‍ത്തും. ആലുവ, പറവൂര്‍, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ ആത്മവിശ്വാസക്കുറവുണ്ടെങ്കിലും കളമശ്ശേരി ഇക്കുറി മാറുമെന്ന് ഇടതുപക്ഷം ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഇടയ്ക്കാണ് ഇടുക്കി

ഇടതിനും വലതിനുമിടയില്‍ ഒട്ടും പിടിതരാത്ത മട്ടിലാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടുക്കിയുടെ വിധിയെഴുത്ത്.  കഴിഞ്ഞതവണ പി.ജെ. ജോസഫിന് സംസ്ഥാനത്തെതന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് തൊടുപുഴ. കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തീപാറുന്ന പോരാട്ടംനടന്ന ഇവിടെ പ്രൊഫ. കെ.ഐ. ആന്റണിയാണ് ഇത്തവ ജോസഫിന്റെ എതിരാളി. ജോസഫ് ജയിച്ചാലും പഴയ ഭൂരിപക്ഷം കിട്ടുമോയെന്നതില്‍ സംശയമുണ്ട്. ജോസ് വിഭാഗം കൂടെയുള്ളതിനാല്‍ എല്‍.ഡി.എഫും വിജയപ്രതീക്ഷയിലാണ്.

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയുടെ മികച്ചപ്രകടനം വന്‍ഭൂരിപക്ഷത്തില്‍ വിജയം നേടിത്തരുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.  ഒരിക്കല്‍ എം.എം. മണിയെ തോല്‍പ്പിച്ച ചരിത്രമുള്ള ഇ.എം. ആഗസ്തിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.

ദേവികുളത്തും പീരുമേട്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പീരുമേട്ടില്‍ യു.ഡി.എഫ്. അല്പം മുന്‍തൂക്കം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞതവണ വെറും 314 വോട്ടിന് ബിജിമോളോട് പരാജയപ്പെട്ട സിറിയക് തോമസാണ് ഇത്തവണയും യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ തുണച്ചെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ദേവികുളത്ത് ഔദ്യോഗികസ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയതിനാല്‍ അവസാനനിമിഷം എന്‍.ഡി.എ. പിന്തുണ നല്‍കിയ എസ്. ഗണേശന്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാകും. യു.ഡി.എഫിലെ ഡി. കുമാറും എല്‍.ഡി.എഫിലെ എ. രാജയും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം.

കോട്ടയം: രണ്ടു സീറ്റുറപ്പിച്ച് ഇരുമുന്നണികളും

ഒന്‍പത് മണ്ഡലങ്ങളില്‍ വൈക്കം ഇടതുമുന്നണിയും കോട്ടയവും പുതുപ്പള്ളിയും യു.ഡി.എഫും ഉറപ്പിക്കുന്നു. കാഞ്ഞിരപ്പള്ളിയിലും മേല്‍ക്കൈ നിലനിര്‍ത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.

സിറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ചങ്ങനാശ്ശേരി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ ഇരുമുന്നണികളും പ്രതീക്ഷയര്‍പ്പിക്കുന്നു. ചങ്ങനാശ്ശേരിയില്‍ സമുദായ നേതൃത്വങ്ങളുടെ നിലപാട് നേരിയ മുന്‍തൂക്കം നല്‍കുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ദിനത്തിലെ വിശ്വാസചര്‍ച്ചയും അവരുടെ പ്രതീക്ഷയ്ക്ക് നിറംനല്‍കുന്നു. പക്ഷേ, കേരള കോണ്‍ഗ്രസ് കേഡറുകള്‍ ഒപ്പമാണെന്നും ഇടത് വോട്ടുകളും അതിനൊപ്പം ചേരുമ്പോള്‍ വിജയിക്കുമെന്നും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി കണക്കാക്കുന്നു. അനിശ്ചിതത്വത്തിന്റെ തടവറയിലാണ് പാലായും പൂഞ്ഞാറും.

ഈ രണ്ട് മണ്ഡലങ്ങളില്‍ അടിയൊഴുക്കുകള്‍ വിധിനിര്‍ണയിക്കും. പാലായില്‍ ആദ്യമേ പ്രചാരണം തുടങ്ങിയ മാണി സി. കാപ്പന്‍ വ്യക്തിപരമായി നേടുന്ന വോട്ടുകളും കോണ്‍ഗ്രസ് പിന്തുണയും തുണയാകുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. എന്നാല്‍ കെ.എം. മാണി ഫാക്ടറും രണ്ടിലയുടെ സ്വാധീനവും ഗുണമാകുമെന്ന് ജോസ് കെ. മാണി പക്ഷം വിലയിരുത്തുന്നു. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് തന്നെ ഘടകം. ജോര്‍ജിന് എതിരേ ഒരു സമുദായം സ്വീകരിച്ച നിലപാട് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നാണ് എതിരാളികളുടെ വിശ്വാസം. ആ സമുദായ വോട്ടുകള്‍ ഇടത്, ഐക്യമുന്നണികള്‍ പ്രതീക്ഷിക്കുന്നു.

Content Highlights: Kerala Assembly Election 2021- Tight fight in central kerala