തിരുവനന്തപുരം: കണക്കെടുത്ത് കാത്തിരിക്കുകയാണ് മുന്നണികള്‍. കുറഞ്ഞത് 82 സീറ്റ് കൂടെ നില്‍ക്കുമെന്ന് എല്‍.ഡി.എഫും 74 എങ്കിലും നേടി ഭരണം നേടാമെന്ന് യു.ഡി.എഫും കണക്കാക്കുന്നു. ഇത്തവണ അഞ്ചിടത്ത് താമര വിരിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനപ്പുറം കേരളഭരണമെന്നതാണ് ബി.ജെ.പി.യുടെ കണക്ക്. ജനമനസ്സ് മാറാതെയും വോട്ടുചോരാതെയും കാക്കണം. പരസ്യപ്രചാരണം ഞായറാഴ്ച തീരുമ്പോള്‍ ബാക്കിയാവുന്ന 24 മണിക്കൂര്‍ ഈ ചോര്‍ച്ചയടയ്ക്കാനുള്ള നെട്ടോട്ടമായിരിക്കും.

ചോരാതിരുന്നാല്‍ ഉറപ്പ്
എട്ടു ജില്ലകള്‍ കടുംചുവപ്പായപ്പോഴാണ് 2016-ല്‍ 91 സീറ്റ് എന്ന വലിയ ഭൂരിപക്ഷവുമായി ഇടതുസര്‍ക്കാരിന് ഭരണം കിട്ടിയത്. അതില്‍ ഇത്തരി നിറം ഇത്തവണ കുറയുമെന്ന് എല്‍.ഡി.എഫ്. കണക്കാക്കുന്നുണ്ട്. പക്ഷേ, വടക്കന്‍-തെക്കന്‍ കേരളത്തിലെ മേല്‍ക്കൈ അതേരീതിയില്‍ ആവര്‍ത്തിക്കാനാകണം. മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കുകയും വേണം. ഈ കണക്കുകൂട്ടലിന് അനുസരിച്ചുള്ള രാഷ്ട്രീയമുന്നേറ്റം ഇതുവരെയുള്ള പ്രചാരണംകൊണ്ട് നേടാനായിട്ടുണ്ടെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. അതേസമയം, ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകള്‍ അവരെ അലട്ടുന്നുണ്ട്. അത് കേരള കോണ്‍ഗ്രസിന്റെ വരവിലൂടെ കോട്ടയത്തും മധ്യകേരളത്തിലും നേടുന്ന അധികസീറ്റിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനാല്‍, അവസാന മണിക്കൂറില്‍ ബൂത്തുതലത്തില്‍ കേന്ദ്രീകരിച്ച് വോട്ടുചോരാനുള്ള എല്ലാ പഴുതും അടയ്ക്കാനാണ് എല്‍.ഡി.എഫ്. നിര്‍ദേശം.

നേടുന്നതെല്ലാം 'പ്ലസ്'
നേടുന്നതെല്ലാം 'പ്ലസ്' ആണെന്നാണ് യു.ഡി.എഫ്. പറയുന്നത്. 2016-ല്‍ നേടിയത് 'സ്ഥിരനിക്ഷേപ' സീറ്റുകളാണ്. അതില്‍ ഒരിക്കലും ഇളക്കമുണ്ടാവില്ല. അധികം നേടുന്ന ഓരോ സീറ്റും ഇടതുപക്ഷത്തിന്റെ തുടര്‍ഭരണസാധ്യതയെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞതവണ ഇടതുപക്ഷത്തേക്ക് ചാഞ്ഞുനിന്ന മണ്ഡലത്തിലെ ചോര്‍ച്ചയിലാണ് യു.ഡി.എഫിന്റെ കണ്ണ്. തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടത് വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. കഴിഞ്ഞതവണ ഒരുസീറ്റില്‍ ഒതുങ്ങിയ തൃശ്ശൂരും ഒരു സീറ്റുപോലും കിട്ടാതിരുന്ന കൊല്ലത്തും വലിയപ്രതീക്ഷയാണ് യു.ഡി.എഫ്. പുലര്‍ത്തുന്നത്. മലപ്പുറത്ത് സമ്പൂര്‍ണ ആധിപത്യവും കോഴിക്കോട്ടും വയനാടും തിരുവനന്തപുരത്തും സീറ്റുനില മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് അവകാശവാദം. ജോസ് കെ. മാണിയുടെ ചുവടുമാറ്റം കോട്ടയത്തും ഇടുക്കിയിലും യു.ഡി.എഫിന് ഉലച്ചിലുണ്ടാക്കിയിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് രാഷ്ട്രീയ വാശിയാണ്. അതിനാല്‍, ഇടതുകോട്ടകളില്‍ വിള്ളല്‍ കൂട്ടി വോട്ടുചോര്‍ത്താനുള്ള തന്ത്രവും മലപ്പുറത്തടക്കമുള്ള സ്വന്തം താവളത്തില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള ജാഗ്രതയുമാണ് യു.ഡി.എഫ്. നടത്തുന്നത്.

ചോര്‍ച്ചയാവും കണക്ക്
സമീപകാലത്തായി വോട്ടിന്റെ തോത് ഗണ്യമായ അനുപാതത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന ഏക പാര്‍ട്ടി ബി.ജെ.പി.യാണ്. അവര്‍ക്ക് ലഭിക്കുന്ന വോട്ടുകണക്ക് ഇടത്-വലത് മുന്നണികളെ അസ്വസ്ഥമാക്കുന്നുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ച് 35 നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ.യ്ക്ക് 20 ശതമാനത്തിലേറെ വോട്ടുണ്ട്. ഈ വളര്‍ച്ചയിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവരുടെ വിജയപ്രതീക്ഷ. നേമം നിലനിര്‍ത്തുമെന്ന് ഉറപ്പിക്കുന്നതും മറ്റ് അഞ്ചിടത്ത് വിജയം കാത്തിരിക്കുകയും ചെയ്യുന്നത് ഈ വോട്ടുകണക്കിലാണ്. വോട്ടുചോര്‍ച്ച തടയേണ്ട രാഷ്ട്രീയബാധ്യതകൂടി ഇപ്പോള്‍ ബി.ജെ.പി.ക്കുണ്ട്. ഇടത്-വലതു മുന്നണികളുമായി 'ഡീല്‍' ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നതാണ് കാരണം.