കോഴിക്കോട്: കേരള നിയമസഭാ ചരിത്രത്തില്‍ ബിജെപി ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പായിരുന്നു 2016-ലേത്. നേമത്ത് ഒ.രാജഗോപാല്‍ ചരിത്ര വിജയം കുറിക്കുകയും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.  2011-ല്‍ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമായിരുന്നു ബിജെപിയുടെ നേരത്തെയുള്ള നേട്ടം. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. 

നേമവും നേരത്തെ രണ്ടാമതെത്തിയ മണ്ഡലങ്ങളിലുമാണ് ബിജെപിയുടെ ഇത്തവണത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍. അതേ സമയം 2016-ന് ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നേമത്ത് മാത്രമാണ് ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താനായിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ശബരിമല വിഷയമടക്കം ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിതി ഇതായിരിക്കില്ലെന്നും വന്‍ നേട്ടമുണ്ടാക്കുമെന്നും ബിജെപി നേതാക്കള്‍ അര്‍ത്ഥശങ്കകള്‍ക്കിടയില്ലാതെ പറയുന്നു. പത്തനംതിട്ടയടക്കമുള്ള ചില മേഖലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ പ്രകടനവും ബിജെപി ചൂണ്ടിക്കാട്ടുന്നു.


നേമം

kummanm
ഒ.രാജഗോപാലും കുമ്മനം രാജശേഖരനും |ഫോട്ടോ:മാതൃഭൂമി

ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപിക്ക് ആദ്യമായി ലഭിച്ച സീറ്റില്‍ ഇത്തവണ കുമ്മനം രാജശേഖനാണ് മത്സരിക്കുന്നത്. 2016-ല്‍ 8671 വോട്ടിനാണ് ഒ.രാജഗോപാല്‍ വിജയിച്ചത്. സിറ്റിങ്‌ എംഎല്‍എയായിരുന്ന വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് രാജഗോപാലിന്റെ ജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011-ലെ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനെ 6415 വോട്ടിനാണ്‌ ശിവന്‍കുട്ടി തോല്‍പ്പിച്ചത്‌. ശിവന്‍ കുട്ടിയെ തന്നെയാണ് ഇത്തവണയും സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് നേടിയ ലീഡാണ് ബിജെപിക്ക് ഇത്തവണ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ശശി തരൂരിനെതിരെ കുമ്മനം 12041 വോട്ടുകളുടെ ലീഡാണ് നേമത്ത് നേടിയത്. ഈ ഘട്ടത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. അതേ സമയം അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേമത്ത് 2204 ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫാണ്‌‌ രണ്ടാമതെത്തിയത്. ഇത്തവണ മണ്ഡലം പിടിക്കുന്നതിനായി യുഡിഎഫ് തീവ്രശ്രമത്തിലാണ്. കെ.മുരളീധരനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.

മഞ്ചേശ്വരം

k surendran manjeshwar election
പി.ബി.അബ്ദുള്‍ റസാഖിന്റെ മകനൊപ്പം കെ.സുരേന്ദ്രന്‍ |ഫോട്ടോ:മാതൃഭൂമി

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം കിട്ടാതെ പോയത് ബിജെപിക്ക് വലിയ നിരാശയായി. വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മുസ്ലിം ലീഗിലെ പി.ബി.അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുരേന്ദ്രന്‍ വീണ്ടും മഞ്ചേശ്വരത്ത് എത്തുമ്പോള്‍ കഴിഞ്ഞ തവണ കഷ്ടിച്ച് കൈവിട്ട മണ്ഡലം തിരികെ പിടിച്ചെടുക്കുക എന്ന പ്രതിജ്ഞയോടെയാണ്. കോന്നിയിലും സുരേന്ദ്രന്‍ മത്സരിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അതേ സമയം പി.ബി.അബ്ദുള്‍ റസാഖിന്റെ വിയോഗത്തോടെ മണ്ഡലത്തില്‍ 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7923 വോട്ടിന് യുഡിഎഫിനോട് ബിജെപി സ്ഥാനാര്‍ഥി പിന്നിലായി. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എം.സി.ഖമറുദ്ദീന്‍ നിക്ഷേപ തട്ടിപ്പിലകപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ എ.കെ.എം.അഷ്‌റഫാണ് ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായുള്ളത്. വി.വി.രമേശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
2019-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫാണ് മുന്നിലെത്തിയത്. ബിജെപി തന്നെയാണ് രണ്ടു തിരഞ്ഞെടുപ്പുകളിലും രണ്ടാമത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം 11113 ആയിരുന്നെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 3334 വോട്ടിനാണ് യുഡിഎഫ് മുന്നിലെത്തിയത്.

കാസര്‍കോട്

sreekanth
ശ്രീകാന്ത്‌

2016-ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മറ്റൊരു മണ്ഡലമാണ് കാസര്‍കോട്. 2011-ലും ഇവിടെ ബിജെപി തന്നെയായിരുന്നു രണ്ടാമത്. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണെങ്കിലും ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. സിറ്റിങ് എംഎല്‍എയായ എന്‍.എ.നെല്ലിക്കുന്നിനോട് ജയലക്ഷ്മി ഭട്ട് 9738 വോട്ടുകള്‍ക്കാണ് 2011-ല്‍ പരാജയപ്പെട്ടത്. 2016-ല്‍ എന്‍.എ.നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം രവീശ തന്ത്രി കുണ്ടാറിന് 8607 ആക്കി കുറയ്ക്കാനായി. 

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 23160 ആയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 13243 വോട്ടായി മാറി യുഡിഎഫിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെയാണ് ഈ തിരഞ്ഞെടുപ്പുകളിലൊക്കെയും. എല്‍ഡിഎഫില്‍ ഐ.എന്‍.എല്ലിന്റെ സീറ്റാണ് കാസര്‍കോട്. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി സിറ്റിങ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് വീണ്ടുമിറങ്ങുമ്പോള്‍ ബിജെപി കെ.ശ്രീകാന്തിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

പാലക്കാട് 

sreedharan
ഇ.ശ്രീധരന്‍ പാലക്കാട്ടെ ബിജെപി ഓഫീസില്‍ |ഫോട്ടോ:മാതൃഭൂമി

2016-ല്‍ ശോഭാ സുരേന്ദ്രന്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പില്‍  ഹാട്രിക് വിജയം സ്വന്തമാക്കനൊരുങ്ങുന്ന മണ്ഡലത്തില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന മെട്രോമാന്‍ ഇ.ശ്രീധരനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ഇടത് വലത് മുന്നണികള്‍ ശക്തമായ വേരോട്ടമുള്ള പാലക്കാട് 2016-ല്‍ അപ്രതീക്ഷിതമായിട്ടാണ് ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇ.ശ്രീധരനിലൂടെ ഒരു അട്ടിമറി ജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2011-ല്‍ 7403 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാഫി പറമ്പില്‍ 2016-ലത് 17483 ആക്കി ഉയര്‍ത്തി ഒരു വന്‍മരമായി നില്‍ക്കുകയാണ്. 

2016-ല്‍ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട സിപിഎം പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വി.കെ.ശ്രീകണ്ഠന് എം.ബി.രാജേഷിനെതിരെ 4339 വോട്ടുകളുടെ ഭൂരിപക്ഷമേ നേടാനായിരുന്നുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം വീണ്ടും കുറഞ്ഞ് 3785 ആയി. എല്‍ഡിഎഫ് പുതുമുഖ പോരാളിയായി സി.പി.പ്രമോദിനെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

മലമ്പുഴ

krishnakuamr
സി.കൃഷ്‌കണകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ |ഫോട്ടോ:മാതൃഭൂമി

വി.എസ്.അച്യുതാനന്ദനെ കാലങ്ങളായി നിയമസഭയിലെത്തിച്ച ഇടതുമുന്നണിയുടെ ഒരു സ്റ്റാര്‍ മണ്ഡലമാണ് മലമ്പുഴ. തുടര്‍ച്ചയായി നാലു തവണ വി.എസിന് അനായാസ ജയം സമ്മാനിച്ച മണ്ഡലം അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഒരോ തവണയും വി.എസിന് ഭൂരിപക്ഷം വര്‍ധിപ്പിച്ച് നല്‍കിയ മലമ്പുഴയില്‍ 2016-ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നതും കൗതുകമാണ്. 2016-ല്‍ 27142 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.എസ്. മലമ്പുഴയില്‍ നിന്ന് ജയിച്ചു കയറിയത്. 46157 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ സി.കൃഷ്ണകുമാറിനെ തന്നെയാണ് ബിജെപി മണ്ഡലം പിടിക്കാന്‍ ഇത്തവണ നിയോഗിച്ചിട്ടുള്ളത്. 

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെങ്ങും യുഡിഎഫ് തരംഗമുണ്ടായിരുന്നപ്പോഴും ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന മണ്ഡലമാണ് മലമ്പുഴ. 21294 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലോക്‌സഭയില്‍ എം.ബി.രാജേഷിന് മലമ്പുഴയില്‍ നിന്ന് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 20795 ഭൂരിപക്ഷവും ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ നിന്ന് ലഭിച്ചു. 2016-ല്‍ നടത്തിയ മുന്നേറ്റം ബിജെപിക്ക് ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നടത്താനായില്ല എന്നതും വസ്തുതയാണ്.  സിപിഎമ്മിനായി മുതിര്‍ന്ന നേതാവ് എ.പ്രഭാകരനാണ് സ്ഥാനാര്‍ഥിയായിട്ടുള്ളത്. എസ്.കെ.ആനന്ദകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി

ചാത്തന്നൂര്‍ 

ബി.ബി.ഗോപകുമാര്‍ കെ.സുരേന്ദ്രനൊപ്പം

2016-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു മണ്ഡലമാണ് കൊല്ലത്തെ ചാത്തന്നൂര്‍. സിപിഐയുടെ സിറ്റിങ് സീറ്റായ ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാറാണ് 2016-ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നത്. 2011-ല്‍ 3839 വോട്ടുകള്‍ മാത്രം നേടിയ ബിജെപി 2016-ല്‍ 33199 വോട്ടുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

കോണ്‍ഗ്രസിനായി മത്സരിച്ച ശൂരനാട് രാജശേഖന്‍ 30139 വോട്ടുകളുമായി മൂന്നാമതെത്തി. എന്നാല്‍ സിപിഐയുടെ ജി.എസ്.ജയലാല്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ 34407 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011-ല്‍ 12859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ജയലാലിനുണ്ടായിരുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരുകാര്‍ 17032 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിനായി മത്സരിച്ച എന്‍.കെ.പ്രേമചന്ദ്രന് സമ്മാനിച്ചത്.

ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. 19621 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാനായത്. അതേ സമയം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീണ്ടും ഇടതുപക്ഷത്തിന് ലീഡായി. 11417 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. ജി.എസ്.ജയലാല്‍ തന്നെ സിപിഐക്കായി വീണ്ടും മത്സരത്തിനിറങ്ങുമ്പോള്‍ യുഡിഎഫ് മുതിര്‍ന്ന നേതാവ് പീതാംബര കുറുപ്പിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിച്ച ബി.ബി.ഗോപകുമാര്‍ ബിജെപിക്കായി വീണ്ടും കളത്തിലുണ്ട്.

വട്ടിയൂര്‍ക്കാവ്

vv rajesh-kummanam
കുമ്മനം രാജശേഖരനൊപ്പം വി.വി.രാജേഷ് |ഫോട്ടോ:മാതൃഭൂമി

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്ന വട്ടിയൂര്‍ക്കാവ് കഴിഞ്ഞ തവണ കൂടെ പോരുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കുമ്മനം രാജശേഖരന്‍ മത്സരിച്ച മണ്ഡലത്തില്‍ കെ.മുരളീധരനാണ് വിജയിച്ചത്. 7622 വോട്ടിനാണ് മുരളീധരന്‍ ജയിച്ചത്. എന്നാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി മുരളീധരന്‍ നിയമസഭാ അംഗത്വം രാജിവെച്ചതോടെ മണ്ഡലത്തില്‍  ഉപതിരഞ്ഞെടുപ്പ് നടന്നു. 2016-ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം 14465 ന്റെ കനത്ത ഭൂരിപക്ഷത്തില്‍ വി.കെ.പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുത്തു. അതേ സമയം രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുമ്മനം രാജശേഖരന്‍ 43700 വോട്ട് നേടി രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ എസ്.സുരേഷിന് ഉപതിരഞ്ഞെടുപ്പില്‍ 27453 വോട്ടുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.മോഹന്‍കുമാര്‍ 40365 വോട്ടുകളോടെ രണ്ടാമതായി. ഒന്നാമതെത്തിയ മുന്‍ മേയര്‍ വി.കെ.പ്രശാന്ത് 54830 വോട്ടുകള്‍ സ്വന്തമാക്കി. 

ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ 2836 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തും ഇടതുമുന്നണി മൂന്നാമതുമായിരുന്നു എന്നതും കൗതകകരമാണ്. ലോകസഭയിലേക്ക് മത്സരിച്ച ശശി തരൂര്‍ മണ്ഡലത്തില്‍ നിന്ന് 53545 വോട്ട് നേടിയപ്പോള്‍ കുമ്മനം രാജശേഖരന്‍ 50709 വോട്ടുകള്‍ പിടിച്ചു. സിപിഐക്കായി മത്സരിച്ച സി.ദിവാകരന് വട്ടിയൂര്‍ക്കാവില്‍ നിന്ന് 29414 വോട്ടുകളേ ലഭിച്ചുള്ളൂ. അതേ സമയം അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നിണിക്കാണ് മണ്ഡലത്തില്‍ ലീഡ് ലഭിച്ചത്. ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാം സ്ഥാനത്തുമായി. 2484 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തിനുള്ളത്. മണ്ഡലം നിലനിര്‍ത്താന്‍ വി.കെ.പ്രശാന്തിനെ തന്നെ എല്‍ഡിഎഫ് നിയോഗിച്ചപ്പോള്‍ വീണ എസ്.നായരേയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. ബിജെപിക്കായി തിരുവനന്തപരും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തന്നെ അങ്കത്തിനുണ്ട്.

കഴക്കൂട്ടം

കുമ്മനം രാജശേഖരനൊപ്പം വി.വി.രാജേഷ് |ഫോട്ടോ:മാതൃഭൂമി
ശോഭാ സുരേന്ദ്രന്‍ |ഫോട്ടോ:മാതൃഭൂമി

ബിജെപിക്ക്‌ ഏറെ ആത്മവിശ്വാസമുള്ള മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ തവണ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ വി.മുരളീധരനും നിലവില്‍ സ്ഥനാര്‍ഥിയായി പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രനും ഈ സീറ്റിനായി ഏറെ വടംവലി നടത്തിയതാണ്. ഒടുവില്‍ ശോഭയ്ക്കാണ് നറുക്ക് വീണത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് 2016-ല്‍ കടകംപള്ളി സുരേന്ദ്രന്‍ പിടിച്ചെടുത്തതാണ്.  ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലംകൂടിയാണ് കഴക്കൂട്ടം. ദേവസ്വം മന്ത്രിയായ കടകംപള്ളി കഴിഞ്ഞ തവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കടകംപള്ളിക്ക് 50079 വോട്ട് ലഭിച്ചപ്പോള്‍ വി.മുരളീധരന് 42732 വോട്ടുകള്‍ ലഭിച്ചു. സിറ്റിങ് എംഎല്‍എ ആയിരുന്ന എം.എം.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. കടകംപള്ളി തന്നെയാണ് മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി രംഗത്തുള്ളത്. ഡോ.എസ്.എസ്.ലാലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1485 വോട്ടിന്റെ മേല്‍കൈ യുഡിഎഫിനുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയും എല്‍ഡിഎഫ് മൂന്നാമതുമായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 12490 വോട്ടിന്റെ ഭൂരിപക്ഷം കഴക്കൂട്ടത്ത് സൃഷ്ടിച്ചു. അപ്പോഴും ബിജെപി രണ്ടാം സ്ഥാനത്ത് തന്നെ തുടര്‍ന്നും. യുഡിഎഫ് മൂന്നാമതുമായി.