തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വി.എം സുധീരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദം. എഐസിസി നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ച പി.വി മോഹനും പി വിശ്വനാഥും സുധീരനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു.

നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും സുധീരനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ ദൗത്യവുമായാണ് എഐസിസി നിരീക്ഷകർ സുധീരനെ കണ്ടതെന്നാണ് സൂചന. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും മത്സരിക്കുന്ന കാര്യം ചര്‍ച്ചയായില്ലെന്നും സുധീരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. 

'കുറേനാളായി ബുദ്ധിമുട്ടിലായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തനായിട്ടില്ല. പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ തന്നെ ഇനി സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കരുത് എന്ന് പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചിരുന്നു. ആ നിലപാടില്‍ മാറ്റമില്ല. നേതൃത്വത്തിനും അക്കാര്യം അറിയാം. കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ സാഹചര്യമുണ്ട്. ജനസ്വീകാര്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തണം-സുധീരന്‍ പറഞ്ഞു.

Content Highlights: V M Sudheeran