കോഴിക്കോട്: നിയമസഭയിലേക്കുള്ള ആദ്യവരവില്‍ത്തന്നെ മന്ത്രിയാകുന്ന അഹമ്മദ് ദേവര്‍കോവിലിന് വിദ്യാര്‍ഥി ജീവിതകാലത്തെ അറസ്റ്റിന്റെ കഥയുണ്ട് പറയാന്‍. അടിയന്തരാവസ്ഥയ്‌ക്കെതിരേ സ്‌കൂള്‍ മാഗസിനില്‍ പ്രബന്ധമെഴുതിയതിന്റെ പേരില്‍ അറസ്റ്റിലായതിന്റെ ഓര്‍മയാണത്.

1977-ല്‍ കുറ്റ്യാടി ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോഴാണ് സംഭവം. സ്‌കൂള്‍ ലീഡറാണ് അന്ന്. അക്കൊല്ലം പരീക്ഷയെഴുതാനാവാതെ ജീവിതംതന്നെ മാറ്റിമറിച്ചു. എങ്കിലും അടിയുറച്ച രാഷ്ട്രീയബോധ്യങ്ങള്‍ മാറിയില്ല. പിന്നീട് തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ജയിച്ചത്. കോവിഡ് പ്രശ്‌നങ്ങളുടെയും മഴക്കെടുതിയുടെയും ഇടയില്‍ ഓടിനടക്കുന്നതിനിടയിലാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയത്. കോഴിക്കോട് ജവഹര്‍നഗറിലെ താജ് എന്ന വീട്ടില്‍ ഭാര്യ സാബിറയ്ക്കും മകന്‍ ഷഫി മോനിഷ് അഹമ്മദിനും മകള്‍ തന്‍സിഹ ഷെര്‍വിനുമൊപ്പമാണ് നിയുക്തമന്ത്രിയെ കണ്ടത്. മൂത്തമകള്‍ താജുന ഷര്‍വിന്‍ ഭര്‍ത്താവ് മുഹമ്മദ് കളത്തിലിനൊപ്പം ബെംഗളൂരുവിലാണ്. ഇളയമകള്‍ തന്‍സിഹ ഷെര്‍വിന്റെ വിവാഹം ഈ മേയ് 30-ന് തീരുമാനിച്ചതായിരുന്നു.

പ്രീഡിഗ്രിക്കുശേഷം ബി.കോം. പൂര്‍ത്തിയാക്കാതെയാണ് ജീവിതം കരുപ്പിടിപ്പിക്കാനായി മുംബൈയിലെത്തിയത്. ട്രാവല്‍ ഏജന്‍സി നടത്തിപ്പായിരുന്നു. സ്‌കൂള്‍ കാലത്ത് എം.എസ്.എഫില്‍ തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനം മുംബൈയിലും സജീവമായി. മുസ്ലിം ലീഗിലെ തിരുത്തല്‍പക്ഷത്തായിരുന്നു എന്നും സ്ഥാനം. അഖിലേന്ത്യാ ലീഗിന്റെ കാലത്ത് അതിനൊപ്പമായി. എം.എസ്.എഫ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ബോംബെ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ സെക്രട്ടറിയുമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍. രൂപവത്കരിച്ച കാലം മുതല്‍ സംഘടനയ്‌ക്കൊപ്പമുണ്ടായി. ഇപ്പോള്‍ ഐ.എന്‍.എല്‍. ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ഇടതുമുന്നണിക്കൊപ്പം നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചതിന് ഐ.എന്‍.എലിനു ലഭിച്ച അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ''പിണറായി വിജയന്റെ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. ജനങ്ങള്‍ക്കുപകാരമുള്ള കാര്യങ്ങള്‍ ഇനിയും തുടരും'' -നിയുക്തമന്ത്രിയുടെ വാക്കുകള്‍.