കോഴിക്കോട്: കോൺഗ്രസ് പാർട്ടിയോടുളള രാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കിയിട്ടുളള നടൻ ധർമ്മജൻ ബോൾഗാട്ടി തിരഞ്ഞെടുപ്പ് അങ്കത്തിന്. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നവയില്‍ ഒരു സീറ്റ്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.
മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും. അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമ്മജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്.
താൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ധർമ്മജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'എന്റെ പേര് വരാൻ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളിൽ പറഞ്ഞുകേൾക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാവും അത് തീർച്ചയാണ്.'- ധർമ്മജൻ പറയുന്നു.
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി.പി.എം. സ്ഥാനാർഥി പുരുഷൻ കടലുണ്ടി 15,000ത്തിലധികം വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധർമ്മജന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.