തിരുവനന്തപുരം: ഈ വിജയം നേരത്തെ പ്രതീക്ഷിച്ചതാണെന്നും വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങാതിരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്‍ഡിഎഫിന്റേത് ചരിത്ര വിജയമാണ്. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രചരണ ഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ അഭിമുഖീകരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പ്രീ പോളും പോസ്റ്റ് പോളും വരുന്നതിന് മുമ്പ് തന്നെ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.  ആ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടിപ്പിച്ച ആത്മവിശ്വാസത്തെ അന്വര്‍ത്ഥമാക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് ഉണ്ടായിട്ടുള്ളത്. 

സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഭരണ നിര്‍വഹണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വത്തിന് വികസനകാര്യത്തില്‍ ഇടതുപക്ഷത്തിനുള്ള ശരിയായ വികസന ബോധ്യത്തിന് ഇതിനെല്ലാം കേരള ജനത അംഗീകാരം നല്‍കിയിരിക്കുന്നു. 

വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട് കീഴടങ്ങില്ല എന്ന ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ജയം. ഏറ്റവും അഭിമാനകരമായ കാര്യമാണ് അത്. ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ ഭരണം  ഈ കോവിഡ് മഹാമാരിയുടെ മുന്നില്‍  എത്രത്തോളം പരാജയപ്പെട്ടു എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം കൂടിയാണ് ഇത്.

Content Highlight: A. vijayaraghavan ldf press meet