പാലക്കാട് : തലമുറമാറ്റമെന്ന കോണ്‍ഗ്രസിനകത്തെ പുതിയ ആവശ്യം പാലക്കാട്ടും ഉയരുമോ? അതോ, പഴയ പടക്കുതിരകളിലേക്ക് നേതൃത്വം കൈമാറപ്പെടുമോ. പാലക്കാട്ടെ രാഷ്ട്രീയവൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ് വി.കെ. ശ്രീകണ്ഠന്റെ ഡി.സി.സി. പ്രസിഡന്റ്സ്ഥാനത്തുനിന്നുള്ള രാജി. പ്രസിഡന്റായി അഞ്ചു വര്‍ഷം തികയാനിരിക്കെയാണ് നേതൃത്വത്തിന് രാജിക്കത്ത് കൈമാറുന്നത്.

മുന്‍ ഡി.സി.സി. പ്രസിഡന്റും ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ എ.വി. ഗോപിനാഥ്, തൃത്താലയില്‍ ഇത്തവണ പരാജയപ്പെട്ട വി.ടി. ബല്‍റാം എന്നിവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാകുമെന്നാണ് സൂചന. പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നതിനൊപ്പം എല്ലാ ഡി.സി.സി. പ്രസിഡന്റുമാരേയും മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

2016-ല്‍ വി.കെ. ശ്രീകണ്ഠന് നല്‍കിയ സ്വീകരണയോഗത്തില്‍ ജില്ലാ കോണ്‍ഗ്രസില്‍ തലമുറമാറ്റം താനടക്കമുള്ള യുവപ്രവര്‍ത്തകരുടെ ആവശ്യമായിരുന്നെന്ന വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തലാണ് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ചര്‍ച്ചയാവുന്നത്. ജില്ലാ കോണ്‍ഗ്രസില്‍ പഴയ പല പ്രവണതകള്‍ക്കും തടയിട്ടശേഷം ശ്രീകണ്ഠന്‍ പടിയിറങ്ങുമ്പോഴും ഉയരുന്ന ചോദ്യം ഇവിടെയും തലമുറമാറ്റം വരുമോയെന്നതു തന്നെയാണ്.

പാര്‍ട്ടിച്ചുമതല പരമാവധി അഞ്ചു വര്‍ഷത്തേക്കെന്ന് നിജപ്പെടുത്തി പ്രവര്‍ത്തനം വിലയിരുത്തിയാലേ പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനാവൂയെന്ന് വി.കെ. ശ്രീകണ്ഠന്‍ പറയുന്നു. പക്ഷേ, ഗ്രൂപ്പ് മാനേജര്‍മാരുടെയും അവരുടെ ശിഷ്യരുടെയും പിടിയില്‍തന്നെയാണ് പാര്‍ട്ടിയെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജില്ലയില്‍നിന്നുയര്‍ന്ന എതിര്‍ശബ്ദങ്ങള്‍.

പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നെന്ന് ക്ഷോഭിച്ച് പ്രതികരിച്ച മുന്‍ എം.എല്‍.എ. എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെ. സുധാകരനും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള സീനിയര്‍ നേതാക്കള്‍ തിരക്കിട്ട് പെരിങ്ങോട്ടുകുറിശ്ശിയിലെത്തിയിരുന്നു. നാലു പതിറ്റാണ്ടായി കോണ്‍ഗ്രസ് മാത്രം ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. ഇവിടെ പാര്‍ട്ടിക്കുണ്ടായേക്കാവുന്ന ക്ഷീണം സംസ്ഥാനതലത്തില്‍ ചര്‍ച്ചയാവുമെന്ന് തിരിച്ചറിഞ്ഞാണ് നേതാക്കള്‍ അനുനയശ്രമവുമായെത്തിയത്.

പാര്‍ട്ടി വെല്ലുവിളി നേരിടുമ്പോള്‍ ഗോപിനാഥിന്റെ നേതൃത്വം ഗുണകരമാവുമെന്ന് ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ട്. അതേസമയം, ഗോപിനാഥിനെ അടുപ്പിക്കാതിരിക്കാന്‍ നേരത്തെ മുതല്‍ പലരും ശ്രമിച്ചിരുന്നെന്ന ആരോപണവും സജീവമാണ്. താന്‍ തിരഞ്ഞെടുപ്പിനു മുമ്പേ നല്‍കിയ മുന്നറിയിപ്പുകളെല്ലാം ശരിയായിരുന്നെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് കഴിഞ്ഞ ദിവസം ഗോപിനാഥ് പ്രതികരിക്കുകയും ചെയ്തു.

ഗോപിനാഥിന്റെ പ്രതിഷേധമുയരുന്നതിനിടയിലാണ് മുതിര്‍ന്നനേതാവ് എ. രാമസ്വാമി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിവിട്ടത്. 2014-ല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സമിതി പാതിയിലേറെ ബൂത്ത് കമ്മിറ്റികള്‍ വെറും കടലാസ് കമ്മിറ്റികളാണെന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെങ്കിലും അത് വെളിച്ചം കണ്ടില്ല.

നിലവിലുള്ള കെ.പി.സി.സി. ഭാരവാഹികളുടേതുള്‍പ്പെടെ പേരുകള്‍ ജില്ലാപ്രസിഡന്റ് സ്ഥാനത്തേക്കെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്. സ്വന്തം ആള്‍ വരാനും എതിര്‍പക്ഷം വരാതിരിക്കാനും ഗ്രൂപ്പ് മാനേജര്‍മാരുടെ ചരടുവലി തുടങ്ങിയതായും പ്രവര്‍ത്തകര്‍ പറയുന്നു.