തിരുവനന്തപുരം: സംസ്ഥാനത്ത്‌ വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘർഷം. കോഴിക്കോട്‌ ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥിയും നടനുമായ ധർമജൻ ബോൾഗാട്ടിയെ ഉണ്ണികുളം പഞ്ചായത്തിൽ ശിവപുരം എ.യു.പി. സ്കൂൾ ബൂത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. നാദാപുരത്തെ യു.ഡി.എഫ്. സ്ഥാനാർഥി കെ. പ്രവീൺകുമാറിനെ ഇരിങ്ങണ്ണൂർ കച്ചേരി യു.പി.സ്കൂളിലെ അഞ്ചാം ബൂത്തിലും തടഞ്ഞു. പോളിങ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിയാൻ ബൂത്തിനുള്ളിലേക്കു കടക്കുമ്പോഴാണ് ഇരുവരെയും തടഞ്ഞത്.

കാട്ടായിക്കോണത്ത്‌ കൈയാങ്കളി

തിരുവനന്തപുരം കാട്ടായിക്കോണം ഗവ. യു.പി.എസിനുമുന്നിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ സി.പി.എം.- ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി. ബൂത്തിന് പുറത്ത് ഇരുന്ന ഔട്ട് ഏജന്റുമാർ തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്. മൂന്ന് ബി.ജെ.പി. പ്രവർത്തകർക്ക് പരിക്കേറ്റു. മർദിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി പ്രതിഷേധിച്ചു. വൈകീട്ട് മൂന്നിന് കാറിലെത്തിയവർ സി.പി.എം. പ്രവർത്തകനെ ആക്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. സി.പി.എം. കൗൺസിലർ രമേശൻ ഉൾപ്പെടെയുള്ളവർക്ക് പോലീസ് മർദനമേറ്റു. സ്ഥലത്തെത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പോലീസ് നടപടിയെ വിമർശിച്ചു.

പോളിങ്‌ ഏജന്റിനെയും പ്രിസൈഡിങ് ഓഫീസറെയും മർദിച്ചു

കാസർകോട് തൃക്കരിപ്പൂരിൽ യു.ഡി.എഫ്. പോളിങ് ഏജൻറിനെ മർദനമേറ്റ പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 127 നമ്പർ ബൂത്തിലെ പോളിങ് ഏജൻറും കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരിനാണ്‌ (43) മർദനമേറ്റത്.

പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസറെ എൽ.ഡി.എഫ്. പ്രവർത്തകർ മർദിച്ചതായി പരാതി. സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദനമേറ്റത്. തലശ്ശേരി പാറാൽ ഡി.ഐ.എ. കോളേജ് അധ്യാപകനാണ് മുഹമ്മദ് അഷ്‌റഫ്. റേഷൻകാർഡുമായി വോട്ടുചെയ്യാനെത്തിയ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കാതിരുന്നതാണ് മർദനത്തിന് കാരണമെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞു.

മുങ്ങിയ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു

വോട്ടെടുപ്പിനു നിയോഗിച്ച ഫസ്റ്റ് പോളിങ് ഓഫീസർ ബൂത്തിലെത്താതെ മുങ്ങി. റിട്ടേണിങ് ഓഫീസറുടെ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥനെ പോലീസ് വീട്ടിൽനിന്ന്‌ പിടികൂടി. തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോർജ് അലക്സാണ് ജോലിക്കെത്താതിരുന്നത്. തിങ്കളാഴ്ച പോളിങ് സാമഗ്രികൾ തലവടിയിലെ ബൂത്തിലെത്തിക്കുന്നതുവരെ ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. സന്ധ്യയോടെ കാണാഞ്ഞതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടുത്തുണ്ടെന്നു മറുപടിനൽകി.

രാത്രിവൈകിയും എത്താതായപ്പോൾ മറ്റുദ്യോഗസ്ഥർ പരാതി നൽകുകയായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെ ചൊവ്വാഴ്ച വീട്ടിൽ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ ബൂത്തിൽ പുതിയ ഓഫീസറെ നിയമിച്ചതിനാൽ വോട്ടിങ് തടസ്സപ്പെട്ടില്ല.