ദിസ്പുര്‍: പ്രണയ, ഭൂമി ജിഹാദുകളെ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിതി ഷാ. സ്ത്രീ ശാക്തീകരണത്തിനായി എല്ലാ കോളേജ് വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി സ്‌കൂട്ടികള്‍ നല്‍കുമെന്നും അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു.

ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രികയില്‍ പല കാര്യങ്ങളുമുണ്ട്. എന്നാല്‍ പ്രണയ, ഭൂമി ജിഹാദുകള്‍ക്കെതിരെ നിയമം കൊണ്ടുവരും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി അസമിനെ സംഘര്‍ഷരഹിത തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയതായും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് അസം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയിലമര്‍ന്നത്. സംസ്ഥാനത്ത് ഉടനീളം ബി.എഡ് കോളേജുകളും 2 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളും 8 ലക്ഷം സ്വകാര്യ സ്‌കൂളുകളും തുറക്കും. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിളും കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടിയും സൗജന്യമായി നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തിയിരുന്നു.

Content Highlights: Will Bring Laws To Stop Love, Land Jihad says Amit shah